ഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?

Update: 2025-06-14 12:02 GMT
ഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?

ഡല്‍ഹി ഹൈക്കോടതിയുടെ 5ാം ഗേറ്റിനോട് ചേര്‍ന്ന്, പാര്‍ക്കിങ് സ്ഥലത്തിനടുത്തുള്ള ഒരു ചെറിയ ഗേറ്റ് പെട്ടെന്ന് കാണാന്‍ കഴിയാത്ത ഒരു നടുമുറ്റത്തേക്കാണ് തുറക്കുന്നത്. ഒരു തകര ഷെഡിന് കീഴില്‍, ഒരു പരവതാനി നിലത്ത് കിടക്കുന്നു. അവിടെ ഏതാനും അഭിഭാഷകരും കോടതി ജീവനക്കാരും നമസ്‌കരിക്കുന്നതിനായി അംഗശുദ്ധി വരുത്തുന്നുണ്ട്. മണല്‍ക്കല്ലില്‍ തീര്‍ത്ത മസ്ജിദിന്റെ അതിര്‍ത്തി ഭിത്തി വര്‍ഷങ്ങളായുള്ള അവഗണനയുടെയും കേടുപാടുകളുടെയും ഫലമായി തകര്‍ന്നുവീഴാറായിരിക്കുകയാണ്.

ഡല്‍ഹിയിലെ സൂരി കാലഘട്ടത്തിലെ അവശേഷിക്കുന്ന ചുരുക്കം ചില നിര്‍മിതികളില്‍ ഒന്നാണ് ഷേര്‍ഷാ സൂരി മെസ് മസ്ജിദ്. പതിനാറാം നൂറ്റാണ്ടില്‍ ഷേര്‍ഷാ സൂരിയുടെ ഹ്രസ്വ ഭരണകാലത്ത് നിര്‍മിച്ച ഇത് പൊതു സംസാരത്തില്‍ വീണ്ടും ഉയര്‍ന്നുവന്നത്, വഖ്ഫ് നിയമ ഭേദഗതികളെക്കുറിച്ചുള്ള വാദം കേള്‍ക്കുമ്പോള്‍, അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അതിനെ കുറിച്ച് പരാമര്‍ശിച്ചപ്പോഴാണ്. ഏപ്രില്‍ 16ന്, കേസ് കേള്‍ക്കുമ്പോള്‍, 14 വര്‍ഷം ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച ഖന്ന പറഞ്ഞു, 'ഞങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ആയിരുന്നപ്പോള്‍, ഹൈക്കോടതി തന്നെ വഖ്ഫ് ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ചിലര്‍ വാദിച്ചിരുന്നു.''-' 'ഉപയോഗം വഴി വഖ്ഫ്' എന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഇപ്പോള്‍ ജീര്‍ണാവസ്ഥയിലായതിനാല്‍, മസ്ജിദ് അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. എന്നിട്ടും ഇത് കുറഞ്ഞത് രണ്ടു ഹരജികള്‍ക്കെങ്കിലും വിഷയമായിട്ടുണ്ട്. അതിലൊന്ന്, ഇത് പൊളിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. 2013ല്‍, ഒരു കൂട്ടം അഭിഭാഷകര്‍ അവിടെ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കി. അത് കോടതി അംഗീകരിച്ചു.

മസ്ജിദിന് അടിയന്തര അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്നും എന്നാല്‍ സൂക്ഷ്മപരിശോധന ഒഴിവാക്കാന്‍ അവര്‍ ഒന്നും ചെയ്യാതിരിക്കുകയാണെന്നും മസ്ജിദ് മാനേജിങ് കമ്മിറ്റി അംഗം അഡ്വ. മൊബീന്‍ അക്തര്‍ പറഞ്ഞു. ''ആര്, എപ്പോള്‍ വന്ന് മസ്ജിദ് പൊളിക്കാന്‍ ശ്രമിക്കുമെന്ന് നിങ്ങള്‍ക്കറിയില്ല,''- അദ്ദേഹം പറഞ്ഞു.

കോടതി പരിസരത്ത് മതപരമായ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ലെന്ന് വാദിച്ച് പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ അജയ് ഗൗതം എന്നയാള്‍ ഹരജി സമര്‍പ്പിച്ചു. പുറത്തുനിന്നുള്ളവര്‍ പ്രാര്‍ഥിക്കാന്‍ കോടതി സമുച്ചയത്തിലേക്ക് പ്രവേശിക്കുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം വാദിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതിനെ സംരക്ഷിത സ്മാരകമായി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

എന്നാല്‍, 1969ലെ ഡല്‍ഹി ഗസറ്റ് വിജ്ഞാപനമനുസരിച്ച് ഈ ഭൂമി വഖ്ഫ് ബോര്‍ഡിന്റേതാണെന്ന്, വാദം കേള്‍ക്കുന്നതിനിടെ നഗരവികസന മന്ത്രാലയവും ഭൂവികസന ഓഫിസും കോടതിയെ അറിയിച്ചു. പിന്നീട് ഗൗതം തന്റെ ഹരജി പിന്‍വലിച്ചു.

ഇന്ന്, മസ്ജിദ് ഔദ്യോഗികമായി ഡല്‍ഹി വഖ്ഫ് ബോര്‍ഡിന്റെ കീഴില്‍ വഖ്ഫ് സ്വത്തായി പട്ടികപ്പെടുത്തിയിട്ടുണ്ട്. 1995ലെ വഖ്ഫ് നിയമമനുസരിച്ച്, മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി ഒരു മുസ്‌ലിം ജംഗമമോ സ്ഥാവരമോ ആയ സ്വത്ത് സ്ഥിരമായി സമര്‍പ്പിക്കുന്നതിനെയാണ് വഖ്ഫ് എന്ന് പറയുന്നത്. ഇതില്‍ 'ഉപയോഗം അനുസരിച്ച് വഖ്ഫ്' എന്ന നിബന്ധനയും ഉള്‍പ്പെടുന്നു. രേഖകള്‍ ഇല്ലെങ്കില്‍ പോലും പള്ളികള്‍, ദര്‍ഗകള്‍, ഇമാംബാരകള്‍, ശ്മശാനങ്ങള്‍, ഈദ്ഗാഹുകള്‍ തുടങ്ങിയ സ്വത്തുക്കള്‍ കാലാകാലങ്ങളില്‍ മതപരമായ ഉപയോഗത്തിലുണ്ട്. 1995ലെ നിയമത്തിലെ സെക്ഷന്‍ 3(ആര്‍) അത്തരം ഉപയോഗത്തെ നിയമപരമായ വഖ്ഫ് ആയി അംഗീകരിക്കുന്നു.

വഖഫ് ഭൂമിയില്‍ പള്ളിയുടെ സാന്നിധ്യത്തിന് നിയമപരവും മതപരവുമായ പ്രാധാന്യമുണ്ടെന്ന് സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും പഞ്ചാബ് വഖ്ഫ് ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്ററുമായ ഖൈസര്‍ ഷമീം പറഞ്ഞു. 'വഖ്ഫ് ഭൂമിയില്‍ പള്ളിയുണ്ടെങ്കില്‍ അത് മറ്റൊന്നാക്കി മാറ്റാന്‍ കഴിയില്ല. ഹൈക്കോടതി പൊളിക്കണമെന്നല്ല, മറിച്ച് അവിടെ പള്ളിയും തുടരുമെന്നാണ്. സര്‍ക്കാര്‍ ഓഫിസ് സമുച്ചയങ്ങള്‍ക്കുള്ളില്‍ അവയ്ക്ക് മുമ്പുള്ള നിരവധി മതപരമായ കെട്ടിടങ്ങളുണ്ട്. അതെല്ലാം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്‌നം.''- അദ്ദേഹം പറഞ്ഞു.

അഡ്വ. മൊബീന്‍ അക്തര്‍ പള്ളിയുടെ ചരിത്രനാമം വിശദീകരിച്ചു. ഷെര്‍ഷാ സൂരിയുടെ രാജകീയ പാചകക്കാര്‍ പാചകം ചെയ്യാന്‍ തുടങ്ങുന്നതിനുമുമ്പ് ഇവിടെ പ്രാര്‍ഥന നടത്തുമെന്നതിനാലാണ് ഇതിനെ 'മെസ് മോസ്‌ക്' എന്ന് വിളിക്കുന്നത്.'-അദ്ദേഹം പറഞ്ഞു.

2015ലെ വാദം കേള്‍ക്കുന്നതിനിടെ, പള്ളിയെക്കുറിച്ച് പരാമര്‍ശിക്കുന്ന 1969ലെ ഗസറ്റ് വിജ്ഞാപനം കോടതിയില്‍ സമര്‍പ്പിച്ചു. 1970 ഏപ്രില്‍ 16ലെ ഒരു വിജ്ഞാപനത്തില്‍ ഏകദേശം 1,167 വഖ്ഫ് സ്വത്തുക്കള്‍ ലിസ്റ്റ് ചെയ്തു. ഈ പള്ളി കോടതി പരിസരത്തുള്ള ഒരേയൊരു പള്ളിയാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു. 'ഹൈക്കോടതിയുടെ രൂപരേഖ സമര്‍പ്പിക്കാന്‍ കോടതി ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫിസിനോട് ആവശ്യപ്പെട്ടു. സ്ഥലം വഖ്ഫ് ആയതിനാല്‍ പദ്ധതിയില്‍ പള്ളി പരിസരം വ്യക്തമായി ഒഴിവാക്കിയിട്ടുണ്ട്.'-അക്തര്‍ പറഞ്ഞു.

'പഹലേ കോര്‍ട്ട് ആയാ ഥാ കി 400 സാല്‍ പുരാനീ മസ്ജിദ്?' (കോടതിയാണോ ആദ്യം വന്നത് അതോ 400 വര്‍ഷം പഴക്കമുള്ള മസ്ജിദാണോ?) അദ്ദേഹം ചോദിച്ചു. 'പള്ളി ഡല്‍ഹി ഹൈക്കോടതി വളപ്പിലല്ല. വാസ്തവത്തില്‍, ഡല്‍ഹി ഹൈക്കോടതി പള്ളിക്ക് ചുറ്റുമാണ് സ്ഥിതി ചെയ്യുന്നത്.'-അദ്ദേഹം വ്യക്തമാക്കി.

'പുറത്തുനിന്നുള്ളവര്‍ കാരണം പള്ളിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന ഹരജിക്കാരന്റെ വാദം അടിസ്ഥാനരഹിതമാണ്. ഇത് സെന്‍ട്രല്‍ ഡല്‍ഹിയാണ്. സമീപത്ത് വീടുകളില്ല. കോടതികളും സര്‍ക്കാര്‍ ഓഫിസുകളും മാത്രം. ഇവിടെ നമസ്‌കരിക്കുന്ന എല്ലാവരും അഭിഭാഷകരോ കോടതി ജീവനക്കാരോ വ്യവഹാരക്കാരോ ആണ്. എല്ലാവരും സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകുന്നു. ഈ പള്ളിക്ക് മുകളില്‍ ഒരു മേല്‍ക്കൂര പോലുമില്ല. ഇതിന് അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി ഹൈക്കോടതി വഖ്ഫ് ഭൂമിയിലാണെന്ന സിദ്ധാന്തത്തില്‍, ഖൈസര്‍ ഷമീം ചരിത്രപരമായ സന്ദര്‍ഭം വിവരിച്ചു. '1911ലെ ഡല്‍ഹി ദര്‍ബാറിന് ശേഷം ബ്രിട്ടിഷുകാര്‍ തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റി. 1912നും 1914നും ഇടയില്‍ ഇപ്പോള്‍ ലൂട്ടന്‍'സ് എന്നറിയപ്പെടുന്ന പ്രദേശം നിര്‍മിക്കാന്‍ ഭൂമി ഏറ്റെടുത്തു. ഇതില്‍ മുസ്‌ലിം പള്ളികളും ദര്‍ഗകളും ക്ഷേത്രങ്ങളും മറ്റ് ഘടനകളുമുള്ള നിരവധി ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്നു. രാഷ്ട്രപതിഭവന്‍ നിലനില്‍ക്കുന്ന ഭൂമി പോലും റെയ്‌സിന ഗ്രാമത്തിന്റേതായിരുന്നു. വഖ്ഫ് ഭൂമിയില്‍ ഹൈക്കോടതിയുള്ളതില്‍ അതിശയിക്കാനില്ല.'-അദ്ദേഹം പറഞ്ഞു.ഡല്‍ഹി ഹൈക്കോടതി വളപ്പിലുള്ള പള്ളിയെക്കുറിച്ച് 1969 ഡിസംബര്‍ 10ന് ഡല്‍ഹി ഗസറ്റ് വിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

2015 മാര്‍ച്ചില്‍, ജസ്റ്റിസുമാരായ പ്രദീപ് നന്ദരാജോഗ്, പ്രതിഭ റാണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്, ഡല്‍ഹി ഹൈക്കോടതിയുടെ പ്രധാന കെട്ടിടത്തിന്റെ നിര്‍മാണത്തിനായി ഭൂമി അനുവദിച്ചുകൊണ്ടുള്ള കത്തുകളും ഉത്തരവുകളും അടങ്ങിയ 'പ്രസക്തമായ രേഖകള്‍' ഹാജരാക്കാന്‍ നിര്‍ദേശിച്ചു. അതില്‍ 'ഡല്‍ഹി ഹൈക്കോടതിയുടെ പ്രധാന കെട്ടിടം നിര്‍മിക്കുമ്പോള്‍ ആദ്യം വിഭാവനം ചെയ്ത ലേഔട്ട് പ്ലാന്‍' ഉള്‍പ്പെടുന്നു.

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം പരിപാലിക്കുന്ന ഭൂപടങ്ങള്‍ ഉള്‍പ്പെടെയുള്ള ലേഔട്ട് പ്ലാന്‍ കോടതിയില്‍ കാണിച്ചതായി അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സലായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ അനില്‍ സോണി പറയുന്നു. 1969 ഡിസംബര്‍ 10ന് വഖ്ഫ് നിയമപ്രകാരം പുറപ്പെടുവിച്ച ഡല്‍ഹി ഗസറ്റ് വിജ്ഞാപനവും കോടതിയില്‍ സമര്‍പ്പിച്ചു.

1970 ഏപ്രില്‍ 16ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ഡല്‍ഹി ഗസറ്റ് വിജ്ഞാപനത്തില്‍, കോടതി വളപ്പിലെ ഏക ഡല്‍ഹി വഖ്ഫ് ബോര്‍ഡ് സ്വത്തായി പള്ളിയെ പരാമര്‍ശിക്കുന്നു. വിജ്ഞാപനത്തില്‍ ഏകദേശം 1,167 വഖഫ് സ്വത്തുക്കളാണുള്ളത്. അവയില്‍ ഭൂരിഭാഗവും 'ഉപയോഗത്തിലൂടെ വഖ്ഫ്' എന്ന പട്ടികയില്‍ ഉള്ളവയുമാണ്.

ഡല്‍ഹി ഗസറ്റ് വിജ്ഞാപനത്തില്‍ ഡല്‍ഹി ഹൈക്കോടതി വളപ്പിലെ ഷേര്‍ഷാ സൂരി കാലഘട്ടത്തിലെ പള്ളിയെ 'വഖ്ഫ് ബോര്‍ഡ് സ്വത്ത്' ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഗസറ്റ് വിജ്ഞാപനത്തില്‍ 'ഷേര്‍ഷാ റോഡിലെ ഷേര്‍ഷാ മെസ്സിലെ ഒരു പള്ളി' എന്ന് പരാമര്‍ശിച്ചിരിക്കുന്ന പട്ടികയില്‍ 'വഖ്ഫ് സൃഷ്ടിച്ച തിയ്യതി' എന്ന കോളത്തിന് കീഴില്‍ '400 വര്‍ഷത്തിലേറെ പഴക്കമുള്ളത്' എന്ന് പറയുന്നു. ഘടനയുടെ ഉപയോഗ സ്വഭാവത്തെക്കുറിച്ചുള്ള കോളത്തില്‍ 'ആരാധന' പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും, 'ഡല്‍ഹി വഖ്ഫ് ബോര്‍ഡിനെ' അതിന്റെ 'മുതവല്ലി (കെയര്‍ടേക്കര്‍)' എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. കൂടാതെ സ്വത്ത് 'ഉപയോഗത്തിലൂടെ വഖ്ഫ്' എന്നും അക്കാലത്ത് അതിന്റെ മൂല്യം '10,000 രൂപ' എന്നും ആയിരുന്നു.

ഡല്‍ഹി ഹൈക്കോടതി വഖ്ഫ് ഭൂമിയിലാണോ നിര്‍മിച്ചതെന്ന് ചോദ്യത്തിന്, ഡല്‍ഹി വഖ്ഫ് ബോര്‍ഡ് സിഇഒ അസീമുല്‍ ഹഖിന്റെ മറുപടി, 'വിജ്ഞാപനം അനുസരിച്ച്, അത് പള്ളി മാത്രമാണ്' എന്നാണ്.

ഷേര്‍ ഷാ റോഡിന് സമീപം ഡല്‍ഹി ഹൈക്കോടതിക്കായി ഭൂമി അനുവദിച്ചപ്പോള്‍, വഖ്ഫ് സ്വത്തായ 0.12 ഏക്കര്‍ വിസ്തൃതിയുള്ള പള്ളി പ്രദേശം ഒഴിവാക്കിയതായി 2015ല്‍ കോടതിയെ അറിയിച്ചു.

2015ലെ കേസില്‍ കേന്ദ്രത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സലായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അനില്‍ സോണി പറഞ്ഞു': പള്ളിയില്‍ നിര്‍മാണം 2013 ഡിസംബറിലാണ് ആരംഭിച്ചത്. പള്ളിയുടെ അതിര്‍ത്തി വികസിപ്പിക്കാനും ചുറ്റും മിനാരങ്ങള്‍ നിര്‍മിക്കാനും പദ്ധതിയുണ്ടായിരുന്നു. പുറത്തുനിന്നുള്ളവര്‍ ഹൈക്കോടതി വളപ്പിനുള്ളില്‍ പ്രാര്‍ഥനയ്ക്കായി വരുന്നതിലും എതിര്‍പ്പുണ്ടായിരുന്നു. അന്നത്തെ ഹൈക്കോടതിയുടെ ഭരണസമിതി ഇടപെട്ട് വിഷയം വഷളാക്കരുതെന്ന് തീരുമാനിച്ചു. ഒടുവില്‍ പള്ളി വഖ്ഫ് ഭൂമിയിലാണെന്ന് മനസ്സിലായി. വഖ്ഫ് ഭൂമിക്ക് നിര്‍ദേശങ്ങള്‍ നല്‍കാനോ നിയന്ത്രിക്കാനോ കഴിയില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.'

1966ല്‍ ഡല്‍ഹി ഹൈക്കോടതി നിയമപ്രകാരം സ്ഥാപിതമായ കോടതിയുടെ പ്രധാന കെട്ടിടം 1976 സെപ്റ്റംബര്‍ 25ന് അന്നത്തെ പ്രസിഡന്റ് ഫക്രുദ്ദീന്‍ അലി അഹമ്മദാണ് ഉദ്ഘാടനം ചെയ്തിരുന്നത്.

Similar News