ഗുജറാത്ത് വംശഹത്യയും അദാനിയുടെ വളർച്ചയും

Update: 2025-08-20 14:22 GMT

ക്രിസ്റ്റോഫ് ജാഫ്രെലോട്ട്

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന് സഹായിക്കുന്നതു വരെ ഗൗതം അദാനി രാജ്യത്തെ പ്രമുഖ ബിസിനസുകാരനായിരുന്നില്ല. വടക്കന്‍ ഗുജറാത്തില്‍ നിന്നും അഹമദാബാദിലെ പഴയ നഗരത്തിലേക്ക് കുടിയേറിയ ഒരു കുടുംബത്തില്‍ 1962ലാണ് ഗൗതം അദാനി ജനിച്ചത്. പതിനെട്ടാം വയസില്‍ ഗുജറാത്ത് സര്‍വകലാശാലയിലെ പഠനം ഉപേക്ഷിച്ച് ബോംബെയിലേക്ക് പോയി. അവിടെ മഹീന്ദ്ര ബ്രദേഴ്സില്‍ വജ്രം തരംതിരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടു. പിന്നീട് വജ്ര വ്യാപാരിയായി.

പ്ലാസ്റ്റിക്-ഫിലിം നിര്‍മ്മാണ ബിസിനസ്സ് ആരംഭിച്ച സഹോദരന്‍ മഹാസുഖിനെ സഹായിക്കാന്‍ 1981ല്‍ ഗൗതം അദാനി അഹമ്മദാബാദിലേക്ക് താമസം മാറി. പിവിസിയെ ആശ്രയിച്ചാണ് മഹാസുഖിന്റെ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യന്‍ പെട്രോകെമിക്കല്‍സ് കോര്‍പറേഷന്‍ മാത്രമാണ് അക്കാലത്ത് ഇന്ത്യയില്‍ പിവിസി നിര്‍മിച്ചിരുന്നത്. കോര്‍പറേഷന്‍ ഓരോമാസവും അദാനി സഹോദരന്‍മാര്‍ക്ക് രണ്ടു ടണ്‍ പിവിസി നല്‍കി. എന്നാല്‍, കമ്പനിക്ക് പ്രതിമാസം 20 ടണ്‍ പിവിസിയെങ്കിലും ആവശ്യമായിരുന്നു. അതിനാല്‍, കാണ്ട്‌ല തുറമുഖം വഴി അദാനി പ്ലാസ്റ്റിക് ഗ്രാന്യൂളുകള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. 1988ല്‍ അദാനി എക്സ്പോര്‍ട്ട്സ് എന്ന പേരില്‍ ഗൗതം അദാനി ഒരു ചരക്ക് വ്യാപാര സംരംഭം സ്ഥാപിച്ചു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍, അദ്ദേഹത്തിന്റെ ഇറക്കുമതി ഓര്‍ഡറുകള്‍ 100 മെട്രിക് ടണ്ണില്‍ നിന്നും 40,000 മെട്രിക് ടണ്‍ ആയി വളര്‍ന്നു.

1991-92ല്‍, ചിമന്‍ഭായ് പട്ടേല്‍ സര്‍ക്കാര്‍ അദാനിക്കും കാര്‍ഷിക ബിസിനസ് ഗ്രൂപ്പായ കാര്‍ഗില്ലിനും ഉപ്പ് ഉല്‍പാദനത്തിനായി കച്ച് ജില്ലയിലെ 3,000 ഏക്കര്‍ തീരദേശ ഭൂമി നല്‍കി. ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെയും മറ്റുള്ളവരുടെയും പ്രതിഷേധങ്ങളെത്തുടര്‍ന്ന് പദ്ധതി പരാജയപ്പെട്ടു, കാര്‍ഗില്‍ അതില്‍ നിന്ന് പിന്മാറുകയും ചെയ്തു. എന്നാല്‍, അദാനി സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ തന്നെ തുടരുകയും മുന്ദ്രയെ ഒരു വലിയ തുറമുഖമാക്കി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്തു.

അക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ ചട്ടക്കൂടില്‍, സര്‍ക്കാരുമായി ചേര്‍ന്ന് സ്വകാര്യ തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് തുറമുഖങ്ങള്‍ അനുവദിക്കാന്‍ ഗുജറാത്ത് മാരിടൈം ബോര്‍ഡ് തീരുമാനിച്ചു. അതിനായി പത്ത് തുറമുഖങ്ങളുടെ പട്ടികയുണ്ടാക്കി. അതില്‍ 14 മീറ്റര്‍ ആഴമുള്ള മുന്ദ്രയും ഉള്‍പ്പെട്ടു. കാണ്ട്‌ല തുറമുഖത്തിന്റെ ആഴം 12 മീറ്റര്‍ മാത്രമായിരുന്നു. പതിനാല് മീറ്റര്‍ ആഴമുള്ള മുന്ദ്രയില്‍ 200,000 മെട്രിക് ടണ്ണും കൂടുതലും ശേഷിയുള്ള വലിയ കപ്പലുകള്‍ക്ക് അടുക്കാം.

1993ല്‍, ഗൗതം അദാനിയും ഇളയ സഹോദരന്‍ രാജേഷ് എസ് അദാനിയും ഉള്‍പ്പെടുന്ന ഒരു ലിമിറ്റഡ് കമ്പനി രൂപീകരിച്ചു. 1997ല്‍, അദാനി എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡ്, ഗുജറാത്ത് സര്‍ക്കാരുമായി ചേര്‍ന്ന് മുന്ദ്രയില്‍ മെഗാ തുറമുഖം നിര്‍മ്മിക്കുന്നതിനുള്ള സംയുക്ത സംരംഭത്തില്‍ ഒപ്പിട്ടു. ആ സമയത്താണ് അദാനി ഗ്രൂപ്പ് ദുബൈ താവളമാക്കിയത്. അഞ്ച് അദാനി സഹോദരന്മാരില്‍ രണ്ടുപേര്‍ അദാനി എക്‌സ്‌പോര്‍ട്ട്‌സിന്റെ വിതരണ ശൃംഖലയുടെ ചുമതല വഹിച്ചു. 1999ല്‍ മുന്ദ്രയില്‍ ഒരു ലോഡ് കല്‍ക്കരി ഇറക്കി അദാനി ആദ്യമായി കല്‍ക്കരി വ്യാപാരത്തില്‍ ഏര്‍പ്പെട്ടു. 2000ല്‍, ലോകത്തിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്റര്‍മാരില്‍ ഒന്നായ പി ആന്‍ഡ് ഒ ഓസ്ട്രേലിയയെ മുന്ദ്രയില്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ അദാനി അനുവദിച്ചു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ഇരുവര്‍ക്കും പരസ്പരം അറിയാമായിരുന്നു എന്നതിന് തെളിവുകളൊന്നുമില്ല, പക്ഷേ 2002ലെ ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം ഇരുവരും തമ്മില്‍ വളരെ വലിയ അടുപ്പം രൂപപ്പെട്ടു.

വംശഹത്യ ഗുജറാത്ത് സമ്പദ്വ്യവസ്ഥയെ ബാധിച്ചപ്പോള്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയിലെ(സിഐഐ) മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ബിസിനസുകാര്‍ മോദിയെ വിമര്‍ശിച്ചു. 2002 ഒരു നഷ്ടവര്‍ഷമാണെന്നാണ് സിഐഐയിലെ മുതിര്‍ന്ന അംഗമായ രാഹുല്‍ ബജാജ് പറഞ്ഞത്. 2003 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന സിഐഐ യോഗത്തില്‍ രാഹുല്‍ ബജാജ് 'കഠിനമായ ചോദ്യങ്ങള്‍' ഉപയോഗിച്ച് മോദിയെ വെല്ലുവിളിക്കുകയും ചെയ്തു. ജംഷേദ് ഗോദ്റെജും വിഷയം ഉന്നയിച്ചു. പാകിസ്താന്‍ അടുത്താണമെന്നതിന് പുറമേ സംസ്ഥാനത്തെ വര്‍ഗീയ സംഘര്‍ഷങ്ങളും നിക്ഷേപകരെ ഗുജറാത്തിലേക്ക് അടുപ്പിക്കുന്നില്ലെന്ന് നവംബറില്‍ അഹമദാബാദ് ഐഐഎമ്മില്‍ നടന്ന പരിപാടിയില്‍ വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയും പറഞ്ഞു.

ഡല്‍ഹിയിലെ വിമര്‍ശനത്തിന് ശേഷം സിഐഐ ഡയറക്ടര്‍ ജനറല്‍ തരുണ്‍ ദാസ് ഗാന്ധിനഗറില്‍ പോയി മോദിയെ കണ്ടിരുന്നു. പരസ്യമായി പറഞ്ഞ കാര്യങ്ങളില്‍ സിഐഐ അംഗങ്ങള്‍ ഖേദിക്കുന്നുണ്ടെന്ന് തരുണ്‍ ദാസ് മോദിയെ അറിയിച്ചു.

എന്നാല്‍, ഗൗതം അദാനിയും ഗുജറാത്തിലെ മറ്റ് സിഐഐ അംഗങ്ങളും ഗുജറാത്തിലെ വന്‍കിട ബിസിനസുകാരുടെ വിമര്‍ശനങ്ങളെ തങ്ങള്‍ക്കുള്ള മികച്ച അവസരമായി വിലയിരുത്തിയിരുന്നു. ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള സംഘടിത ശ്രമമുണ്ടെന്ന് പറഞ്ഞ അവര്‍ അതിനെ ചെറുക്കാന്‍ 'റീസര്‍ജന്റ് ഗ്രൂപ്പ് ഓഫ് ഗുജറാത്ത്' രൂപീകരിക്കാനും തീരുമാനിച്ചു. നിര്‍മ ഗ്രൂപ്പിന്റെ ഡോ. കര്‍സന്‍ പട്ടേല്‍, അംബുഭായ് പട്ടേല്‍, കാഡില ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഇന്ദ്രവദന്‍ മോദി, കാഡില ഹെല്‍ത്ത് കെയറിന്റെ പങ്കജ് പട്ടേല്‍, അഷിമ ഗ്രൂപ്പിന്റെ ചിന്തന്‍ പരീഖ്, ബക്കേരി ഗ്രൂപ്പിന്റെ അനില്‍ ബക്കേരി, ഈ പ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ച ഗൗതം അദാനി എന്നിവരും ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു.

2002-03ല്‍ മോദിയെപ്പോലെ, ഗൗതം അദാനിയും താരതമ്യേന ഒറ്റപ്പെട്ടു. ബിസിനസ് സംഘടനകളുടെ പൂര്‍ണ്ണ ഭാഗമല്ലാതിരുന്ന ഗൗതം അദാനി ചെറിയ പദവികള്‍ മാത്രമാണ് വഹിച്ചിരുന്നത്. ദേശീയരാഷ്ട്രീയത്തിലും വന്‍കിട ബിസിനസിലും അയാള്‍ പുതുമുഖമായിരുന്നു.

2003 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന ആദ്യത്തെ വൈബ്രന്റ് ഗുജറാത്ത് മീറ്റിംഗില്‍, അദാനി തന്റെ സഹപ്രവര്‍ത്തകരെക്കാള്‍ കൂടുതല്‍ മുന്നോട്ട് പോയി 15,000 കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തു. അദാനി-മോദി ബന്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു ഇത്: ഹിന്ദു ഹൃദയങ്ങളുടെ ഭരണാധികാരി എന്ന സ്ഥാനത്ത് നിന്ന് വികസനം കൊണ്ടുവരുന്ന ഒരാള്‍ എന്ന സ്ഥാനത്തേക്ക് മാറുന്ന മോദി അദാനിയുടെ പിന്തുണയ്ക്ക് പ്രതിഫലം നല്‍കി തുടങ്ങി.

ചരക്ക് കൈകാര്യം ചെയ്യുന്നതിനും മറ്റ് തുറമുഖ സേവനങ്ങള്‍ നല്‍കുന്നതിനുമായി മുന്ദ്രയില്‍ അദാനി തുറമുഖവും പ്രത്യേക സാമ്പത്തിക മേഖല അഥവാ സെസും അതേ വര്‍ഷം തന്നെ സൃഷ്ടിക്കപ്പെട്ടു. 2,008 ഹെക്ടര്‍ വനവും 990 ഹെക്ടര്‍ ഗ്രാമ മേച്ചില്‍പ്പുറവും ഉള്‍പ്പെടെ 3,585 ഹെക്ടര്‍ ഭൂമി അദാനിക്ക് അനുവദിച്ചതിനുശേഷം, ഇത് താമസിയാതെ ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടി-പ്രൊഡക്റ്റ് തുറമുഖ അധിഷ്ഠിത പ്രത്യേക വ്യവസായ മേഖലയായി മാറി.

അദാനിക്ക് ലഭിച്ച ഭൂമികളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ചില കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഒരുപ്രദേശത്ത് ഭൂമിക്ക് ചതുരശ്ര മീറ്ററിന് 1,500 രൂപയില്‍ കൂടുതല്‍ വിപണി വിലയുള്ളപ്പോള്‍, 1 രൂപ മുതല്‍ 32 രൂപ വരെ നിരക്കിലാണ് അദാനിക്ക് ലഭിച്ചത്. മറ്റൊരു പ്രദേശത്ത്, ചതുരശ്ര മീറ്ററിന് 700 മുതല്‍ 800 രൂപ വരെ വിപണി വിലയുള്ളപ്പോള്‍ 10 രൂപ നിരക്കിലും അദാനി ഗ്രൂപ്പിന് ലഭിച്ചു.

മുന്ദ്രയില്‍, അദാനി 7,350 ഹെക്ടര്‍ ഭൂമി വരെ ഏറ്റെടുത്തു. ഈ പ്രദേശത്തിന്റെ ഭൂരിഭാഗത്തിനും 'അദ്ദേഹത്തിന് ഒരു ചതുരശ്ര മീറ്ററിന് ഒരു യുഎസ് സെന്റ് എന്ന നിരക്കില്‍ 30 വര്‍ഷത്തെ പുതുക്കാവുന്ന പാട്ടക്കരാര്‍ ലഭിച്ചു' എന്നാണ് ഒപ്പുവച്ച കരാറുകളുടെ അടിസ്ഥാനത്തില്‍ ഫോര്‍ബ്‌സ് മാസിക ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഈ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കമ്പനി ഉള്‍പ്പെടെയുള്ള മറ്റ് കമ്പനികള്‍ക്ക് ചതുരശ്ര മീറ്ററിന് 11 യുഎസ് ഡോളര്‍ എന്ന നിരക്കില്‍ വാടകയ്ക്ക് നല്‍കി. 2005നും 2007നും ഇടയില്‍ കുറഞ്ഞത് 1,200 ഹെക്ടര്‍ മേച്ചില്‍പ്പുറങ്ങള്‍ ഗ്രാമീണരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

അദാനി ഗ്രൂപ്പിന്റെ സെസ് 15,000 കോടി രൂപ ചെലവില്‍ വിപുലീകരിക്കാന്‍ അനുമതി നല്‍കുന്ന ധാരണാപത്രങ്ങളില്‍ 2009ലെ വൈബ്രന്റ് ഗുജറാത്ത് പരിപാടിയില്‍ മോദി സര്‍ക്കാര്‍ ഒപ്പിട്ടു. അടുത്ത പതിനഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതിയായിരുന്നു അത്. 2001ലെ ഭൂകമ്പത്തില്‍ തകര്‍ന്ന കച്ചിനെ പുനര്‍നിര്‍മിക്കാന്‍ നിശ്ചയിച്ചതിന്റെ നാലിരട്ടിയോളം വരുന്ന തുകയുടെ നികുതി ഇളവ് നല്‍കി അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചു. അഞ്ചുവര്‍ഷത്തേക്കായിരുന്നു ഈ നികുതി ഇളവ്. ഏകദേശം 3,200 കോടി രൂപയുടെ നേട്ടമാണ് ഇത് കമ്പനിക്കുണ്ടാക്കിയത്.

അദാനി സെസ്, തുറമുഖം, പവര്‍ പ്ലാന്റ് എന്നിവയില്‍ 1.32 ട്രില്യണ്‍ രൂപയുടെ നിക്ഷേപം നടത്തിയതായി സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നു, പക്ഷേ 38,875 തൊഴിലവസരങ്ങള്‍ മാത്രമേ സൃഷ്ടിക്കപ്പെട്ടുള്ളൂ. ഒരു ജോലി സൃഷ്ടിക്കാന്‍ 33.8 ദശലക്ഷം രൂപ വേണ്ടി വന്ന അത്ഭുതകരമായ കണക്കാണിത്...''. മൂലധന തീവ്രതയുടെ വ്യക്തമായ സൂചനയാണിത്.- ഇത് നമ്മള്‍ പരിശോധിക്കും.

അദാനിയുടെ മുന്ദ്ര പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ 4,84,326 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഭൂമിയില്‍ 2008 ഡിസംബര്‍ മുതല്‍ 2011 നവംബര്‍ വരെയുള്ള കാലയളവില്‍ 14 പാട്ടക്കരാറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സിഎജി) 2013ലെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. അതില്‍ ഒരെണ്ണത്തിന് മാത്രമാണ് ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിരുന്നുള്ളൂ. അതായത് 4,65,728 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഭൂമിയിലെ 13 പാട്ടക്കരാറുകള്‍ ക്രമരഹിതമായിരുന്നു.

അദാനി ഗ്രൂപ്പില്‍ നിന്ന് അസാധാരണമാംവിധം ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതിന് ഗുജറാത്ത് സര്‍ക്കാരിനെതിരെയും സിഎജി കുറ്റം ചുമത്തി. വൈദ്യുതി വാങ്ങല്‍ കരാറിലെ നിബന്ധനകള്‍ പാലിക്കാത്തത് 16,000 കോടി രൂപയുടെ പിഴ നല്‍കുന്നതിനും ഒരു സ്വകാര്യ സ്ഥാപനത്തിന് അനാവശ്യ ആനുകൂല്യം നല്‍കുന്നതിനും കാരണമായെന്നും സിഎജി റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.

അണ്ണാ ഹസാരെയ്ക്കൊപ്പം അഴിമതി വിരുദ്ധ പ്രചാരണങ്ങളില്‍ പങ്കെടുത്തിരുന്ന അരവിന്ദ് കെജ്രിവാള്‍ മോദി-അദാനി ബന്ധത്തെ 2012ല്‍ ചോദ്യം ചെയ്തു. ഗുജറാത്ത് മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മികച്ച ഓഫര്‍ നല്‍കിയിട്ടും ഗുജറാത്ത് സര്‍ക്കാര്‍ അദാനി ഗ്രൂപ്പില്‍ നിന്ന് യൂണിറ്റിന് 5.45 രൂപയ്ക്ക് വൈദ്യുതി വാങ്ങിയതായി അദ്ദേഹം ആരോപിച്ചു. അഹമ്മദാബാദിലെ സിഎന്‍ജി വിതരണത്തില്‍ കുത്തകാവകാശം നേടിയതിനാല്‍ സിഎന്‍ജി അദാനി ഗ്രൂപ്പിന്റെ മറ്റൊരു വരുമാന സ്രോതസ്സായിരുന്നു.

ഗുജറാത്തിലെ മോദി സര്‍ക്കാരിനെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍, 2012-ല്‍ അദാനി ഗ്രൂപ്പിനെതിരെ നടത്തിയ വിമര്‍ശനം സിഎജി ആവര്‍ത്തിക്കുകയും എസ്സാര്‍ ഗ്രൂപ്പിനെതിരെ കുറ്റം ചുമത്തുകയും ചെയ്തു.

പരിസ്ഥിതി പ്രവര്‍ത്തകരും അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രശ്‌നം കണ്ടു. ഗുജറാത്ത് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി 2006 മെയ് മാസത്തില്‍ രൂപീകരിച്ച ഉപസമിതി അദാനി ഗ്രൂപ്പ് ഇന്റര്‍-ടൈഡല്‍ പ്രദേശത്ത് നിരവധി ബണ്ടുകള്‍ നിര്‍മ്മിച്ചതായും കണ്ടല്‍ക്കാടുകളിലേക്ക് വെള്ളം നല്‍കുന്ന നിരവധി അരുവികള്‍ തടഞ്ഞതായും റിപോര്‍ട്ട് ചെയ്തു. അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. നാല് വര്‍ഷത്തിന് ശേഷം, 2010 ഡിസംബറില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തദ്ദേശവാസികളുടെ പരാതികള്‍ കേള്‍ക്കാന്‍ ഒരു പരിശോധനാ സംഘത്തെ അയച്ചു. സന്ദര്‍ശനത്തിന് ശേഷം പരിശോധനാ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിരവധി ലംഘനങ്ങള്‍ കണ്ടെത്തി.

കണ്ടല്‍ക്കാടുകളുടെ വന്‍തോതിലുള്ള നാശത്തെക്കുറിച്ചും അരുവികളിലെ തടസ്സത്തെക്കുറിച്ചും കടല്‍വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിലെ തടസത്തെ കുറിച്ചും റിപോര്‍ട്ട് പറയുന്നു. പക്ഷേ, അതൊന്നും അദാനിയെ ബാധിച്ചില്ല.

കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രിയായിരുന്ന ജയന്തി നടരാജന്‍ 2012 സെപ്റ്റംബര്‍ 14ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ ഡയറക്ടര്‍ സുനിത നരെയ്ന്റെ അധ്യക്ഷതയില്‍ മുന്ദ്ര തുറമുഖത്തിന്റെ പരിശോധനയ്ക്കായി ഒരു കമ്മിറ്റി രൂപീകരിച്ചു. മുന്‍ഗാമികളുടെ അതേ നിഗമനങ്ങളിലാണ് അവരും എത്തിയത്.

2007ലെ ക്ലിയറന്‍സിന്റെ നിബന്ധനകള്‍ ലംഘിച്ച്, അദാനിയുടെയും ടാറ്റയുടെയും മുന്ദ്രയിലെ തെര്‍മല്‍ പ്ലാന്റുകള്‍ പ്രത്യേക ചാരം പുറത്തുവിട്ടതായി എല്ലാ ഇന്‍സ്പെക്ടര്‍മാരും വിദഗ്ധരും നിരീക്ഷിച്ചിട്ടുണ്ട്.

മുന്ദ്ര പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ ഏകദേശം 27,127 മെട്രിക് ടണ്‍ ചാരം തള്ളിയതായി 2011ല്‍ ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സുനിത നായര്‍ കമ്മിറ്റിയും സമാനമായ ഒരു നിരീക്ഷണം നടത്തി. അദാനി പവറില്‍ നിന്നും അടുത്തുള്ള ടാറ്റ പവര്‍ കമ്പനി ലിമിറ്റഡ് പ്ലാന്റില്‍ നിന്നുമുള്ള ചാരവും ഉപ്പുവെള്ളവും വിളകള്‍ നശിപ്പിക്കുകയും മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് സ്ഥലം സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തക മേഘ ബഹ്രിയും നിരീക്ഷിച്ചു.

പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 200 കോടി രൂപയുടെ പരിസ്ഥിതി പുനഃസ്ഥാപന ഫണ്ട് സുനിത നായര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ രണ്ട് കമ്പനികള്‍ക്കും പിഴ ചുമത്തിയില്ല. മുന്ദ്ര തുറമുഖം മൂലമുണ്ടായ തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ 2016ല്‍ ഗുജറാത്ത് ഹൈക്കോടതി മറ്റൊരു കമ്മിറ്റിയെ നിയമിച്ചു. മുന്‍ഗാമികളുടെ അതേ നിഗമനത്തിലാണ് ഈ കമ്മിറ്റിയും എത്തിയത്. ഈ കമ്പനികള്‍ക്ക് എത്ര നോട്ടിസ് നല്‍കിയിട്ടുണ്ടെന്ന് ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടോ സംസ്ഥാന വനം-പരിസ്ഥിതി വകുപ്പിനോടോ ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമുണ്ടാവില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ മഹേഷ് പാണ്ഡ്യ പറയുന്നത്.

മോദിയുടെ മുഖ്യമന്ത്രി പദത്തിന്റെ അവസാനത്തോടെ, അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍, അദാനി പോര്‍ട്ട്‌സ്, സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ എന്നിവയുടെ സംയോജിത വിപണി മൂല്യം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യത്തിനടുത്തായിരുന്നു-അതേസമയം അദാനി ഗ്രൂപ്പിന്റെ മൂല്യം 13 വര്‍ഷം മുമ്പ്, 2001ല്‍, അതിന്റെ 500 മടങ്ങ് താഴെയായിരുന്നു.

ഗ്രൂപ്പിന്റെ വിറ്റുവരവ് 2001-02ലെ 3,741 കോടി രൂപയില്‍ നിന്ന് 2013-14ല്‍ 75,659 കോടി രൂപയായി 20 മടങ്ങ് വര്‍ധിച്ചു. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച ത്വരിതഗതിയിലായി: 2013 സെപ്റ്റംബറിനും 2014 സെപ്റ്റംബറിനും ഇടയില്‍ ഗൗതം അദാനിയുടെ കമ്പനികളുടെ കമ്പനിയുടെ വിപണി മൂലധനം 250% വര്‍ധിച്ചു. ഇത് 2013 സെപ്റ്റംബറിനും 2014 മേയ് മാസത്തിനും ഇടയില്‍ അദാനിയുടെ ആസ്തിയില്‍ 50,131 കോടി രൂപയുടെ വര്‍ധനയുണ്ടാക്കി. മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആഴ്ചയില്‍ ഇത് എല്ലാ ദിവസവും 1,800 കോടിരൂപ വര്‍ധിച്ചു. അതേ കാലയളവില്‍ മുകേഷ് അംബാനിയുടെ ആസ്തി 30,503 കോടി രൂപ 'മാത്രം' വര്‍ദ്ധിച്ചു.

നരേന്ദ്ര മോദിയുമായുള്ള അദാനിയുടെ അടുത്ത ബന്ധത്തിലൂടെ മാത്രമേ പെട്ടെന്നുള്ള ഈ അഭിവൃദ്ധി വിശദീകരിക്കാന്‍ കഴിയൂ - 2014ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയിലുടനീളം പ്രചാരണം നടത്താന്‍ മോദി അദാനിയുടെ ചാര്‍ട്ടേഡ് വിമാനം ഉപയോഗിച്ചപ്പോള്‍ ഇത് വ്യക്തമായി. 2014 മെയ് 22ന്, പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം, അദാനിയുടെ സ്വകാര്യ വിമാനത്തിലാണ് മോദി അഹമ്മദാബാദില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയത്. വിമാനത്തിന്റെ വലതുവശത്ത് ഇന്ത്യന്‍ പതാകയും ഇടതുവശത്ത് അദാനി ഗ്രൂപ്പിന്റെ ലോഗോയും ആലേഖനം ചെയ്തിരുന്നു-ഇരുവരും സംസ്ഥാന തലത്തില്‍ നിന്നും ദേശീയ തലത്തിലേക്ക് മാറുകയായിരുന്നു.

ഒരു പുതിയ ജനാധിപത്യപ്രഭുവിന്റെ ഉദയം കണ്ട ഗുജറാത്ത് കാലത്തിന്റെ പാരമ്പര്യമാണ് ഇന്നത്തെ സാഹചര്യം. അതിനുശേഷം, ഇരുവരുടെയും പരസ്പര ആശ്രയത്വം കൂടുതല്‍ ആഴത്തിലായി. രണ്ടുപേര്‍ക്കും വളരെ ക്ലാസിക്കായ രീതിയിലുള്ള ആശ്രയത്വം ആവശ്യമാണ്: 2014, 2019, 2024 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച കോടീശ്വരന് രാഷ്ട്രീയക്കാരന്‍ സംരക്ഷണം നല്‍കുന്നു. അതിനാല്‍ തന്നെ ഇന്ത്യയില്‍ അഴിമതി നടത്തി അത് യുഎസ് നിക്ഷേപകരില്‍ നിന്നും മറച്ചുവെച്ചുവെന്ന യുഎസിലെ കേസില്‍ ആരോപണവിധേയനായ ഗൗതം അദാനിയെ രക്ഷിക്കാന്‍ മോദി ഇടപെടുമോ എന്ന കാര്യം മനസിലാക്കാന്‍ ഇന്ത്യക്കാര്‍ക്ക് എളുപ്പം കഴിയും. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളില്‍, ചക്രങ്ങള്‍ക്കുള്ളില്‍ ചക്രങ്ങളുണ്ട്.