സിദ്ദീഖ് കാപ്പനെ കുടുക്കിയവരിൽ മനോരമ -ഓര്‍ഗനൈസര്‍ ജേണലിസ്റ്റുകളും; ആരോപണം ശരിവച്ച് കുറ്റപത്രം

പത്ര പ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകത്തോടും ഭാരവാഹികളോടുമുള്ള പകയുടെ പേരില്‍ നിരപരാധിയായ സിദ്ദീഖ് കാപ്പനെ കൊടും കുറ്റവാളിയും വര്‍ഗ്ഗീയ പ്രചാരകനുമാക്കി ചിത്രീകരിച്ചാണ് ബിനു വിജയനും ശ്രീദത്തനും പോലിസിന് തെളിവു നല്‍കിയിരിക്കുന്നത്

Update: 2021-12-28 12:11 GMT

കോഴിക്കോട്: മലയാളി മാധ്യമ പ്രവര്‍ത്തകനും കേരള യുനിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി ജയിലിലടപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മലയാള മനോരമ ലേഖകനും ഓര്‍ഗനൈസര്‍ അസോഷ്യേറ്റ് എഡിറ്ററുമാണെന്ന ആരോപണത്തെ ശരിവച്ച് യുപി പോലിസിന്റെ കുറ്റപത്രം. സിദ്ദീഖ് കാപ്പന്‍ ഡല്‍ഹിയില്‍ നിന്ന് ഹാത്രാസിലേക്ക് പുറപ്പെട്ടത് മുതല്‍ നിരീക്ഷിച്ചാണ് മഥുര ടോള്‍പ്ലാസയില്‍ വച്ച് പോലിസ് അറസ്റ്റ് ചെയ്തത്. യാത്രയെ സംബന്ധിച്ച് വിവരം നല്‍കിയതിന്റെ പിന്നിലും ആരോപിതരാണെന്ന ഉറപ്പിക്കുന്നതാണ് ചാര്‍ജ്ജ് ഷീറ്റിലെ പരാമര്‍ശങ്ങള്‍. മനോരമയുടെ ഡല്‍ഹി ലേഖകനായിരുന്ന ബിനു വിജയന്‍ ആര്‍എസ്എസിന്റെ മുഖ പത്രമായ ഓര്‍ഗനൈസറിന്റെ അസോഷ്യേറ്റ് എഡിറ്റര്‍ ജി ശ്രീദത്തന് അയച്ച ഇ മെയില്‍ സന്ദേശം യുപി എടിഎസ് സിദ്ദീഖ് കാപ്പനെതിരേയുള്ള ചാര്‍ജ്ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 2020 നവംബര്‍ 23 ന് ആണ് ബിനു വിജയന്‍ ഈ ഇമെയില്‍ അയക്കുന്നത്. സിഎഎ വിരുദ്ധപ്രക്ഷോഭം, ജാമിഅ മില്ലിയ വിദ്യാര്‍ഥി പ്രക്ഷാഭം എന്നീ സംഭവങ്ങളില്‍ മത വികാരം ഇളക്കിവിടുന്ന തരത്തില്‍ സിദ്ദീഖ് കാപ്പന്‍ വാര്‍ത്തകള്‍ നല്‍കിയെന്നും ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയുടെ ലേഖകരെ അത്തരം വാര്‍ത്തകള്‍ നല്‍കാന്‍ പ്രേരിപ്പിച്ചു എന്നുമൊക്കെയാണ് ഇരുവരും പോലിസിന് മൊഴികൊടുത്തതായി പറയുന്നത്. കെയുഡ്ബ്ലിയുജെ ഡല്‍ഹി ഘടകത്തിന്റെ 25 ലക്ഷം സെക്രട്ടറിയായ സിദ്ധീഖ് കാപ്പന്‍ തിരിമറി നടത്തി എന്ന വാദവും മനോരമ ലേഖകന്‍ ബിനു വിജയന്‍ ഉന്നയിച്ചതായി ചാര്‍ജ് ഷീറ്റിലുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് കെയുഡബ്ലിയുജെ സംസ്ഥാന പ്രസിഡന്റ് കെ പി റജി ന്യൂസ് ലോന്‍ഡറിയോട് പ്രതികരിച്ചിരുന്നു. ഇപ്പോള്‍ പാട്‌നയില്‍ മനോരമ ലേഖകനായി പ്രവര്‍ത്തിക്കുന്ന ബനു വിജയന്‍ സംഘപരിവാരത്തിന് വേണ്ടി ആരോപണം പടച്ചു വിടുകയായിരുന്നുവെന്ന് വ്യക്തം. പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകത്തിനെതിരേ ബിനു ബിജയന്‍ 2018 കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ അത് ജ്യൂറിസ്ഡിക്ഷനില്‍ വരുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളി. എന്നാല്‍ ചാര്‍ജ് ഷീറ്റില്‍ ഈ കേസ് ഹൈക്കോടതിയില്‍ പെന്റിങിലാണ് എന്നാണ് കാണിച്ചിരിക്കുന്നത്. അത്രവലിയ തുക ഡല്‍ഹി ഘടകത്തിന് വിനിയോഗിക്കാന്‍ ഉണ്ടായിട്ടില്ല എന്നാണ് കെയുഡബ്ലിയുജെ ഭാരവാഹികള്‍ പറയുന്നത്.

 2003 മുതല്‍ 2017 വരേയാണ് ബിനു വിജയന്‍ ഡല്‍ഹിയില്‍ മനോരമ ലേഖകനായിരുന്നത്. ഇപ്പോള്‍ പാട്‌ന ലേഖകനാണ്. സിദ്ദീഖ് കാപ്പന്‍ കേസിലെ അന്വേഷണോദ്യോഗസ്ഥരെ ഉദ്ധരിച്ച് 2020 ഡിസംബര്‍ 31ന് തനെ ബിനുവിജയനാണ് സിദ്ദീഖ് കാപ്പനെതിരെ ഇ മെയില്‍ സന്ദേശമയച്ചതെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കാപ്പന്‍ വിഭാഗീയമായ വാര്‍ത്തകള്‍ നല്‍കി കലാപത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു അന്ന് അന്വേഷണോദ്യോഗസ്ഥന്‍ പറഞ്ഞിരുന്നത്.

സിദ്ദീഖ് കാപ്പന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മാസങ്ങള്‍ക്കു മുമ്പ് അദ്ദേഹം ഓര്‍ഗനൈസറിന്റെ അസോഷ്യേറ്റ് എഡിറ്റര്‍ ജി ശ്രീദത്തന് ഒരു മാനനഷ്ട നോട്ടീസ് അയച്ചിരുന്നു. ഇതാണ് സിദ്ധീഖ് കാപ്പനെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കുടുക്കാന്‍ ശ്രീദത്തനെ പ്രരിപ്പിച്ചതെന്നാണ് ആരോപണം. നോയിഡയിലെ എസ്ടിഎഫ് ഓഫിസിലെത്തി തെളിവുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പേപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നു കൂടി ശ്രീദത്തന്‍ പറഞ്ഞിരുന്നു. കെയുഡ്ബ്ലിയുജെ ഡല്‍ഹി ഘടകത്തിന്റെ ബാങ്ക് എക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് കോപ്പി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നില്‍ ആരാണെന്ന് സിദ്ദീഖ് കാപ്പന്‍ ഫെഡറല്‍ ബാങ്കുമായി ആശയവിനിമയം നടത്തിയിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം ബ്രാഞ്ചിലെ ക്ലര്‍ക്കാണ് 2020 ഏപ്രില്‍ 20 പ്രസ്തുത എക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ഡൗണ്‍ ലോഡ് ചെയ്തതും ബിനു വിജയന് അയച്ച് കൊടുത്തതും.

പത്ര പ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകത്തോടും ഭാരവാഹികളോടുമുള്ള പകയുടെ പേരില്‍ നിരപരാധിയായ സിദ്ദീഖ് കാപ്പനെ കൊടും കുറ്റവാളിയും വര്‍ഗ്ഗീയ പ്രചാരകനുമാക്കി ചിത്രീകരിച്ചാണ് ബിനു വിജയനും ശ്രീദത്തനും പോലിസിന് തെളിവു നല്‍കിയിരിക്കുന്നത്. മാന്യമായി ജോലി ചെയ്യുന്ന തങ്ങള്‍ക്കൊക്കെയുള്ള ഒരു മുന്നറിയിപ്പാണ് സിദ്ദീഖ് കാപ്പന്‍ സംഭവമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സെക്രട്ടറി എം പ്രശാന്ത് പറഞ്ഞതായി ന്യൂസ് ലോന്‍ഡറി റിപ്പോര്‍ട്ട് ചെയ്തു. മനോരമ ലേഖകന്‍ ബിനുവിജയന്റെ സന്ദേശം പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇതിനുള്ള തെളിവുകള്‍ എടിഎസ് സൂചിപ്പിക്കുന്നില്ല.

Tags:    

Similar News