ഭീമ കൊറേഗാവ് കേസ്; വരവരറാവു അടക്കം മൂന്ന് പേര്‍ക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

കഴിഞ്ഞ ഡിസംബറിലെ ജാമ്യം നിഷേധിച്ച ഉത്തരവ് പുനപരിശോധിക്കണമെന്ന മൂവരുടെയും ആവശ്യം ബോംബെ ഹൈക്കോടതി തള്ളി

Update: 2022-05-04 10:28 GMT

മുംബൈ:ഭീമ കൊറെഗാവ് കേസില്‍ തെലുങ്ക് കവി പി വരവരറാവു അടക്കം മൂന്ന് പേര്‍ക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി. വരവരറാവുവിനെ കൂടാതെ ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ഡിസംബറിലെ ജാമ്യം നിഷേധിച്ച ഉത്തരവ് പുനപരിശോധിക്കണമെന്ന മൂവരുടെയും ആവശ്യം ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ് എസ് ഷിന്‍ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ജാമ്യം നിഷേധിച്ചുക്കൊണ്ടുള്ള മുന്‍ ഉത്തരവില്‍ വസ്തുതാപരമായ പിശകുകള്‍ ഉണ്ടെന്നായിരുന്നു വരവരറാവു, അരുണ്‍ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വസ് എന്നിവരുടെ വാദം. കഴിഞ്ഞ ഡിസംബറില്‍ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി, മറ്റ് എട്ട് പ്രതികള്‍ക്ക് ജാമ്യം നിരസിച്ചിരുന്നു.

ഇതിനിടെ മറ്റൊരു ബെഞ്ച്, തിമിര ശസ്ത്രക്രിയക്കായി വരവരറാവുവിന് ഇടക്കാല ജാമ്യം മാത്രം അനുവദിച്ചിരുന്നു. കൊറെഗാവ് യുദ്ധവാര്‍ഷികവുമായി ബന്ധപ്പെട്ട് 2018 ജനുവരി ഒന്നിനുണ്ടായ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ദലിതരും മറാത്തികളും തമ്മിലുണ്ടായ യുദ്ധത്തില്‍ ദലിതുകള്‍ വിജയിച്ചതിന്റെ 200ാം വാര്‍ഷികാചരണ ഭാഗമായി 2018 ജനുവരി ഒന്നിനു പൂനെ ജില്ലയിലെ ഭീമാ കൊറെഗാവില്‍ നടന്ന പരിപാടിയില്‍ സംഘര്‍ഷമുണ്ടായെന്ന് ആരോപിച്ചാണ് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ചത്. 2017 ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പാരീസില്‍ പ്രസംഗിച്ച രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരേ പോലും പൂനെ പോലിസ് കേസെടുത്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇവരുടെ പ്രസംഗമാണ് സംഘര്‍ഷത്തിനു കാരണമെന്ന് പറഞ്ഞ് യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാര്‍ പരിപാടിയുടെ സംഘാടകര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കേസെടുത്തത്.ഭീമ കൊറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്നാരോപിച്ച് സുധീര്‍ ധാവ്‌ല, ഷോമ സെന്‍, റോണ വില്‍സണ്‍, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വരവര റാവു, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിങ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്ത് തടങ്കിലിട്ടത്.ഇവര്‍ ശ്രദ്ധിക്കപ്പെടുന്ന പൗരാവകാശ പ്രവര്‍ത്തകരും നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിമര്‍ശകരുമാണ്.




Tags:    

Similar News