ഷിന്‍ജിനി മജുംദാര്‍
പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ ജില്ലയില്‍ ഹിന്ദുത്വര്‍ നിരവധി മുസ്‌ലിംകളെ ആക്രമിക്കുകയും കെട്ടിയിടുകയും തെരുവിലൂടെ നടത്തിക്കുകയും ചെയ്ത സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കന്നുകാലികളെ കടത്തുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്ന് ആരോപിച്ചാണ് ഈ ആക്രമണം. ഏകദേശം ഒരു ആഴ്ച കഴിഞ്ഞിട്ടും, ക്രൂരമായ ആക്രമണത്തിന് നേതൃത്വം നല്‍കിയ ബിജെപി യുവ നേതാവ് പാരിജാത് ഗാംഗുലിയെ പിടികൂടിയിട്ടില്ല.
ജൂലൈ 31ന് ദുര്‍ഗാപൂര്‍ പട്ടണത്തിലെ കോക്ക് ഓവന്‍ പോലിസ് സ്‌റ്റേഷനില്‍നിന്ന് കഷ്ടിച്ച് 200 മീറ്റര്‍ അകലെയുള്ള ഡിപിഎല്‍ കോക്ക് ഓവന്‍ കോളനിയിലെ ഗാമണ്‍ ബ്രിഡ്ജിലാണ് സംഭവം നടന്നത്. അതിനുശേഷം വൈറലായ വീഡിയോകളില്‍, ആള്‍ക്കൂട്ടം അഞ്ച് പുരുഷന്മാരെ ആക്രമിക്കുകയും കെട്ടിയിടുകയും ചെയ്യുന്നതും അനധികൃതമായി പശുക്കളെ കടത്തിയെന്ന് ആരോപിച്ച് തെരുവില്‍ നടത്തുന്നതും കാണാം. പുരുഷന്മാരില്‍ ഒരാളുടെ കഴുത്തില്‍ കയര്‍ കെട്ടിയിരുന്നു. മറ്റുള്ളവരുടെ കൈകള്‍ ഒരുമിച്ച് കെട്ടിയിട്ടിരുന്നു.
കിരണ്‍ മാന്‍, ബസുദേബ് ബദ്യാകര്‍, അനീഷ് ഭട്ടാചാര്യ, ദീപക് ദാസ് എന്നീ നാല് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഇതിനെല്ലാം നേതൃത്വം നല്‍കിയ ഗാംഗുലിയെ ഇതുവരെ 'കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല'!
കന്നുകാലി കള്ളക്കടത്തുകാരെ പിടികൂടുന്നതിനിടെ, ഹിന്ദത്വരുടെ ഒരു സംഘം അവരെ ജയ് ശ്രീ റാം എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും വീണ്ടും കന്നുകാലികളെ കടത്തുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പുരുഷന്മാരുടെ ചെവികള്‍ പിടിച്ച് ഇരുത്താനും നിര്‍ബന്ധിച്ചു. തുടര്‍ന്ന് ആക്രമണം നടന്ന സ്ഥലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍നിന്ന് കന്നുകാലികളെ 'രക്ഷിക്കാന്‍' 'പശു രക്ഷക ഗുണ്ടകള്‍' പുറപ്പെട്ടു.
പിങ്ക് കുര്‍ത്തയും ഇരുണ്ട സണ്‍ഗ്ലാസും ധരിച്ച് ബിജെപി നേതാവ് പാരിജാത് ഗാംഗുലി സംഘത്തെ നയിക്കുന്നത് വീഡിയോകളില്‍ കാണാം. ആദ്യം അദ്ദേഹം രണ്ട് മുതിര്‍ന്ന പുരുഷന്മാരെ വളഞ്ഞിട്ട്, അവര്‍ എവിടെ നിന്നുള്ളവരാണെന്നും ആര്‍ക്കുവേണ്ടിയാണ് അവര്‍ 'കന്നുകാലികളെ വില്‍ക്കുന്നത്' എന്നും ചോദിച്ചു. ആര്‍ക്കും വേണ്ടിയല്ല തങ്ങള്‍ ഇത് ചെയ്യുന്നതെന്ന് ആ പുരുഷന്മാര്‍ ആവര്‍ത്തിച്ച് തല കുലുക്കിക്കൊണ്ടിരുന്നു. കള്ളക്കടത്തുകാരെന്ന് ആരോപിക്കപ്പെടുന്നവരെ പിടികൂടാന്‍ അയാള്‍ നാട്ടുകാരോട് നിര്‍ദേശിക്കുന്നത് കണ്ടു.
സംഭവത്തിനു ശേഷം പ്രാദേശിക മാധ്യമങ്ങളോട് സംസാരിച്ച ഗാംഗുലി, ട്രക്കില്‍ 20 ഓളം പശുക്കള്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. 'ഇതിന് പിന്നില്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയണം. അതിശയകരമെന്നു പറയട്ടെ, ഞങ്ങള്‍ പിടികൂടിയ എല്ലാവരും ജിഹാദികളാണ്. അവരെല്ലാം താടിയുള്ളവരും തൊപ്പി ധരിച്ചവരും പശുക്കളെ വില്‍ക്കുന്നവരുമാണ്... അവരെ മര്‍ദ്ദിച്ചാല്‍ അത് എന്റെ ഉത്തരവാദിത്തമല്ല. ഒരുപക്ഷേ, നാട്ടുകാര്‍ അത് ചെയ്തിരിക്കാം (അവരെ ആക്രമിച്ചിരിക്കാം)... അവര്‍ ജോയ്‌ദേബില്‍ നിന്നുള്ളവരാണെന്ന് പറയുന്നു. പക്ഷേ, അവര്‍ യഥാര്‍ഥത്തില്‍ അവിടെനിന്നുള്ളവരല്ല. അവരെല്ലാം ബംഗ്ലാദേശികളാണ്. അവര്‍ക്ക് ആധാര്‍ കാര്‍ഡുകളില്ല... ദുര്‍ഗാപൂരിലോ പശ്ചിമ ബംഗാളിലോ അത്തരം വിദേശികള്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല...' ഗാംഗുലി പറഞ്ഞു.
ഈ 'കച്ചവട'ത്തില്‍ പോലിസിനും പങ്കുണ്ടെന്ന് അയാള്‍ ആരോപിക്കുന്നു. കള്ളക്കടത്തുകാരെ ശാരീരികമായി ആക്രമിച്ചതായി പാരിജാത് നിഷേധിച്ചെങ്കിലും, മാധ്യമങ്ങളെ കാണുന്നതിനിടെ പിങ്ക് ടീഷര്‍ട്ട് ധരിച്ച് സമീപത്ത് നിന്നിരുന്നയാള്‍ ഇരകളെ വടികൊണ്ട് അടിക്കുന്നത് കാണാമായിരുന്നു. ദീപക് ദാസ് എന്നയാള്‍ ക്യാമറയില്‍ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിടിയിലായവരില്‍ ഒരാളായ നാസിമുദ്ദീന്‍ ഒരു റിപോര്‍ട്ടറോട് പറഞ്ഞു: 'ആക്രമണം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെയുള്ള ജെമുവ എന്ന പട്ടണത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്.' യാത്രയ്ക്കിടെ പല സ്‌റ്റോപ്പുകളിലും പോലിസിന് പണം നല്‍കേണ്ടി വന്നിട്ടുണ്ടെന്നും 200 മുതല്‍ 500 രൂപ വരെയായിരുന്നു പണം നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വസംഘം നാല് മണിക്കൂറോളം അവരെ ബന്ദികളാക്കിയെന്നും ഈ സമയത്ത് അവരെ മര്‍ദ്ദിച്ചെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലികളെ തട്ടിയെടുത്ത് അടക്കം 5 മുതല്‍ 7 ലക്ഷം രൂപ വരെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.ആക്രമണത്തിനു പിന്നിലുള്ള 'ഗുണ്ടകള്‍' ഒരു 'പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി'യില്‍ പെട്ടവരാണെന്ന് ബംഗാള്‍ പോലിസ് പ്രസ്താവനയില്‍ പറഞ്ഞു.
പോലിസ് നിഷ്‌ക്രിയത്വം സംബന്ധിച്ച ആരോപണങ്ങള്‍
കോക്ക് ഓവന്‍ പോലിസ് സ്‌റ്റേഷന്‍ 200 മീറ്റര്‍ മാത്രം അകലെയാണെങ്കിലും ആക്രമണം നടന്ന സമയത്ത് പോലിസ് സ്ഥലത്തെത്തിയിരുന്നില്ല എന്ന് പാരിജാത് ഗാംഗുലിയും നസിമുദ്ദീനും പറഞ്ഞത് ശ്രദ്ധിക്കേണ്ടതാണ്. പാരിജാത്, ദീപക്, മറ്റ് 15 മുതല്‍ 20 വരെ പേര്‍ വാഹനം തടഞ്ഞുനിര്‍ത്തി, പുരുഷന്മാരെ സാരമായി ആക്രമിച്ചു. വാഹനത്തിന് കേടുപാടുകള്‍ വരുത്തി. അവരുടെ പക്കലുണ്ടായിരുന്ന ചെറിയ തുക പോലും എടുത്തുകൊണ്ടുപോയതായി പോലിസ് കമ്മീഷണര്‍ ചൗധരി പിന്നീട് ഒരു പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ പോലിസ് അടിയന്തരവും ശക്തവുമായ നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദാസും ഗാംഗുലിയും ബിജെപിയുമായി ബന്ധമുള്ളവരാണെന്നും പാരിജാത് ഗാംഗുലി പാര്‍ട്ടിയുടെ സംസ്ഥാന യുവജന വിഭാഗമായ ഭാരതീയ ജനത യുവ മോര്‍ച്ചയില്‍ പദവി വഹിച്ചിരുന്നുവെന്നും ചൗധരി സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം ഗാംഗുലി ഒളിവിലാണെന്നും അയാളുടെ വസതിയിലും മറ്റ് ഒളിത്താവളങ്ങളിലും റെയ്ഡ് നടത്തിയതായും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന്റെ വീഡിയോകള്‍ വൈറലായതിനെത്തുടര്‍ന്ന്, നിയമപ്രകാരമല്ല കന്നുകാലികളെ കൊണ്ടുപോയതെന്നാരോപിച്ച് ഇരകള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്യുമെന്ന് പാരിജാത് ഗാംഗുലി മറ്റൊരു മാധ്യമ പ്രസ്താവന നടത്തി. തന്റെ പേരില്‍ നൂറ് കേസുകള്‍ ഫയല്‍ ചെയ്താലും കുഴപ്പമില്ലെന്നും എന്നാല്‍ ഒരു പശുവിനെ പോലും നിയമവിരുദ്ധമായി കടത്തിവിടാന്‍ സമ്മതിക്കില്ലെന്നും അയാള്‍ പറഞ്ഞു. തനിക്കെതിരായ 'തെറ്റായ ആരോപണങ്ങള്‍ക്ക്' പിന്നില്‍ പ്രതിപക്ഷ നേതാക്കളാണെന്ന് പറഞ്ഞ അയാള്‍ മോഷണക്കുറ്റവും നിഷേധിച്ചു.
പശുഗുണ്ടായിസത്തിന്റെ ഗുണങ്ങള്‍
പശ്ചിമ ബംഗാളില്‍ 'പശു രക്ഷാ ഗുണ്ട'കളുടെ കേസുകള്‍ വളരെ അപൂര്‍വമാണെങ്കിലും, കന്നുകാലി കള്ളക്കടത്തുകാരെ പിടികൂടുന്നതില്‍ പരിജാത് ഗാംഗുലി ഉള്‍പ്പെടുന്നത് ഇതാദ്യമല്ലെന്ന് ആള്‍ട്ട് ന്യൂസ് കണ്ടെത്തി. ഏകദേശം ഒരു മാസം മുമ്പ്, ജൂലൈ 2ന്, രണ്ട് കന്നുകാലി വ്യാപാരികളെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ പരിജാതും അയാളുടെ സംഘവുമാണ്. ഗാംഗുലിയും സംഘവും വ്യാപാരികളെ പോലിസിന് മുന്നില്‍ വെച്ച് ശാരീരികമായി ആക്രമിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. വ്യാപാരികളെ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയിലുണ്ട്. പാരിജാത് ഗാംഗുലി പലപ്പോഴും ബിജെപി പശ്ചിമ ബംഗാളിലെ വമ്പന്മാരായ ബിജെപി സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ, രണ്ട് മുന്‍ പ്രസിഡന്റുമാരായ സുകാന്ത മജുംദാര്‍, ദിലീപ് ഘോഷ് എന്നിവരുമായി ഇടപഴകുന്നയാളാണ്.

