'ജൂറിയുടെ ഗസ വിരുദ്ധ പരാമര്‍ശം വെറുപ്പുളവാക്കുന്നത്'; ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ നിന്ന് പിന്മാറി അരുന്ധതി റോയ്

Update: 2026-02-14 08:01 GMT

ന്യൂഡല്‍ഹി: ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തെക്കുറിച്ച് ജൂറി അംഗങ്ങള്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അരുന്ധതി റോയ് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. അരുന്ധതി റോയ് തിരക്കഥയെഴുതിയ 'ഇന്‍ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വണ്‍സ് എന്ന ചിത്രം മേളയിലെ ക്ലാസിക് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് അവര്‍ മേളയില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജൂറി അംഗങ്ങളുടെ പരാമര്‍ശം വെറുപ്പും ഞെട്ടലുമുണ്ടാക്കിയെന്ന് പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ് പറഞ്ഞു. 'മനസ്സാക്ഷിക്ക് നിരക്കാത്ത പ്രസ്താവനകള്‍' എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

'കല രാഷ്ട്രീയമായിരിക്കരുത്' എന്ന ബെര്‍ലിന്‍ ഫെസ്റ്റിവല്‍ ജൂറി അംഗങ്ങളുടെയും അതിന്റെ ചെയര്‍മാനായ പ്രശസ്ത സംവിധായകന്‍ വിം വെന്‍ഡേഴ്സ് ഉള്‍പ്പെടെയുള്ളവരുടെയും സമീപകാല പരാമര്‍ശങ്ങള്‍ 'അമ്പരപ്പിക്കുന്നതായി' അരുന്ധതി റോയ് പറഞ്ഞു.

'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നമ്മുടെ മുന്നില്‍ അരങ്ങേറുമ്പോള്‍ പോലും ഇത്തരം പരാമര്‍ശങ്ങള്‍ എനിക്ക് ഞെട്ടലും വെറുപ്പും സൃഷ്ടിച്ചു. അരുദ്ധതി റോയ് പ്രതികരിച്ചു. ഗാസയിലെ യുദ്ധം നിര്‍ത്താന്‍ കലാകാരന്മാരും എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും അവരുടെ കഴിവിന്റെ പരമാവധി ചെയ്യണമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ഇത് വ്യക്തമായി പറയട്ടെ, ഗാസയില്‍ സംഭവിച്ചത്, ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇസ്രായേല്‍ ഫലസ്തീന്‍ ജനതയെ വംശഹത്യ ചെയ്യുന്നതാണ്,' അവര്‍ എഴുതി.

'യുഎസ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെയും യൂറോപ്പിലെ മറ്റ് നിരവധി രാജ്യങ്ങളുടെയും പിന്തുണയും ധനസഹായവും ഈ യുദ്ധത്തിന് ലഭിക്കുന്നു, ഇത് അവരെ കുറ്റകൃത്യത്തില്‍ പങ്കാളികളാക്കുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച ഫെസ്റ്റിവലിന്റെ ഒരു പാനലില്‍ സംസാരിക്കുന്നതിനിടെ, ജര്‍മ്മന്‍ സര്‍ക്കാര്‍ ഗാസയിലെ വംശഹത്യയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ജൂറി അംഗങ്ങളോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചു. ചലച്ചിത്ര പ്രവര്‍ത്തകര്‍ 'രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കണം' എന്നായിരുന്നു ഫെസ്റ്റിവലിന്റെ ഏഴ് അംഗ ജൂറിയുടെ ചെയര്‍മാനായ ജര്‍മ്മന്‍ ചലച്ചിത്ര നിര്‍മ്മാതാവ് വിം വെന്‍ഡേഴ്സന്റെ പ്രതികരണം.

'രാഷ്ട്രീയതയ്ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ നമ്മള്‍ നിര്‍മ്മിക്കുകയാണെങ്കില്‍, നമ്മള്‍ രാഷ്ട്രീയ മേഖലയിലേക്ക് പ്രവേശിക്കും. പക്ഷേ നമ്മള്‍ രാഷ്ട്രീയത്തിന് എതിരാണ്. നമ്മള്‍ രാഷ്ട്രീയത്തിന് വിപരീതമാണ്. നമ്മള്‍ ജനങ്ങളുടെ ജോലി ചെയ്യണം, രാഷ്ട്രീയക്കാരുടെ ജോലിയല്ല,'' വെന്‍ഡേഴ്‌സ് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകന്റെ ഈ ചോദ്യം അന്യായമാണ്' എന്ന് മറ്റൊരു ജൂറി അംഗവും പോളിഷ് ചലച്ചിത്ര നിര്‍മ്മാതാവുമായ ഇവ പുഷ്‌സിന്‍സ്‌ക പറഞ്ഞു. സര്‍ക്കാരുകള്‍ ഇസ്രായേലിനെയോ ഫലസ്തീനെയോ പിന്തുണയ്ക്കുന്നുണ്ടോ എന്നതിന് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ''ഉത്തരവാദികളാകാന്‍ കഴിയില്ല'' എന്നും അവര്‍ പറഞ്ഞു. 'വംശഹത്യ നടക്കുന്ന മറ്റ് നിരവധി യുദ്ധങ്ങളുണ്ട്, ഞങ്ങള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല,'' പുഷ്‌സിന്‍സ്‌ക കൂട്ടിച്ചേര്‍ത്തു.

യുഎസിനുശേഷം ഇസ്രായേലിലേക്ക് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ജര്‍മ്മനി, ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആളുകള്‍ സംസാരിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു. ബെര്‍ലിന്‍ ചലച്ചിത്ര മേളയിലും ഫലസ്തീന്‍ വിഷയം ഉയര്‍ന്ന് വരാതിരിക്കാന്‍ സര്‍ക്കാര്‍ നിരീക്ഷണവും നടപടികളും ശക്തമാണ്. ഫെബ്രുവരി 12ന് ആരംഭിച്ച് 22ന് അവസാനിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിലൊന്നാണ് ബെര്‍ലിനാലെ.