ഗസയിലെ ഒറ്റുകാരൻ

Update: 2025-07-08 12:50 GMT

അബ്ദുല്ല അൻസാരി

ഏത് വിമോചന പോരാട്ടത്തിലും ശത്രുവിന്റെ കൈയിലെ കളിപ്പാവയാവാൻ തയ്യാറുള്ള കള്ളനാണയങ്ങളും ഒറ്റുകാരും ആഭ്യന്തര സംഘർഷം സൃഷ്ടിക്കുന്ന അരാജകത്വം മുതലെടുക്കാൻ ശ്രമിക്കുന്ന വഞ്ചകരും ഉണ്ടാവും. ഫലസ്തീനിലും അതുണ്ട്. ഇസ്രായേൽ പിന്തുണയിൽ ഹമാസ് വിരുദ്ധ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഫലസ്തീൻ ഒറ്റുകാരനാണ് യാസർ അബൂ ശബാബ്. ഇസ്‌ലാമിക് സ്റ്റേറ്റ്സുമായി (ISIS) ഇയാൾക്കുള്ള ബന്ധം മുമ്പ് തന്നെ കുപ്രസിദ്ധമാണ്. താൻ നിരവധി സ്രോതസ്സുകളിൽനിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നുണ്ടെന്ന് ശബാബ് തന്നെ സമ്മതിക്കുന്നു. എന്നാൽ അവയുടെ പേര് വെളിപ്പെടുത്താൻ അയാൾ തയ്യാറായില്ല. 'ഹമാസിനെതിരായ ആഭ്യന്തരയുദ്ധം ഉടനെയൊന്നും അവസാനിപ്പിക്കാൻ പോകുന്നില്ല' അയാൾ ഞായറാഴ്ച (06-07-25) കെഎഎൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ഊന്നിപ്പറഞ്ഞു.

പോപുലർ ഫോഴ്സ് എന്ന മിലിഷ്യ ഗ്രൂപ്പിന്റെ കമാൻഡറായ ഇയാൾ തന്റെ നിലപാടും അജണ്ടയും സംബന്ധിച്ച് കഴിഞ്ഞവർഷം തുടക്കത്തിൽ ഒരു അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. 'ഇസ്രായേലുമായി സഹകരിക്കുന്നു എന്ന ആരോപണം ഞാൻ നിഷേധിക്കുന്നു. എന്നാൽ ഫലസ്തീൻ അതോറിറ്റിയുമായുള്ള എൻ്റെ ബന്ധം സുദൃഢമാണ്. ഭാവിയിൽ മാനുഷിക സഹായ വിതരണം പോലുള്ള വിഷയങ്ങളിൽ ഐഡിഎഫു (Israel Defense Forces) മായി സഹകരിക്കാനുള്ള സാധ്യത ഞാൻ തള്ളിക്കളയുന്നുമില്ല. തൻ്റെ സൈന്യം ഗസ മുനമ്പിൽ, പ്രത്യേകിച്ച് റഫ പ്രദേശത്ത് ഹമാസിനെതിരേ സജീവമായി രംഗത്തുണ്ട്' - അയാൾ വെളിപ്പെടുത്തി.

ഗസയിലേക്ക് മയക്കുമരുന്ന് കടത്തായിരുന്നു നേരത്തെ ഇയാളുടെ പണി. ഇക്കാരണത്താൽ ഹമാസ് പിടികൂടി വിചാരണയ്ക്കു ശേഷം ജയിലിലടച്ചു. 2023ല്‍ ഇസ്രായേല്‍ ആക്രമണത്തിൽ ജയില്‍ തകർത്തതോടെ പുറത്തു ചാടി. തുടർന്ന് ഇസ്രായേലിന്റെ റിമോട്ട് കൺട്രോൾ പ്രകാരം പ്രവർത്തിക്കാൻ പ്രതിജ്ഞ ചെയ്ത് പോപുലര്‍ ഫോഴ്സ് എന്ന മിലീഷ്യ സംഘത്തിന് രൂപം നൽകി. ആയുധങ്ങളും പണവും ഇസ്രായേൽ നല്‍കും (Sources confirm Israel arming Gazan gang to bolster opposition to Hamas, Febian Imanuel, 2 Jun 25, The Times of Israel). പണത്തിനു വേണ്ടി എന്ത് നെറികേടുകൾക്ക് കൂട്ടുനിൽക്കാനും കൂട്ടക്കൊലകൾ നടത്താനും ആൾക്ക് മടിയില്ല. റഫയില്‍ മാത്രം ഇയാൾക്ക് 300ലധികം സായുധരായ അനുയായികളുണ്ട്. എല്ലാവരും മുന്‍ ക്രിമിനലുകളും നിരവധി തവണ ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടവരുമാണ്.

പോപുലർ ഫോഴ്സിനെയാണ് ഇസ്രായേല്‍ ഇപ്പോള്‍ ഹമാസിനെതിരേ ഗ്രൗണ്ടിൽ പോരാടാന്‍ ഉപയോഗിക്കുന്നത്. ജൂത സൈന്യത്തിൻ്റെ അംഗബലം അടുത്തിടെ വളരെയേറെ കുറഞ്ഞിട്ടുണ്ട്. ഉള്ളവർ തന്നെ രണഭൂമിയിൽ നിന്ന് ഏതുവിധേനയും രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു. സഹപ്രവർത്തകരുടെ തുടരെത്തുടരെയുള്ള മരണങ്ങളും അംഗവൈകല്യങ്ങളും അവരെ ചകിതരാക്കുന്നു. ഇസ്രായേല്‍ പിന്തുണയുള്ള ക്രിമിനല്‍ സംഘങ്ങൾ ഗസയെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് വ്യത്യസ്ത തലങ്ങളിൽനിന്ന് ആശങ്കയും മുന്നറിയിപ്പും ഇതിനകം ഉയർന്നുവന്നിട്ടുണ്ട്.

ഗസയിലേക്ക് എത്തുന്ന ഭക്ഷണവും മറ്റു സഹായങ്ങളും വഴിമധ്യേ ഇവർ കൊള്ളയടിക്കുന്നു. സഹായ വസ്തുക്കളുമായി എത്തുന്ന ട്രക്കുകൾ ഇസ്രായേലും ഈജിപ്തും അതിർത്തി പങ്കിടുന്ന തന്ത്രപ്രധാനമായ കെരെം ഷാലോം (Kerem Shalom) കടന്നുവേണം ഗസയിൽ എത്താൻ. അബൂ ശബാബ് ഇവിടെ നിരവധി അനധികൃത ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇസ്രായേലി സേനയുടെ പിന്തുണയുള്ള ക്രിമിനല്‍ സംഘങ്ങളാണ് ഗസയിലേക്ക് വരുന്ന സഹായ വസ്തുക്കള്‍ മോഷ്ടിക്കുന്നതെന്ന് അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിന്റെ (Office for the Voordinates of Himanitarian Affairs) തലവൻ ജോനാഥന്‍ വിറ്റല്‍ പറഞ്ഞു. ഹമാസ് കേന്ദ്രങ്ങളിൽനിന്ന് ഇസ്രായേല്‍ സേന പിടിച്ചെടുത്ത ആയുധങ്ങളും പടക്കോപ്പുകളും അബൂ ഷബാബിന്റെ സംഘത്തിന് കൈമാറിയതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേലും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗസയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളിൽ ഹമാസിനെതിരേയുള്ള പ്രതിപക്ഷ നേതാവായി അബൂ ശബാബ് ഇതിനകം ഉയർന്നുവന്നിട്ടുണ്ട്. 2024 മെയ് മാസത്തിൽ, റഫ ആക്രമണകാലത്ത് ഗസയിലേക്ക് പ്രവേശിക്കുന്ന മാനുഷിക സഹായ വാഹനവ്യൂഹങ്ങൾക്ക് സുരക്ഷ ഒരുക്കുകയാണെന്ന് അവകാശപ്പെട്ട് അയാളുടെ സംഘം ട്രക്കുകൾ കൊള്ളയടിക്കാൻ തുടങ്ങി (How the rollout of new Gaza aid system collapsed into chaos, Dial Sam, Sky News, 29 May 2025). അബൂ ശബാബിന്റെ അതേ ജനുസ്സിൽ പെടുന്ന ഒരു കൂട്ടം പുരോഹിത വർഗമാണ് കഴിഞ്ഞദിവസം യൂറോപ്യൻ ലീഡർഷിപ്പ് നെറ്റ്‌വർക്ക് (Elnet) എന്ന പേരിൽ ഇസ്രായേൽ സന്ദർശിച്ച് തങ്ങളുടെ പിന്തുണ അറിയിച്ചത്. വിവിധ വിവാദങ്ങളിൽ അകപ്പെട്ട് 'ജൂതന്മാരുടെ ഇമാം' എന്ന അപരനാമത്തിൽ കുപ്രസിദ്ധനായ ഹസൻ ചൽഗൗമിയാണ് സംഘത്തലവൻ.

'ഹമാസ് അത്ര വേഗത്തിൽ തുടച്ചുനീക്കാൻ കഴിയുന്ന യാഥാർഥ്യമല്ലെന്നു ബോധ്യപ്പെട്ടതോടെ കാലഹരണപ്പെട്ട ഫലസ്തീനിലെ പഴയ ഗോത്രവർഗ ശീലുകൾ പുനരുജ്ജീവിപ്പിച്ച് ഫലസ്തീനികൾക്കിടയിൽ ഭിന്നിപ്പും ചേരിതിരിവും സൃഷ്ടിക്കാനാണ് ഇസ്രായേലിന്റെ ശ്രമം. ഇത്തരമൊരു അജണ്ടയുടെ ഭാഗമായി കൂടിയാണ് റഫയിലെ തരാബിൻ എന്ന ബദൂയിൻ ഗോത്രത്തിൽ പെട്ട അബൂ ശബാബിനെ ഗസയിലെ തങ്ങളുടെ കങ്കാണിയായി തിരഞ്ഞെടുത്തത് തന്നെ. ഇതിലൂടെ ഹമാസിനെ നിഷ്പ്രഭമാക്കാൻ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാൽ, കാലങ്ങളായി തുടരുന്ന അടിച്ചമർത്തലുകളും കുടിയിറക്കലുകളും അത്തരമൊരു ഗൂഢപദ്ധതി വിജയിപ്പിച്ചെടുക്കാൻ കഴിയാത്ത വിധം ഫലസ്തീൻ സമൂഹത്തിൽ ഐക്യദാർഢ്യ ശൃംഖലകൾ ആഴത്തിൽ രൂപപ്പെട്ടിട്ടുണ്ട് എന്ന വസ്തുത അവർ മറക്കുന്നു. വളരെ ആസൂത്രിതവും സമഗ്രവുമായ ഗ്രൗണ്ട് വർക്കിലൂടെ ഫലസ്തീനിലുടനീളം സമ്പൂർണ സ്വാതന്ത്ര്യത്തിന് അനുകൂലമായി പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിൽ ഹമാസ് വിജയിച്ചിട്ടുണ്ട്.' പാരീസ് സ്കൂൾ ഓഫ് ഇൻറർനാഷണൽ അഫയേഴ്സിലെ (Paris School of International Affairs) മിഡിൽ ഈസ്റ്റ് സ്റ്റഡീസ് വിഭാഗം പ്രഫ. ജീൻ പിയറി സിലു (Jean Pierre Filiu) അഭിപ്രായപ്പെടുന്നു.