2009 ജൂണ്‍ 17നാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളിലെ ബരിമാര്‍ ഗ്രാമത്തിലെ ബീഡിത്തൊഴിലാളിയായ അനിത മൂല്യ എന്ന 22 കാരിയെ കാണാതായത്. വീട്ടുകാരും നാട്ടുകാരും ഗ്രാമവും പരിസരവും അരിച്ചുപറുക്കി. പക്ഷേ, അനിതയെ കണ്ടെത്താനായില്ല. അനിത 'ലവ് ജിഹാദിന്' ഇരയായെന്നാണ് നാട്ടിലെ ചിലര്‍ പറഞ്ഞത്. പോലിസില്‍ പരാതി നല്‍കിയെങ്കിലും അവരും അനിത 'ലവ് ജിഹാദിന്' ഇരയായെന്നാണ് പറഞ്ഞത്. ഇതോടെ സമുദായ സംഘടനയും 'ലവ് ജിഹാദില്‍' താല്‍പര്യമുള്ള ഹിന്ദുത്വ സംഘടനകളുടെ സംസ്ഥാനത്തെ നേതാക്കളെല്ലാം ഗ്രാമത്തില്‍ എത്തി. അനിതയെ ലവ് ജിഹാദിന് ഇരയാക്കിയവരെ കണ്ടെത്തിയില്ലെങ്കില്‍ പോലിസ് സ്‌റ്റേഷന്‍ കത്തിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.
എന്നാല്‍, മറ്റേതെങ്കിലും സമുദായത്തിലുള്ളവരുമായി അനിതക്ക് ബന്ധമില്ലെന്നാണ് അനിതയുടെ പിതാവ് ദുഗപ്പ മൂല്യ പറഞ്ഞത്. മറ്റേതെങ്കിലും സമുദായത്തില്‍ നിന്നുള്ളവരുമായി അനിത മിണ്ടുന്നത് പോലും ആരും കണ്ടിരുന്നില്ല. കുടുംബത്തോട് വായപൂട്ടി ഇരിക്കാനാണ് പോലിസ് നിര്‍ദേശം നല്‍കിയത്.
അനിതയെ കണ്ടെത്താന്‍ എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പക്ഷേ, ജൂണ്‍ പതിനെട്ടിന് 160 കിലോമീറ്റര്‍ അകലെ ഹസന്‍ ബസ്റ്റാന്‍ഡിലെ ടോയ്‌ലറ്റില്‍ അനിത മരിച്ചു കിടന്നിരുന്നു. വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. ഇതിനെ ഹസന്‍ പോലിസ് അജ്ഞാത മൃതദേഹമെന്ന പേരില്‍ മറവ് ചെയ്തു. എന്നാല്‍, ബണ്ട്വാള്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് 2009 ഒക്ടോബര്‍ 21ന് അനിതയെ കാണാതായ കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നഡയിലെ െ്രെപമറി സ്‌കൂള്‍ അധ്യാപകനായിരുന്ന മോഹന്‍കുമാറായിരുന്നു പ്രതി. 2004 മുതല്‍ 2009 വരെ അനിതയടക്കം ഏറ്റവും ചുരുങ്ങിയത് 19 സ്ത്രീകളെ താന്‍ സയനൈഡ് കൊടുത്തു കൊന്നു എന്നും ഇയാള്‍ പോലിസിന് മൊഴി നല്‍കി. അങ്ങനെയാണ് മോഹന്‍കുമാര്‍ സയനൈഡ് മോഹനായി അറിയപ്പെട്ടത്.
ബസ്റ്റാന്‍ഡിലും മറ്റു പൊതുസ്ഥലങ്ങളിലും കാണുന്ന വിവാഹ പ്രായം കഴിഞ്ഞ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും വിവാഹം കഴിക്കാമെന്ന പേരില്‍ വിദൂരമായ പ്രദേശങ്ങളില്‍ കൊണ്ടുപോവുകയുമാണ് മോഹന്‍ കുമാര്‍ ചെയ്തിരുന്നത്. ലോഡ്ജില്‍ മുറിയെടുത്ത ശേഷം ശാരീരികമായി ഉപയോഗിച്ച ശേഷം സയനൈഡ് പുരട്ടിയ ഗര്‍ഭനിരോധന ഗുളിക നല്‍കും. ഗര്‍ഭനിരോധന ഗുളിക കഴിച്ചാല്‍ അസ്വസ്ഥതയുണ്ടാകുമെന്നതിനാല്‍ ടോയ്‌ലറ്റുകളില്‍ വച്ച് കഴിക്കണമെന്നും പറയും. സ്ത്രീകള്‍ ഗുളിക കഴിക്കാന്‍ പോയാല്‍ ഇയാള്‍ ഹോട്ടല്‍ മുറിയില്‍ പോയി സ്വര്‍ണവും മറ്റുമെടുത്തു മുങ്ങും.
2005ല്‍ വാമപടവില്‍ നിന്നും കാണാതായ ലീലാവതി മിസ്രി നക്‌സലൈറ്റായി ഒളിവില്‍ പോയെന്നാണ് പോലിസ് പറഞ്ഞിരുന്നത്. ഇവരുടെ തലയ്ക്ക് പോലിസ് വിലയിടുകയും ചെയ്തു. പക്ഷേ, അവരെ മോഹന്‍ സയനൈഡ് നല്‍കി കൊന്നിരുന്നു. മൈസൂരിലെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്നാണ് അവരുടെ മൃതദേഹം കിട്ടിയിരുന്നത്. അതും പോലിസ് കുഴിച്ചു മൂടുകയായിരുന്നു.
ദക്ഷിണകന്നഡയില്‍ നിന്ന് കാണാതായ 13 സ്ത്രീകളും മറ്റു ജില്ലകളില്‍ നിന്ന് കാണാതായ ഏഴു സ്ത്രീകളും 'ലവ് ജിഹാദിന്റെ' ഇരകളാണെന്നാണ് ഹിന്ദുത്വര്‍ പ്രചാരണം നടത്തിയിരുന്നത്. മുസ്‌ലിംകള്‍ ഹിന്ദുസ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റി ഒളിവില്‍ പാര്‍പ്പിക്കുന്നു എന്നായിരുന്നു ആരോപണം. പ്രാദേശിക മാധ്യമങ്ങളും ഈ പ്രചാരണം വ്യാപകമാക്കാന്‍ സഹായിച്ചു.
ഉപ്പിനങ്ങാടി സ്വദേശി നെല്‍യാദി വനിത, ഭക്തകോടി സ്വദേശി വിനുത, കമല, ശാരദ ഗൗഡ, ബലേപുനി സ്വദേശി ശശികല, ഉഡുപ്പി സ്വദേശി ബേബി നായ്ക്, മീനാക്ഷി, ആരതി, യശോദ, ബാജ്‌പെ സ്വദേശി സുജാത, ബീഡിത്തൊഴിലാളിയായ സുനന്ദ പൂജാരി, ശാന്തകുമാരി, കാസര്‍കോട് സ്വദേശി കാവേരി തുടങ്ങിയവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവരുടെയൊക്കെ നാടുകളില്‍ ഹിന്ദുത്വര്‍ എന്തൊക്കെ വര്‍ഗീയ വിഷം പ്രചരിപ്പിച്ചിരുന്നു എന്നത് പഠിക്കപ്പെട്ടിട്ടില്ല.
ഹിന്ദുത്വരുടെ രാജ്യത്തെ പരീക്ഷണശാലകളില്‍ ഒന്നായ ദക്ഷിണകന്നഡയില്‍ വളരെ മുമ്പ് തന്നെ ലവ് ജിഹാദ് ആരോപണങ്ങള്‍ ഹിന്ദുത്വര്‍ പ്രചരിപ്പിച്ചിരുന്നു. ഒരു ഹിന്ദു സ്ത്രീയെ പ്രണയിച്ചുവെന്ന് ആരോപിച്ച് ഒരു മുസ്‌ലിം യുവാവിനെ ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകന്‍ ആക്രമിച്ചത് 1998ല്‍ സൂറത്കല്ലില്‍ വലിയ സംഘര്‍ഷത്തിന് കാരണമായിരുന്നു. ഈ സംഘര്‍ഷത്തിന് മുമ്പ് തന്നെ മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ കാംപയിന്‍ നടത്തിയിരുന്നതായി വിരമിച്ച ഡിഎസ്പി ജയന്ത് ഷെട്ടി ചൂണ്ടിക്കാട്ടിയിരുന്നു.
2005 കാലത്ത് ഹിന്ദുത്വര്‍ 'ലവ് ജിഹാദ്' പ്രചാരണം വളരെ ശക്തമാക്കി. 2008ല്‍ ബിജെപി അധികാരത്തില്‍ വന്നതോടെ അതിന് ഭരണകൂട പിന്തുണയും ലഭിച്ചു. ഒരു ഹിന്ദു പെണ്‍കുട്ടി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജിയില്‍ 2009ല്‍ ഹൈക്കോടതി 'ലവ് ജിഹാദില്‍' അന്വേഷണത്തിന് ഉത്തരവിടുകയുമുണ്ടായി. എന്നാല്‍, 'ലവ് ജിഹാദ്' എന്ന സംഭവമില്ലെന്നാണ് സിഐഡി ഡിജിപി ഡി വി ഗുരുപ്രസാദ് റിപോര്‍ട്ട് നല്‍കിയത്. ഇതേതുടര്‍ന്ന് 2014ല്‍ ഹൈക്കോടതി ഹരജിയിലെ നടപടികള്‍ അവസാനിപ്പിച്ചു.
നിരവധി സ്ത്രീകളെ കൊന്ന മോഹന്‍കുമാറിന് വിവിധ കേസുകളില്‍ വധശിക്ഷയും ജീവപര്യന്തം തടവും ശിക്ഷകള്‍ ലഭിച്ചു. ഇനി അയാള്‍ ജീവനോടെ ജയിലിന് പുറത്ത് ഇറങ്ങാനുള്ള സാധ്യതയില്ല. പക്ഷേ, അയാളുടെ ജീവിതവും ക്രൂരകൃത്യങ്ങളും ആസ്പദമാക്കിയ സിനിമ പുറത്തിറങ്ങുന്നുണ്ടെന്ന് ചില റിപോര്‍ട്ടുകള്‍ പറയുന്നു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന കളങ്കാവല്‍ എന്ന സിനിമയെ കുറിച്ചാണ് ഈ റിപോര്‍ട്ടുള്ളത്.
'ലവ് ജിഹാദ്' കെട്ടുകഥയാണെന്ന് ഹൈക്കോടതിയും പോലിസും കണ്ടെത്തിയിരുന്നു. പക്ഷേ, സയനൈഡിനേക്കാളും മോഹന്‍കുമാറിനെക്കാളും മാരകവിഷമായ ഹിന്ദുത്വര്‍ ഇന്നും 'ലവ് ജിഹാദുമായി' രാജ്യത്ത് സൈ്വരവിഹാരം നടത്തുകയാണ്. സയനൈഡ് മോഹനെ ഉപയോഗിച്ച് ഹിന്ദുത്വര്‍ സമൂഹത്തിലുണ്ടാക്കിയ വര്‍ഗീയ ഭിന്നിപ്പുകളെ കുറിച്ച് സിനിമ പറയുമോ എന്നത് കാത്തിരുന്നു തന്നെ കാണണം.

