എമാൻ ഹില്ലിസ്
ഒരു വർഷം മുമ്പ്, എന്റെ പ്രിയ സുഹൃത്തും ബന്ധുവുമായ പത്രപ്രവർത്തക അംന ഹൊമൈദ് , അവരുടെ മൂത്ത മകൻ 11 വയസ്സുള്ള മഹ്ദിക്കൊപ്പം ക്രൂരമായി കൊല്ലപ്പെട്ടു. ഇസ്രായേലി മാധ്യമങ്ങൾ അവർക്കെതിരേ നടത്തിയ പ്രകോപനത്തെ തുടർന്നാണ് അവർ കൊലയ്ക്കിരയായത്.
കൊലപാതകത്തിനു ശേഷമുള്ള ആദ്യ ദിവസങ്ങളിൽ കുടുംബത്തെ തേടി ഒഴുകിയെത്തിയ ദുഃഖപ്രകടനങ്ങളുടെ പ്രവാഹവും അനുശോചനങ്ങളുടെ പ്രളയവും ഇപ്പോഴും എനിക്ക് ഓർമയുണ്ട്.
അന്താരാഷ്ട്ര മാധ്യമങ്ങൾ അംനയുടെ ഭർത്താവിനടുത്ത് അനുശോചനവുമായി എത്തി. അവളുടെ കൊലപാതകത്തെയും അതിനു മുമ്പുള്ള പ്രകോപനങ്ങളെയും കുറിച്ചുള്ള ലേഖനങ്ങൾ വ്യാപകമായി പ്രചരിച്ചു. അംനയെയും അവളുടെ നേട്ടങ്ങളെയും കുറിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നു, എല്ലാം ഒരേ ദുഃഖ സ്വരത്തിൽ.
അവളെയോർത്ത് വിലപിക്കുന്ന ആളുകൾ ദുഃഖത്തിനും അഭിമാനത്തിനും കുറ്റപ്പെടുത്തലിനും ഇടയിൽ ഞെരുങ്ങുകയായിരുന്നു. അവളെ കൊന്ന ഇസ്രായേലിനെയോ കൊലപാതകത്തിന് അനുവാദം നൽകിയ ലോകത്തെയോ അല്ല കുറ്റപ്പെടുത്തേണ്ടത്, മറിച്ച് അന്താരാഷ്ട്ര നിയമത്തിൽനിന്ന് ഒഴിവാക്കപ്പെട്ട ഒരു രാജ്യത്ത് പത്രപ്രവർത്തനത്തിന്റെ മാരകമായ പാത തിരഞ്ഞെടുക്കാനുള്ള അംനയുടെ തീരുമാനത്തെയാണ് കുറ്റപ്പെടുത്തേണ്ടത്.
ഒടുവിൽ ദുഃഖം മാഞ്ഞുപോയി. അംന ക്രമേണ മറവിയിലാണ്ടു. ഒരു സ്ഥാപനമോ സർക്കാരോ അവളുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടില്ല.
എന്നാൽ അവളുടെ കാര്യത്തിൽ സംഭവിച്ചത് ഒരു അപവാദമല്ല; അതൊരു നിയമമാണ്.
ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ തിങ്കളാഴ്ച കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരായ ഹുസ്സാം അൽ മസ്രി, മുഹമ്മദ് സലാമ, മറിയം അബൂ ദഖ, അഹമ്മദ് അബൂ അസീസ്, മോവാസ് അബൂ താഹ എന്നിവരുടെ കാര്യത്തിലും ഇതുതന്നെയായിരിക്കും സംഭവിക്കാൻ സാധ്യത. കൂട്ടക്കൊല ഇപ്പോൾ ചെറിയ വാർത്തകളിൽ ഇടം നേടുന്നുണ്ട്. പക്ഷേ, അംനയുടെ കൊലപാതകം പോലെ തന്നെ താമസിയാതെ മറക്കപ്പെടും.
ഈ പത്രപ്രവർത്തകർ സംരക്ഷിത സിവിലിയന്മാരായിരുന്നു എങ്കിലും, മാനുഷിക നിയമപ്രകാരം പ്രത്യേക സംരക്ഷണം ലഭിക്കുന്ന ഒരു മെഡിക്കൽ സ്ഥാപനത്തിനുള്ളിൽ അവർ അഭയം പ്രാപിച്ചുവെങ്കിലും, ഇസ്രായേൽ ചെയ്തത് ഒരു "തെറ്റ്" ആണെന്ന് കുറ്റപ്പെടുത്തുന്നതിന് ആരും ഉത്തരവാദിത്തം കാണിച്ചില്ല, ആരും അത് അന്വേഷിക്കുകയുമില്ല.
രണ്ടാഴ്ച മുമ്പ് അനസ് അൽ ശരീഫ്, മുഹമ്മദ് ഖ്രീഖെ, ഇബ്രാഹീം സഹർ, മുഹമ്മദ് നൗഫൽ, മോമെൻ അലിവ, മുഹമ്മദ് അൽ ഖൽദി എന്നിവരുടെ കൊലപാതകത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. അത് ക്രമേണ മറന്നുപോയി. സോഷ്യൽ മീഡിയയിലെ പ്രശംസകൾ മങ്ങി. "അസ്വീകാര്യമായത്" എന്നും "അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനം" എന്നും വിശേഷിപ്പിക്കപ്പെട്ട അവരുടെ കൊലപാതകം ഇതുവരെ അന്വേഷിക്കപ്പെട്ടിട്ടില്ല. അതേസമയം, അനസിനെക്കുറിച്ചുള്ള ഇസ്രായേലിന്റെ വാദങ്ങൾ ചോദ്യം ചെയ്യപ്പെടാതെ തുടരുന്നു.
ജൂണിൽ മാധ്യമപ്രവർത്തക മർവ മുസല്ലമിനെയും അവരുടെ രണ്ട് സഹോദരന്മാരെയും ജീവനോടെ സംസ്‌കരിച്ച ഇസ്രായേൽ , മാർച്ചിൽ ഹുസാം ഷബാത്തിനെ കൊലപ്പെടുത്തിയത്, 2024 ജൂലൈയിൽ ഇസ്മായിൽ അൽ ഗൗളിനെയും റാമി അൽ റിഫിയെയും കൊലപ്പെടുത്തിയത്, 2023 ഡിസംബറിൽ എനിക്ക് ഏറ്റവുമധികം വേദന സമ്മാനിച്ച് എന്റെ പ്രിയപ്പെട്ട പ്രഫസർ രിഫാഅത്ത് അൽ അർഈറിനെ കൊലപ്പെടുത്തിയത്.....ഇതെല്ലാം ഈ ആവർത്തിച്ചുള്ള രീതി എങ്ങനെ നിലനിൽക്കുന്നു എന്ന് കാണിക്കുന്നു.
ഇസ്രായേലിന്റെ ഓരോ ക്രൂരതയ്ക്കും ശേഷമുള്ള നിശ്ശബ്ദത അടുത്ത ക്രൂരതയ്ക്കും ഇസ്രായേലിനെതിരേ കണക്കു ബോധിപ്പിക്കുന്നതിൽ ലോകത്തിന്റെ മറ്റൊരു പരാജയത്തിനും വഴിയൊരുക്കുന്നു.
ഈ മാരകമായ ചക്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത് കണ്ടതിനുശേഷം, റിപ്പോർട്ടിങ് തൊഴിൽ മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും വധശിക്ഷയാണ് എന്ന് ഫലസ്തീനികൾ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു.
യുവാക്കളെ മാധ്യമ പഠനം നടത്താൻ വളരെക്കാലമായി പ്രോൽസാഹിപ്പിച്ചിരുന്ന എന്റെ കുടുംബം, ഇപ്പോൾ അംനയുടെ കൊലപാതകത്തിനുശേഷം അവളുടെ പാത പിന്തുടരാൻ തീരുമാനിക്കുന്ന ആരെയും പിന്തിരിപ്പിക്കുന്നു. "ലോകം നിങ്ങൾക്ക് പുറംതിരിഞ്ഞുനിൽക്കുന്ന ഒരു ഏകാന്തമായ പാതയാണിത്" - അവർ പറയുന്നു.
കുടുംബത്തിൽ നിലവിൽ പത്രപ്രവർത്തകരായി ജോലി ചെയ്യുന്നവർ അവരുടെ ജോലിയുടെ തീവ്രത കുറയ്ക്കാനും ജനശ്രദ്ധയിൽനിന്ന് മാറിനിൽക്കാനും മുന്നറിയിപ്പ് നൽകുന്നു.
എന്റെ അമ്മാവനും അംനയുടെഭർതൃപിതാവുമായ ഹമീദ്, എന്നോട് പറഞ്ഞു: തന്റെ മറ്റ് ആറുമക്കളിൽ ആരെയും പത്രപ്രവർത്തനവുമായി വിദൂരമായി പോലും ബന്ധപ്പെട്ട ഒരു തൊഴിൽ പിന്തുടരാൻ ഒരിക്കലും അനുവദിക്കില്ല. "അഭിനയം വേണ്ട, പത്രപ്രവർത്തനം വേണ്ട. അവരെ ഒരിക്കലും മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ ഞാൻ അനുവദിക്കില്ല."
"പത്രപ്രവർത്തന മേഖലയിലേക്ക് പ്രവേശിക്കാൻ ഞാൻ ആരെയും പ്രോൽസാഹിപ്പിക്കാറുണ്ടായിരുന്നു. അത് സത്യത്തിന്റെ മേഖലയാണെന്ന് ഞാൻ പറയും. അംനയ്ക്ക് ശേഷം, ആ മേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്കു വെറുപ്പായിരുന്നു" -അദ്ദേഹം കൂട്ടിച്ചേർത്തു.
അംനയുടെ ഭർത്താവ്, ഒരു പത്രപ്രവർത്തകൻ കൂടിയായ സഈദ് ഹസൂന പോലും, ഈ മേഖലയിൽ താൽപ്പര്യമുള്ള യുവാക്കൾക്ക് ഉപദേശം നൽകിയിരുന്നെങ്കിലും, അംനയുടെ കൊലപാതകത്തിനുശേഷം ക്രമേണ തന്റെ ജോലി കുറച്ചു.
ഈ നിശ്ശബ്ദതയും പിൻവാങ്ങലും മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് ഒരിക്കലും സുഖപ്പെടുത്താത്ത ആഘാതങ്ങൾ മാത്രമാണ് നൽകുന്നത്. അംനയുടെ കാര്യത്തിൽ, അവരുടെ മരണത്തിന് ഒരു വർഷത്തിനുശേഷം, അവരുടെ പത്ത് വയസ്സുള്ള കുട്ടി മുഹമ്മദ്, തന്റെ കൺമുന്നിൽ അമ്മയും സഹോദരനും മരിക്കുന്നത് കണ്ട് പത്രപ്രവർത്തകനായ ഇസ്മാഈൽ അൽ ഗൗളിനോട് തന്റെ കുടുംബം അവശിഷ്ടങ്ങൾക്കടിയിൽ ആണെന്ന് നേരിട്ട് പറഞ്ഞു. ഇപ്പോഴും ആക്രമണങ്ങൾ നേരിടുന്നു. അയാൾക്ക് സങ്കടം തോന്നുമ്പോഴെല്ലാം, തന്റെ ഉമ്മയെ കൊന്ന ഇസ്രായേലികളുടെ അടുത്തേക്ക് പോകാൻ അനുവദിക്കണമെന്ന് അയാൾ ആളുകളോട് ആക്രോശിക്കുന്നു. അങ്ങനെ അവർ അവനെയും കൊല്ലും.
അംനയുടെ ഇളയ മകൾ, അഞ്ച് വയസ്സുള്ള ഗിന, ഇപ്പോഴും അവളുടെ തിരിച്ചുവരവും കാത്തിരിക്കുകയാണ്. "എന്റെ അമ്മയെ എവിടേക്കാണ് കൊണ്ടുപോയത്?" എന്ന് പറഞ്ഞ് പലപ്പോഴും കരയാറുണ്ട്.
ഈ ക്രൂരമായ യുദ്ധം തുടങ്ങിയിട്ട് ഏകദേശം 23 മാസങ്ങൾ പിന്നിട്ടിട്ടും, മരണത്തിനിരയായ ഫലസ്തീനികളെ കുറിച്ച് അനുശോചനം അറിയിക്കാൻ മാത്രമേ ലോകം മുഴുവൻ ഇപ്പോഴും ശ്രമിക്കുന്നുള്ളൂ. ഗസയിൽ സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ആർക്കെന്നു വെളിപ്പെടുത്തുന്നതുപോലും ചെറുക്കാൻ അവർ ആവുന്നതെല്ലാം ചെയ്യുന്നു.
ഇതുവരെ ഗസയിൽ 244 ഫലസ്തീൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. അവർക്കെല്ലാം ഒരേ പരിഗണനയാണ് ലഭിച്ചത്. വിശദമായി രേഖപ്പെടുത്തിയിട്ടുള്ളവരെ പോലും യുദ്ധക്കുറ്റങ്ങളായി കണക്കാക്കി വിചാരണ ചെയ്തിട്ടില്ല. 2022ൽ ജെനിനിൽ ഒരു ഇസ്രായേലി സ്നൈപ്പർ കൊലപ്പെടുത്തിയ ഷിറീൻ അബു അക്ലേയുടെ കേസ് വരാനിരിക്കുന്ന കാര്യങ്ങൾക്ക് ഒരു സൂചനയായിരുന്നു. അവരുടെ അമേരിക്കൻ പൗരത്വത്തിനും അമേരിക്കൻ മാധ്യമങ്ങളുടെ അന്വേഷണങ്ങൾക്കും പോലും അവർക്ക് നീതി നൽകാൻ സാധിച്ചില്ല.
ഫലസ്തീൻ പത്രപ്രവർത്തകരുടെ കൊലയിലുള്ള അനുശോചനം നിങ്ങളുടെ കുറ്റബോധത്തെ കുറയ്ക്കുന്നുവെങ്കിൽ, അവരോടുള്ള കടമ നിറവേറ്റിയെന്ന് തോന്നിപ്പിക്കുന്നുവെങ്കിൽ, അവരെ കുറിച്ചോർത്ത് വിലപിക്കരുത്. നമുക്ക് കൂടുതൽ പ്രശംസകൾ ആവശ്യമില്ല; നമുക്ക് നീതി വേണം. മർയം, അംന, അനസ് തുടങ്ങി ഗസയിൽ കൊല്ലപ്പെട്ട 244 പത്രപ്രവർത്തകരിൽ ബാക്കിയുള്ളവരുടെ അനാഥരായ കുട്ടികൾക്കായി ലോകത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യമാണിത്.

