അബ്ദുല്ല അൻസാരി
രാജ്യത്ത് മതന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളും നീതി നിഷേധവും എല്ലാ പരിധികളും ലംഘിച്ചു മുന്നേറുകയാണ്. കേരളത്തിൽ സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ ആധിപത്യമുള്ള സവർണ ക്രൈസ്തവ സഭകൾ ഹിന്ദുത്വയോട് ചേർന്ന് നിൽക്കാൻ ഉൽക്കടമായ അഭിവാഞ്ചയുള്ളവരാണ്. ഒരു ഭാഗത്ത് ഹിന്ദുത്വത്തെ പ്രീതിപ്പെടുത്താനായി സവർണ സഭകൾ നിരന്തരം മുസ്‌ലിം വെറുപ്പ് പ്രചരിപ്പിക്കുകയും, മറുഭാഗത്ത് തങ്ങളുടെ കൈപ്പിടിയിൽ ഇനിയും ഒതുങ്ങാത്ത സവിശേഷ സാമൂഹിക-സാംസ്കാരിക പാരമ്പര്യമുള്ള കേരളത്തെ, ഏതുവിധേനയും കവർന്നെടുക്കാനുള്ള ഹിന്ദുത്വവാദികളുടെ കൃത്യമായ അജണ്ടയുടെ ഭാഗമായി, കേരളത്തിൽ ക്രൈസ്തവ അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും അവരുടെ അടിസ്ഥാന നിലപാടിൽ മാറ്റമില്ലെന്ന് തെളിയിക്കുന്നതാണ് ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരേ നടക്കുന്ന പീഡനങ്ങൾ.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് തങ്ങളുടെ ആഘോഷങ്ങൾ സംഘടിപ്പിക്കാനോ മതവസ്ത്രം ധരിക്കാനോ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സഭാ മേധാവികളും നേതാക്കളും പറയുന്നു. 'ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ മുൻവിധികളോടെ അവരെ ആക്രമിക്കുന്നു. പോലിസും ഭരണകൂടങ്ങളും അക്രമങ്ങൾക്ക് ഒത്താശ ചെയ്യുന്നു'വെന്നും അവർ പരാതിപ്പെടുന്നു. കഴിഞ്ഞദിവസം ഛത്തീസ്ഗഡിൽ ആൾക്കൂട്ട വിചാരണയ്ക്കും അക്രമങ്ങൾക്കും വിധേയരായ സിസ്റ്റർ പ്രീതി, സിസ്റ്റർ വന്ദന എന്നീ കന്യാസ്ത്രീകളെ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തന ശ്രമവുമടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സംസ്ഥാനത്തെ ഹിന്ദുത്വ ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന, അടിസ്ഥാന സൗകര്യങ്ങൾ ഇനിയും കടന്നുചെന്നിട്ടില്ലാത്ത, ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ആദിവാസി - ദലിത് ജനവിഭാഗങ്ങൾക്ക്, വിദ്യാഭ്യാസവും തൊഴിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തി, സ്വയം പര്യാപ്തമാക്കുന്ന പ്രവർത്തനങ്ങളാണ് തങ്ങൾ ചെയ്യുന്നതെന്ന് സുവിശേഷ പ്രവർത്തകർ അവകാശപ്പെടുന്നു. ഇന്ത്യയിൽ നിലനിൽക്കുന്ന സാമൂഹിക-സാംസ്കാരിക-സാമ്പത്തിക വൈരുധ്യങ്ങളുടെയും സംഘർഷങ്ങളുടെയും മൂലകാരണം സഹസ്രാബ്ദങ്ങളായി ഇവിടെ നിലനിൽക്കുന്ന ജാതിക്കോയ്മയിൽ അധിഷ്ഠിതമായ ശ്രേണീബദ്ധമായ സാമൂഹികാധികാരത്തിൻ്റെയും ആധിപത്യ മനോഭാവത്തിന്റെയും മൂടുറച്ച ആഢ്യ - അധമ വിശ്വാസങ്ങളുടെയും ജാതി ദുരഭിമാന ബോധത്തിന്റെയും വിഷവിത്തുകളാണ്. ഈ മിഥ്യാ ബോധത്തിന്റെയും അതിൽ അധിഷ്ഠിതമായ സാമൂഹിക ഘടനയുടെയും ഇരകളാണ് ഇന്ത്യയിലെ ദലിത് - ആദിവാസി അധസ്ഥിത വിഭാഗങ്ങൾ.
രാജ്യം സംഘപരിവാര ശക്തികളുടെ കൈപ്പിടിയിൽ അമർന്നതോടെ കേരളത്തിലെ സവർണ ക്രൈസ്തവ സഭകൾ ഭരണകൂടത്തോട് ചേർന്നുനിന്നുകൊണ്ട് കൂടുതൽ രൂക്ഷമായ മുസ്‌ലിം വെറുപ്പിൻ്റെ ഉൽപ്പാദകരും പ്രചാരകരും ആകുന്നതാണ് സംസ്ഥാനം ദർശിച്ചത്. ക്രിസ്ത്യാനികളുടെ ഏതെങ്കിലും അവകാശങ്ങൾ മുസ്‌ലിംകൾ തട്ടിയെടുത്തിട്ടില്ല. അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടെന്ന് തെളിവുകൾ നിരത്തി സ്ഥാപിക്കാനും കഴിയില്ല. വസ്തുതകൾ ഇതായിരിക്കെ, കേരളത്തിലെ സിറിയൻ ക്രൈസ്തവ സഭ നുണക്കൂമ്പാരങ്ങളുടെ കെട്ടഴിച്ചുവിട്ട്, മുസ്‌ലിം വെറുപ്പ് നിരന്തരം ഉൽപ്പാദിപ്പിക്കുകയും പ്രസരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ വിഷം പുരട്ടിയ കെട്ടുകഥകളും വ്യാജ ആരോപണങ്ങളും നിരത്തി, സംഘപരിവാരത്തിൻ്റെ ആക്രമണോൽസുകതയ്ക്ക് വെള്ളവും വളവും നൽകുന്നു. ദൈവവിശ്വാസത്തെ അന്തസ്സാരശൂന്യമായി ഉൾക്കൊണ്ടവരാണ് വർത്തമാനകാല ക്രൈസ്തവ സഭാ നേതൃത്വവും പൗരോഹിത്യവുമെന്ന് പറയാതെ വയ്യ. കാസയെന്ന മുസ്‌ലിം വെറുപ്പ് മാത്രം തുപ്പുന്ന അധോലോകത്തെ സർവവിധ പിന്തുണയും നൽകി, പരിപോഷിപ്പിക്കുന്നു.
മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാണ് ജമ്മു കശ്മീർ. മഹാരാഷ്ട്രയിലെ ഔറംഗാബാദ്, പശ്ചിമ ബംഗാളിലെ മുർഷിദാബാദ്, മാൾഡ, അസമിലെ സൗത്ത് സൽമാര, ധുബ്രി, ഉത്തർപ്രദേശിലെ രാംപൂർ, ബിഹാറിലെ കിഷൻഗഞ്ച് തുടങ്ങിയ പ്രദേശങ്ങളും മുസ്‌ലിം ഭൂരിപക്ഷ ജില്ലകളാണ്. ഇവിടെയെല്ലാം ക്രൈസ്തവ സഭകൾ ധാരാളം സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. സുവിശേഷ പ്രവർത്തനങ്ങളും പതിറ്റാണ്ടുകളായി നടക്കുന്നു. ഏതെങ്കിലും മുസ്‌ലിം സംഘടനകളോ വ്യക്തികളോ എന്തെങ്കിലും തരത്തിലുള്ള ഭീഷണി പ്രസ്തുത പ്രദേശങ്ങളിൽ ഇന്നേവരെ ഉയർത്തിയിട്ടില്ല. ക്രൈസ്തവ സഭകളുടെ പക്ഷത്തുനിന്ന് മേൽപ്പറഞ്ഞ നെറികേടുകൾ ഏറ്റുവാങ്ങുമ്പോഴും സിസ്റ്റർ പ്രീതിക്കും സിസ്റ്റർ വന്ദനയ്ക്കുമെതിരായ ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കാൻ മുസ്‌ലിം സംഘടനകളെല്ലാം, ഒന്നൊഴിയാതെ രംഗത്തുണ്ട്. ന്യൂനപക്ഷ വിഭാഗത്തിൻ്റെ ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഉറച്ച ബോധ്യവും ധാരണയും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇത്.
1999 ജനുവരി 22നാണ് ഒഡീഷയിലെ മനോഹരപൂർ ഗ്രാമത്തിൽ, കുടുംബത്തോടൊപ്പം ഗ്രഹാം സ്റ്റയിൻസ് എന്ന ഓസ്ട്രേലിയൻ മിഷനറിയെ ഹിന്ദുത്വവാദികൾ ചുട്ടുകൊന്നത്. ഇതിനെതിരേ രാജ്യം മുഴുവൻ പ്രതിഷേധമുണ്ടായി. വൈവിധ്യങ്ങൾ മറന്ന് ക്രൈസ്തവരും മുസ്‌ലിംകളും ഇതര ന്യൂനപക്ഷ വിഭാഗങ്ങളും മതേതര വിശ്വാസികളും ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി. രാജ്യം മുഴുവൻ സമര ജ്വാലകളാൽ പ്രക്ഷുബ്ധമായ ദിനങ്ങളായിരുന്നു അവ. പൊടുന്നനെ, തിരുവനന്തപുരത്ത് അരമനയിൽ രാത്രി സിബിഐ റെയ്ഡ് നടന്നു. വിദേശത്തുനിന്നും എത്തിയ ബൈബിളുകൾക്കൊപ്പം കോടികളുടെ വിദേശ പണം കണ്ടെത്തിയതായി കിംവദന്തി പുറത്തുവന്നു. അതോടെ ഗ്രഹാം സ്റ്റെയിൻസിന് വേണ്ടിയുള്ള സമരത്തിന് തിരശ്ശീല വീണു.
സംഘപരിവാരത്തിന്റെ ബ്ലാക്ക് മെയിലിങിന് വിധേയമാണ് സഭ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രിസ്ത്യൻ ആധിപത്യത്തിനെതിരേ ആർഎസ്എസ് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നു, സഹസ്രകോടികളുടെ ഭൂമിയും സ്വത്തും ഇന്ത്യയിൽ ഉടനീളം സഭയ്ക്കുണ്ട്. ഒതുക്കി നിർത്തിയ പല ക്രിമിനൽ കേസുകളും ഭദ്രമായ ആവരണം ഭേദിച്ച് പുറത്തു വരാൻ സാധ്യതയുണ്ട്. തൽക്കാലം, ഭീഷണിക്ക് വഴങ്ങുകയല്ലാതെ സഭയ്ക്ക് മറ്റു നിവൃത്തിയില്ല. സഭ നേരിടുന്ന പ്രതിസന്ധികൾ നിരവധിയാണ്. ആവർത്തിക്കപ്പെടുന്ന കന്യാസ്ത്രീകളുടെ ദുർമരണങ്ങൾ, ആർച്ച് ബിഷപ്പ് ആലഞ്ചേരി അടക്കമുള്ളവരുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മറിയുന്ന കോടികൾ തുടങ്ങി ഒട്ടനവധി കാരണങ്ങളാൽ സഭ പ്രതിരോധത്തിലാണ്. അഭയ, ദിവ്യ തുടങ്ങി 20ലേറെ കന്യാസ്ത്രീകളാണ് കേരളത്തിലെ മഠങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത് (കന്യാസ്ത്രീ മഠങ്ങളിലെ കിണറുകള്‍ ........, i2i ന്യൂസ്, 13 May 20). ബിലീവേഴ്സ് ചര്‍ച്ച് മേധാവിയായിരുന്ന പരേതനായ ബിഷപ്പ് കെ പി യോഹന്നാൻ, വിദേശരാജ്യങ്ങളില്‍നിന്ന് കോടികള്‍ കടത്തിയ കേസില്‍ വിവിധ സര്‍ക്കാര്‍ ഏജൻസികളിൽ നിന്ന്, അന്വേഷണം നേരിട്ടിരുന്നു. 2022 അവസാനിക്കുന്ന അഞ്ചുവർഷക്കാലം മാത്രം 6,000 കോടി രൂപ നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്തിയതായി അന്വേഷണ വകുപ്പ് കണ്ടെത്തിയിരുന്നു (ആത്മീയ പ്രവർത്തനങ്ങൾക്ക് കൃത്രിമത്വങ്ങൾ ചെയ്യാൻ......, ഡൂൾ ന്യൂസ്, 29 Nov 20). 2022 സെപ്തംബറിൽ ജബൽപൂർ ബിഷപ്പ് ഹൗസിൽ നടന്ന റെയ്ഡിൽ നിരവധി ആഭരണങ്ങൾ, പണം, വിദേശ കറൻസി എന്നിവയുടെ വൻ ശേഖരമാണ് പിടിച്ചെടുത്തത്. കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപയുടെ ഇന്ത്യൻ കറൻസി, യു.എസ് ഡോളർ, ബ്രിട്ടീഷ് പൗണ്ട് അനധികൃത സ്വത്തിന്‍റെ രേഖകൾ, 48 ബാങ്ക് അനധികൃത പാസ് ബുക്കുകൾ എന്നിവയാണ് കണ്ടെത്തിയത്. എണ്ണിത്തിട്ടപ്പെടുത്തിയാൽ മാത്രമേ കൃത്യമായ കണക്കുകൾ പറയാനാകൂ എന്ന് അധികൃതർ അന്ന് അറിയിച്ചു. ഇത്തരം ചക്രവ്യൂഹത്തിൽ സ്വയം അകപ്പെട്ടതുകൊണ്ടാണ് ബിഷപ്പ് പാംപ്ലാനിക്ക് രാജ്യം ഇപ്പോൾ ഭരിക്കുന്നത് സംഘപരിവാരം ആണെന്നും കന്യാസ്ത്രീകളെ ആക്രമിച്ചത് ഭരണകൂടത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥർ ആണെന്നും ഇനിയും ബോധ്യപ്പെടാത്തത്.
ഉത്തരേന്ത്യയിലെ അധസ്ഥിത പിന്നാക്ക വിഭാഗങ്ങളുടെ ദാരിദ്ര്യം ചൂഷണം ചെയ്ത് മതപരിവർത്തനമാണ് സഭ ലക്ഷ്യം വയ്ക്കുന്നതെന്ന് സംഘപരിവാര ശക്തികൾ നിരന്തരം ആക്ഷേപമുയർത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും ദരിദ്ര അതിപിന്നാക്ക ജനത വസിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഇത്തരം ആരോപണങ്ങൾ ഇടയ്ക്കിടെ ഉയരാറുണ്ട്. ഇഷ്ടപ്പെട്ട ഏത് വിശ്വാസവും രാഷ്ട്രീയ നിലപാടുകളും സ്വീകരിക്കാൻ ഏവർക്കും അവകാശമുണ്ട്. പക്ഷേ, അത് സമ്മർദ്ദത്തിലൂടെയും ദാരിദ്ര്യം ചൂഷണം ചെയ്തും ആവരുത്. യാഥാർഥ്യങ്ങൾ അങ്ങനെ അല്ല എന്ന് തെളിയിക്കേണ്ടത് സഭയുടെ ബാധ്യതയാണ്. ദക്ഷിണാഫ്രിക്കയിലെ ആംഗ്ലിക്കൽ ബിഷപ്പ് ഡെസ്മണ്ട് ടുട്ടു പറഞ്ഞത് ശ്രദ്ധേയമാണ്. 'മിഷിണറിമാർ ആഫ്രിക്കയിലേക്ക് വന്നപ്പോൾ അവരുടെ കൈയിൽ ബൈബിളും ഞങ്ങളുടെ കൈയിൽ ഭൂമിയും ഉണ്ടായിരുന്നു. അവർ ഞങ്ങളോട് അവരോടൊപ്പം പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. ഞങ്ങൾ കണ്ണടച്ചു പ്രാർഥിച്ചു. കണ്ണ് തുറന്നപ്പോൾ അവരുടെ ബൈബിൾ ഞങ്ങളുടെ കൈയിലും ഞങ്ങളുടെ ഭൂമി അവരുടെ കൈയിലുമായിരുന്നു.' (Can We Trust the Colonialist Bible ?, Jeremiah Von Kuhn, January 21, 2020, TGC). സാമ്രാജ്യത്വം ആഫ്രിക്കയിൽ അതിക്രമിച്ചു കടന്നതിന്റെയും ഉള്ളിൽ ഒളിപ്പിച്ച അവരുടെ മിഷനറി അജണ്ടയുടെയും ചരിത്രപരമായ വസ്തുതകളെയും യാഥാർഥ്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ശക്തവും സംക്ഷിപ്തവുമായ പ്രസ്താവനയാണിത് (When the Whites came to our country......, Quora.com, 3 Dec 19).
ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ വിവാദങ്ങൾ സൃഷ്ടിക്കുന്നതിലൂടെ സഭയ്ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. സംഘപരിവാര ശക്തികളെ സുഖിപ്പിച്ച് കൈയിലെടുക്കുക, അതുവഴി കിട്ടാവുന്ന നേട്ടങ്ങൾ കൈയടക്കുക, തങ്ങൾ ഇതുവരെ കൈയടക്കി വച്ചിരുന്ന സർക്കാർ ഉദ്യോഗസ്ഥ - അധികാര മേഖലകളിലെ അതീശത്വം നിലനിർത്തുക, മലയോര-കുടിയേറ്റ മേഖലകളിലും ഇതര പ്രദേശങ്ങളിലും അനധികൃതമായി കൈയടക്കിയ ഭൂമിയും പൊതുമുതലും ജനശ്രദ്ധയിൽനിന്നു മറച്ചു പിടിക്കുക, സംഘപരിവാര ശക്തികൾക്ക് ഇതര വിശ്വാസങ്ങളോടുള്ള ശത്രുതയുടെയും വിദ്വേഷത്തിന്റെയും മുന മുസ്‌ലിം സമുദായത്തിനെതിരേ തിരിച്ചുവിടുകവഴി സ്വയം രക്ഷപ്പെടുക, ഇസ്‌ലാമിനും ക്രിസ്ത്യാനിറ്റിക്കും ഇടയിലുള്ള പൊതുവിശ്വാസങ്ങളിൽ നടന്നേക്കാൻ സാധ്യതയുള്ള സംവാദങ്ങളിൽനിന്നു വിശ്വാസികളെ തടഞ്ഞു നിർത്തുക തുടങ്ങി പലതും. മുസ്‌ലിം-ഈഴവ വിഭാഗങ്ങളിൽ അടുത്തകാലത്ത് ഉണ്ടായ സാമ്പത്തിക- സാമൂഹിക- വിദ്യാഭ്യാസ മുന്നേറ്റം സഭയെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. അധികാരത്തിലും ഉദ്യോഗസ്ഥ മേഖലയിലും തങ്ങൾ കൈയടക്കി വച്ചിരിക്കുന്ന മേധാവിത്വം ഇതുവഴി നഷ്ടപ്പെടുമോ എന്ന ഭയം സഭയെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത്തരം പ്രതിസന്ധികളും ആശങ്കകളും സൃഷ്ടിക്കുന്ന പിരിമുറുക്കം ശക്തമാകുമ്പോൾ ലൗ ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് തുടങ്ങി ഓരോരോ വെടി ഇടയ്ക്കിടെ സഭ പൊട്ടിച്ചുകൊണ്ടിരിക്കും.
അടുത്തകാലത്ത് രാജ്യത്തുടനീളം ഏറ്റവും ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ വിഷയമാണ് കന്യാസ്ത്രീകളുടെ അറസ്റ്റും അധികാരികളുടെ ഭാഗത്തുനിന്ന് തുടർന്നുണ്ടായ നടപടികളും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രൂക്ഷ വിമർശനവും താക്കീതുമായി രംഗത്തെത്തി. അറസ്റ്റിനെതിരേ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ഒന്നായി പ്രതിഷേധിച്ചു. 'ഞങ്ങള്‍ നിശ്ശബ്ദരായിരിക്കില്ല. മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണം അനീതിയുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം' രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇൻഡ്യ മുന്നണി, ഒരു പ്രതിനിധി സംഘത്തെ തന്നെ ഛത്തീസ്ഗഡിലേക്ക് അയക്കാനും അറസ്റ്റിലായ കന്യാസ്ത്രീകളെ ആശ്വസിപ്പിക്കാനും തീരുമാനമെടുത്തു. ജാതി മത രാഷ്ട്രീയ വൈവിധ്യങ്ങൾക്ക് ഉപരിയായി രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അറസ്റ്റിനെയും തുടർന്നുള്ള നടപടികളെയും ശക്തമായി അപലപിച്ചു. ഒരു ജനാധിപത്യ സമൂഹത്തിൽ അനിവാര്യമായും ഉണ്ടാവേണ്ട ശ്ലാഘനീയമായ സമീപനം. പക്ഷേ, ആ സന്തോഷത്തിലും ഒരു കല്ലുകടി ബാക്കിയാവുന്നു. അസം എന്ന സംസ്ഥാനവും ഇന്ത്യയുടെ ഭാഗം തന്നെയാണ്. അവിടെയുള്ള ജനങ്ങളും വിചാരവികാരങ്ങളുള്ള പച്ച മനുഷ്യരാണ്; പക്ഷേ, മുസ്‌ലിംകളാണ്. അടുത്തിടെ കുടിയൊഴിപ്പിക്കപ്പെട്ടത് 8,000 കുടുംബങ്ങളാണ്. ഈ വിഷയത്തിൽ എന്തുകൊണ്ട് നമ്മുടെ ജനാധിപത്യത്തിന്റെ കാവൽക്കാർ ഉണരുന്നില്ല; ഞെട്ടുന്നില്ല, പ്രസ്താവനകളും താക്കീതകളുമായി മുന്നോട്ടു വരുന്നില്ല എന്നതാണ് മനസ്സിലാവാത്തത്. കലാപകാലത്ത് മണിപ്പൂർ സന്ദർശിച്ച രാഹുൽഗാന്ധിക്ക് അതേ കാലത്ത് മുസ്‌ലിം വിരുദ്ധ കലാപം നടന്ന ഡൽഹി നഗരത്തിന് തൊട്ടപ്പുറമുള്ള നൂഹ് സന്ദർശിക്കേണ്ടതാണെന്ന് തോന്നിയില്ല. യുപിയിലെ അക്ബർ നഗറിൽ ഒൻപത് ദിവസം കൊണ്ട് 1,200ലധികം കെട്ടിടങ്ങൾക്ക് നേരെയാണ് ബുൾഡോസർരാജ് നടപ്പാക്കിത്. കന്നുകാലി കടത്തിന്റെ പേരിലും വ്യാജ മോഷണക്കുറ്റങ്ങൾ ചുമത്തിയും നിരവധി ആളുകൾ ദിനേന ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരയാകുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ ഒന്നൊന്നായി വ്യാജ ആരോപണങ്ങളും അവകാശങ്ങളും ഉയർത്തി തകർക്കുന്നു. ഇവിടെയൊന്നും ഞെട്ടാൻ കഴിയാത്ത ജനാധിപത്യത്തെയും മതേതരത്വത്തെയും അവ സംരക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്ന മഹാരഥന്മാരെയും മനസ്സിലാവുന്നില്ല.

