ധര്‍മസ്ഥലയിലെ സ്ത്രീകളുടെ കൊലപാതകങ്ങളും കാണാതാവലുകളും; നീതി പുലരുമോ ?

Update: 2025-07-19 15:15 GMT

ര്‍ണാടകയിലെ ദക്ഷിണകന്നഡ ജില്ലയിലെ 800 വര്‍ഷം പഴക്കമുള്ള ധര്‍മസ്ഥല ക്ഷേത്രം ഇന്നൊരു വിവാദകേന്ദ്രമായി മാറിയിരിക്കുകയാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് 1990 മുതല്‍ 2014 വരെ പ്രവര്‍ത്തിച്ചിരുന്ന ഒരു ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലാണ് വലിയ തോതിലുള്ള വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. മനസാക്ഷിക്കുത്തു കൊണ്ടും കുറ്റബോധം കൊണ്ടുമാണ് പത്തുവര്‍ഷത്തെ ഒളിവ് ജീവിതത്തിന് ശേഷം അയാള്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാലത്ത് ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും നൂറില്‍ അധികം മൃതദേഹങ്ങള്‍ മറവ് ചെയ്യേണ്ടി വന്നുവെന്നാണ് അയാള്‍ വെളിപ്പെടുത്തിയത്. സ്‌കൂള്‍ ബാഗുള്ള പെണ്‍കുട്ടിയെ മറവ് ചെയ്തത് ഓര്‍ത്ത് താന്‍ ഉറങ്ങാറുണ്ടായിരുന്നില്ലെന്നും അയാള്‍ വെളിപ്പെടുത്തുകയുണ്ടായി. ബെല്‍ത്തങ്ങാടി കോടതിയില്‍ അയാള്‍ ജൂലൈ 11ന് മൊഴിയും നല്‍കി. പണ്ട് ഒരു മൃതദേഹം കുഴിച്ചിട്ട പ്രദേശത്ത് പോയി കുഴിച്ച് അസ്ഥികൂടവുമായാണ് അയാള്‍ കോടതിയില്‍ എത്തിയത്. തെളിവ് പോലിസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചു.


2012ല്‍ ബലാല്‍സംഗം ചെയ്തതിന് ശേഷം കൊന്ന സൗജന്യ എന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ ധര്‍മസ്ഥല പട്ടാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ യൂട്യൂബറായ സമീര്‍ എംഡി പ്രസിദ്ധീകരിച്ചിരുന്നു. ഒന്നരക്കോടിയോളം പേര്‍ കണ്ട വീഡിയോ പിന്‍വലിക്കാന്‍ 2025 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. സൗജന്യക്കേസുമായി ബന്ധപ്പെട്ട് മറ്റുമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളും വിവിധ കോടതി ഉത്തരവുകളാല്‍ പിന്‍വലിക്കപ്പെട്ടു.

ആരാണ് ഡോ. വീരേന്ദ്ര ഹെഗ്ഗഡ?

കുടുംബപരമായ അവകാശത്തിന്റെ ഭാഗമായി 1968 ഒക്ടോബറില്‍, പത്തൊമ്പതാം വയസിലാണ് വീരേന്ദ്ര ഹെഗ്ഗഡ ധര്‍മസ്ഥല ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായത്. 1993ല്‍ രാഷ്ടപതി ഡോ.ശങ്കര്‍ ദയാല്‍ ശര്‍മ രാജര്‍ഷി പുരസ്‌കാരം നല്‍കി. ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന 2000ല്‍ സാമൂഹിക പ്രവര്‍ത്തനത്തിനും സാമൂഹിക സൗഹാര്‍ദ്ദത്തിനും വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി. ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന 2009ല്‍ കര്‍ണാടക സര്‍ക്കാര്‍ കര്‍ണാടക രത്‌നം പുരസ്‌കാരം നല്‍കി. 2015ല്‍ മോദി സര്‍ക്കാരിന്റെ കാലത്ത് പത്മവിഭൂഷണും സമ്മാനിച്ചു. പ്രധാനമന്ത്രി 2017 ഒക്ടോബറില്‍ കര്‍ണാടകയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ നിരവധി തവണ വീരേന്ദ്ര ഹെഗ്ഗഡയുടെ പേര് പരാമര്‍ശിക്കുകയുണ്ടായി. 2022ല്‍ ബിജെപി അദ്ദേഹത്തെ രാജ്യസഭ അംഗമാക്കി.



ധര്‍മസ്ഥലമോ ?


ധര്‍മസ്ഥലയില്‍ പത്തുവര്‍ഷത്തിനുള്ളില്‍ ഏകദേശം 462 അസ്വാഭാവിക മരണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് 2021 നവംബറില്‍ മംഗളൂരുവിലെ നെഹറു മൈതാനത്ത് പ്രജാ പ്രഭുത്വ വേദിക നടത്തിയ പരിപാടിയില്‍ വെളിപ്പെട്ടത്. ഈ കേസുകളെല്ലാം സിബിഐ അന്വേഷിക്കണമെന്നാണ് സാമൂഹിക പ്രവര്‍ത്തകനായ മഹേഷ് ഷെട്ടി തിമാരോടി ആവശ്യപ്പെട്ടത്. സൗജന്യയുടെ കൊലപാതകം സുപ്രിംകോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1986 ല്‍ തന്റെ മകളെ ചിലര്‍ ബലാല്‍സംഗം ചെയ്തു കൊന്ന കാര്യം മലയാളിയായ സിപിഎം നേതാവ് എം കെ ദേവാനന്ദും അന്ന് പറഞ്ഞു.

സിപിഎം ബല്‍ത്തങ്ങാടി താലൂക്ക് കമ്മറ്റിയംഗമായിരുന്നു എം കെ ദേവാനന്ദ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏഴാം വാര്‍ഡ് മൊളിക്കാറില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് പതിനേഴുകാരിയായ മകള്‍ പത്മലതയെ കാണാതായത്. 58 ദിവസത്തിന് ശേഷം ഫെബ്രുവരി 17-ന് കുതിരായം പുഴയില്‍ കൈയും കാലും കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. കൈയില്‍ കെട്ടിയ വാച്ചും വസ്ത്രങ്ങളും കണ്ട് മൃതദേഹം പത്മലതയുടെതെന്ന് കുടുംബം തിരിച്ചറിഞ്ഞു. ശക്തമായ പ്രതിഷേധത്തിന് പിന്നാലെ കര്‍ണാടക സിഐഡി കേസ് ഏറ്റെടുത്ത് നടത്തിയെങ്കിലും നാളുകള്‍ക്ക് ശേഷം തെളിവില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ചു.


1979ല്‍ തന്റെ ഭാര്യ വേദവല്ലിയെ കത്തിച്ചുകൊന്ന ശക്തരായ പ്രതികളെ പോലിസ് പിടികൂടിയില്ലെന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഡോക്ടര്‍ ബുദ്ധപ്പ രേവണപ്പ ഹരാലെയും 2021ല്‍ പറഞ്ഞു. ഭാര്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പോലും തനിക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ടും നീതി തേടി വന്നിട്ടുണ്ട്. അക്കാലത്ത് ബെല്‍ത്തങ്ങാടി പോലിസില്‍ പരാതി നല്‍കിയിട്ടും അവര്‍ അന്വേഷിച്ചില്ലെന്ന് അമ്മയായ സുജാത ഭട്ട്(60) ദക്ഷിണ കന്നഡ എസ്പിക്ക് നല്‍കിയ പരാതി പറയുന്നു.

2003ലാണ് ധര്‍മസ്ഥലയിലെ വിവാദക്ഷേത്രത്തില്‍ അനന്യ ഭട്ടും മറ്റു രണ്ടു സുഹൃത്തുക്കളും എത്തിയിരുന്നത്. ക്ഷേത്ര വളപ്പില്‍ വച്ചാണ് അനന്യയെ കാണാതായത്. ബെല്‍ത്തങ്ങാടി പോലിസ് അന്ന് കേസ് അന്വേഷിക്കാന്‍ തയ്യാറായില്ല. മകള്‍ ആരുടെയെങ്കിലും കൂടെ പോയിക്കാണുമെന്നാണ് പോലിസ് പറഞ്ഞതെന്നും പരാതി സ്വീകരിച്ചില്ലെന്നും സുജാത ഭട്ട് പറയുന്നു.

അതിന് ശേഷം ധര്‍മസ്ഥല ക്ഷേത്രത്തിന്റെ ധര്‍മാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഗഡെയെ കണ്ടു പരാതി നല്‍കി. അന്ന് രാത്രി ക്ഷേത്രത്തിന് സമീപം ഇരിക്കുമ്പോള്‍ വെള്ള വസ്ത്രം ധരിച്ച ചിലര്‍ മകളെ കുറിച്ചുള്ള വിവരങ്ങള്‍ പറയാമെന്ന് പറഞ്ഞ് സുജാതയെ കൂട്ടിക്കൊണ്ടുപോയി. ക്ഷേത്രത്തിലെ ഒരു മുറിയില്‍ പൂട്ടിയിടുകയാണ് അവര്‍ ചെയ്തത്. തലയ്ക്ക് അടിയേറ്റ ശേഷം മൂന്നു മാസം കോമയില്‍ കഴിഞ്ഞ ശേഷമാണ് സുജാതയ്ക്ക് ബോധം തിരികെ കിട്ടിയത്.

2012ല്‍ കൊല്ലപ്പെട്ട സൗജന്യയുടെ കുടുംബവും നീതി നേടുന്നുണ്ട്. ധര്‍മസ്ഥല മഞ്ജുനാഥേശ്വര കോളജില്‍ പഠിച്ചിരുന്ന സൗജന്യ 2012 ഒക്ടോബര്‍ ഒമ്പതിന് വൈകീട്ട് 4 മണിക്കും 4.15നും ഇടയിലാണ് നേത്രാവതി നദിയുടെ തീരത്ത് ബസ് ഇറങ്ങിയത്. അടുത്ത ദിവസം രാവിലെയാണ് സൗജന്യയുടെ മൃതദേഹം പോലിസ് കണ്ടെത്തിയത്. വസ്ത്രങ്ങളെല്ലാം കീറിയും അടിവസ്ത്രം ഇല്ലാതെയുമായിരുന്നു മന്നസങ്കയിലെ ശ്രീ ധര്‍മസ്ഥല മഞ്ജു നാഥേശ്വര യോഗ ആന്‍ഡ് നാച്ചുറല്‍ ക്യുവര്‍ ആശുപത്രിക്ക് മുന്നിലെ കാട്ടില്‍ മൃതദേഹം കിടന്നിരുന്നത്. സംഭവത്തില്‍ മാനസിക രോഗിയായ ഒരാളെയാണ് പ്രതിയാക്കിയത്. ഡോ. വീരേന്ദ്ര ഹെഗ്ഗഡെയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മസ്ഥല മഞ്ജു നാഥേശ്വര ക്ഷേത്ര ട്രസ്റ്റ്രിലെ ജീവനക്കാരായ മാലിക് ജെയ്ന്‍, രവി പൂജാരി, ശിവപ്പ മലേകുഡിയ, ഗോപാല്‍കൃഷ്ണ ഗൗഡ എന്നിവരാണ് പ്രതിയായ സന്തോഷ് റാവുവിനെ ''പിടികൂടി'' നല്‍കിയത്. 2025 ജൂണ്‍ 16ന് അഡീഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതി സന്തോഷ് റാവുവിനെ വെറുതെവിട്ടു. ഇതില്‍ മൊഴി നല്‍കിയ മൂന്നില്‍ രണ്ടു പേരും 2013, 2014 കാലത്ത് മരിച്ചു. മൊഴി നല്‍കി ആറു മാസത്തിന് ശേഷമാണ് 2013 ഏപ്രില്‍ എട്ടിന് രവി പൂജാരി 'ആത്മഹത്യ' ചെയ്തത്. അതൊന്നും സിബിഐ അന്വേഷിച്ചില്ല. 2014ല്‍ മരിച്ച ഗോപാല്‍കൃഷ്ണ ഗൗഡയുടെ കുടുംബവുമായി സിബിഐ സംസാരിച്ചതു പോലുമില്ല. ആരാണ് എന്റെ മകളെ ബലാല്‍സംഗം ചെയ്ത് കൊന്നതെന്നു മാത്രമാണ് കുസുമവതി ചോദിക്കുന്നത്.

1970 മുതല്‍ പ്രദേശത്ത് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി സിപിഐയുടെ രാജ്യസഭാ എംപി പി സന്തോഷ് കുമാര്‍ പറയുന്നുണ്ട്. വേദവല്ലി, പത്മലത, അനന്യ ഭട്ട് കേസുകള്‍ക്ക് പുറമെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് സമീപം താമസിച്ചിരുന്ന നാരായണന്‍, യമുന എന്നിവര്‍ 2012ല്‍ കൊല്ലപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവരുടെ ഭൂമിയില്‍ ചിലര്‍ക്ക് നോട്ടമുണ്ടായിരുന്നു. അവരുടെ മരണശേഷം ആ ഭൂമിയില്‍ വലിയ കെട്ടിടം ഉയര്‍ന്നു. പുതുവെട്ടു, കല്ലേരി, ബോളിയാര്‍, അന്നപ്പ, ഗോമതി ഹില്‍സ് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നുണ്ടെന്നും എംപി പറയുന്നു.

ധര്‍മസ്ഥലയും കേരളവും

ധര്‍മസ്ഥലയിലെ കൊലപാതകങ്ങളില്‍ കേരളാ പോലിസും അന്വേഷണം നടത്തണമെന്നാണ് സുപ്രിംകോടതി അഭിഭാഷകനായ മഞ്ജു നാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സര്‍ക്കാര്‍ എത്രയും വേഗം നിയമസഭയില്‍ പ്രമേയം പാസാക്കണമെന്നും സുപ്രിംകോടതിയെ സമീപിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. കേരള പോലിസിന് ഇതിനകം വിവരങ്ങള്‍ കിട്ടിക്കാണുമെന്നും അല്ലെങ്കില്‍ ഉടന്‍ കിട്ടുമെന്നുമാണ് അദ്ദേഹം പറയുന്നത്. കേസുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങളുള്ള മഞ്ജുനാഥ് അങ്ങനെ പറയണമെങ്കില്‍ എന്തായിരിക്കും കേരളവും കേസുമായുള്ള ബന്ധം ?

കേരളത്തില്‍ നിന്നും കാണാതായെന്ന് പറയപ്പെടുന്ന ചില മതവിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ചിലരുടെ അനുമാനം. എന്നാല്‍, അത് വ്യക്തമായി പറയാനുള്ള തെളിവുകള്‍ നിലവില്‍ ഇല്ല. പക്ഷേ, ധര്‍മസ്ഥലയില്‍ അതീവഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടന്നിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായി ബന്ധപ്പെട്ട അതിശക്തരായ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ആരോപണവിധേയരായതിനാല്‍ ശക്തമായ അന്വേഷണം വേണമെന്നാണ് ആവശ്യം.

ദക്ഷിണ കന്നഡയും 'ലവ് ജിഹാദ്' ആരോപണവും

ദക്ഷിണ കന്നഡയില്‍ സ്ത്രീകളുടെ കാണാതാവലും കൊലപാതകങ്ങളും ഒറ്റപ്പെട്ട സംഭവമല്ല. 2009 ജൂണ്‍ 17നാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളിലെ ബരിമാര്‍ ഗ്രാമത്തിലെ ബീഡിത്തൊഴിലാളിയായ അനിത മൂല്യ എന്ന 22 കാരിയെ കാണാതായത്. വീട്ടുകാരും നാട്ടുകാരും ഗ്രാമവും പരിസരവും അരിച്ചുപറുക്കി. പക്ഷേ, അനിതയെ കണ്ടെത്താനായില്ല. അനിത 'ലവ് ജിഹാദിന്' ഇരയായെന്നാണ് നാട്ടിലെ ചിലര്‍ പറഞ്ഞത്. പോലിസില്‍ പരാതി നല്‍കിയെങ്കിലും അവരും അനിത 'ലവ് ജിഹാദിന്' ഇരയായെന്നാണ് പറഞ്ഞത്. ഇതോടെ സമുദായ സംഘടനയും 'ലവ് ജിഹാദില്‍' താല്‍പര്യമുള്ള ഹിന്ദുത്വ സംഘടനകളുടെ സംസ്ഥാനത്തെ നേതാക്കളെല്ലാം ഗ്രാമത്തില്‍ എത്തി. അനിതയെ ലവ് ജിഹാദിന് ഇരയാക്കിയവരെ കണ്ടെത്തിയില്ലെങ്കില്‍ പോലിസ് സ്റ്റേഷന്‍ കത്തിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.

എന്നാല്‍, മറ്റേതെങ്കിലും സമുദായത്തിലുള്ളവരുമായി അനിതക്ക് ബന്ധമില്ലെന്നാണ് അനിതയുടെ പിതാവ് ദുഗപ്പ മൂല്യ പറഞ്ഞത്. മറ്റേതെങ്കിലും സമുദായത്തില്‍ നിന്നുള്ളവരുമായി അനിത മിണ്ടുന്നത് പോലും ആരും കണ്ടിരുന്നില്ല. കുടുംബത്തോട് വായപൂട്ടി ഇരിക്കാനാണ് പോലിസ് നിര്‍ദേശം നല്‍കിയത്.

അനിതയെ കണ്ടെത്താന്‍ എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പക്ഷേ, ജൂണ്‍ പതിനെട്ടിന് 160 കിലോമീറ്റര്‍ അകലെ ഹസന്‍ ബസ്റ്റാന്‍ഡിലെ ടോയ്ലറ്റില്‍ അനിത മരിച്ചു കിടന്നിരുന്നു. വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. ഇതിനെ ഹസന്‍ പോലിസ് അജ്ഞാത മൃതദേഹമെന്ന പേരില്‍ മറവ് ചെയ്തു. എന്നാല്‍, ബണ്ട്വാള്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് 2009 ഒക്ടോബര്‍ 21ന് അനിതയെ കാണാതായ കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നഡയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്ന മോഹന്‍കുമാറായിരുന്നു പ്രതി. 2004 മുതല്‍ 2009 വരെ അനിതയടക്കം ഏറ്റവും ചുരുങ്ങിയത് 19 സ്ത്രീകളെ താന്‍ സയനൈഡ് കൊടുത്തു കൊന്നു എന്നും ഇയാള്‍ പോലിസിന് മൊഴി നല്‍കി. അങ്ങനെയാണ് മോഹന്‍കുമാര്‍ സയനൈഡ് മോഹനായി അറിയപ്പെട്ടത്.

2005ല്‍ വാമപടവില്‍ നിന്നും കാണാതായ ലീലാവതി മിസ്രി നക്സലൈറ്റായി ഒളിവില്‍ പോയെന്നാണ് പോലിസ് പറഞ്ഞിരുന്നത്. ഇവരുടെ തലയ്ക്ക് പോലിസ് വിലയിടുകയും ചെയ്തു. പക്ഷേ, അവരെ മോഹന്‍ സയനൈഡ് നല്‍കി കൊന്നിരുന്നു. മൈസൂരിലെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്നാണ് അവരുടെ മൃതദേഹം കിട്ടിയിരുന്നത്. അതും പോലിസ് കുഴിച്ചു മൂടുകയായിരുന്നു.

ദക്ഷിണകന്നഡയില്‍ നിന്ന് കാണാതായ 13 സ്ത്രീകളും മറ്റു ജില്ലകളില്‍ നിന്ന് കാണാതായ ഏഴു സ്ത്രീകളും 'ലവ് ജിഹാദിന്റെ' ഇരകളാണെന്നാണ് ഹിന്ദുത്വര്‍ പ്രചാരണം നടത്തിയിരുന്നത്. മുസ്ലിംകള്‍ ഹിന്ദുസ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റി ഒളിവില്‍ പാര്‍പ്പിക്കുന്നു എന്നായിരുന്നു ആരോപണം.പക്ഷേ, അവരെയെല്ലാം സയനൈഡ് മോഹന്‍ കൊന്നിരുന്നു.ഇവയെല്ലാം മൂലം ദക്ഷിണകന്നഡയിലെ സ്ത്രീകളുടെ കാണാതാവലുകളും കൊലപാതകങ്ങളും തെളിയേണ്ടതിന്റെ സാമൂഹിക പ്രാധാന്യം വീണ്ടും വര്‍ധിക്കുകയാണ്.