അന്തസോടെ ജീവിക്കാനുള്ള അവകാശവും സുപ്രിംകോടതിയുടെ ജാമ്യനിയമ വ്യവസ്ഥയും

Update: 2025-10-30 10:19 GMT

സര്‍തക് ഗുപ്ത

ഭരണഘടനയുടെ 21ാം അനുഛേദം വാഗ്ദാനം ചെയ്യുന്ന പൗരന്റെ അന്തസോടെ ജീവിക്കാനുള്ള അവകാശം കുറ്റാരോപിതന്റെ പ്രായം, രാഷ്ട്രീയം, മതം എന്നിവയുടെ അടിസ്ഥാനത്തിലാവണോ അതോ 'നിയമം സ്ഥാപിച്ച നടപടിക്രമങ്ങള്‍ക്കപ്പുറം ഒരു വ്യക്തിയുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ നിഷേധിക്കരുത്' എന്ന ഭരണഘടനാ നിര്‍മാതാക്കളുടെ നിര്‍ദേശത്തിന് അനുസൃതമായി തുടരണോ എന്നതാണ് ഇപ്പോഴത്തെ പ്രസക്തമായ ചോദ്യം.

യുഎപിഎ(നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം), (പിഎംഎല്‍എ)കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം എന്നിവ പ്രകാരമുള്ള കേസുകളില്‍ സുപ്രിംകോടതി അടുത്തിടെ സ്വീകരിച്ച ജാമ്യ നിയമശാസ്ത്രം ജാമ്യഅപേക്ഷകളുടെ ന്യായവാദങ്ങളിലെയും ഫലങ്ങളിലെയും വലിയ പൊരുത്തക്കേടുകള്‍ കാണിക്കുന്നു. ഒരേ നിയമത്തിന് കീഴിലെ സമാനമായ കേസുകളില്‍ പോലും ജഡ്ജിമാര്‍ വ്യത്യസ്തമായ വിധികള്‍ പുറപ്പെടുവിക്കുന്നു.

ഭരണഘടനയുടെ 21ാം അനുഛേദത്തെ സുപ്രിംകോടതി ആത്മനിഷ്ഠമായ രീതിയിലാണ് വ്യാഖ്യാനിക്കുന്നത്. കുറ്റാരോപിതന്‍ ആരാണെന്നതും കേസ് ഏത് ബഞ്ച് കേള്‍ക്കുന്നുവെന്നതും രാഷ്ട്രീയ അന്തരീക്ഷവും ജാമ്യാപേക്ഷകളെ സ്വാധീനിക്കുന്നു. യുഎപിഎ, പിഎംഎല്‍എ എന്നീ നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത 37 ജാമ്യാപേക്ഷകളാണ് ഈ ലേഖനം തയ്യാറാക്കാന്‍ ഞാന്‍ പരിശോധിച്ചത്. വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് വാചാടോപം നടത്തുന്ന ജഡ്ജിമാര്‍ ഭരണഘടനയുടെ 21ാം അനുഛേദത്തിന്റെ തിരഞ്ഞെടുത്ത വായനയാണ് നടത്തുന്നത് എന്നാണ് എനിക്ക് മനസിലായത്.

ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിചാരണയിലെ കാലതാമസം ജാമ്യം നല്‍കുന്നതിനുള്ള കാരണമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഗുര്‍വീന്ദര്‍ സിംഗ്-സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസില്‍ 2024 ഫെബ്രുവരിയില്‍ ജസ്റ്റിസുമാരായ എം എം സുന്ദരേഷും അരവിന്ദ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞത്. യുഎപിഎ കുറ്റം ചുമത്തി അഞ്ച് വര്‍ഷമായി ജയിലില്‍ അടച്ച ഗുര്‍വീന്ദര്‍ സിംഗിന് കോടതി ജാമ്യം നല്‍കിയില്ല. ആറ് മാസത്തിന് ശേഷം, മുഹമ്മദ് ഇനാമുല്‍ ഹഖ്-ഇഡി കേസില്‍ അതേ ബെഞ്ച് വിപരീത വീക്ഷണം സ്വീകരിച്ചു. ഇനാമുല്‍ ഹഖ് ദീര്‍ഘകാലമായി ജയിലിലാണെന്നും വിചാരണ വൈകുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം.

രണ്ട് കേസുകളിലും നീണ്ട ജയില്‍വാസവും വിചാരണയിലെ വൈകലും ഉണ്ടായിരുന്നെങ്കിലും ഗുര്‍വീന്ദര്‍ സിംഗില്‍ വിചാരണയിലെ കാലതാമസം അപ്രസക്തമാണെന്ന് കോടതി കരുതിയപ്പോള്‍, മുഹമ്മദ് ഇനാമുല്‍ ഹഖില്‍ അത് നിര്‍ണായകമായി കണക്കാക്കി.

സുപ്രിംകോടതിയിലെ വിവിധ ബഞ്ചുകളിലും ഇത് ആവര്‍ത്തിച്ചു. തീവ്രവാദത്തെ 'അത്ര നിസ്സാരമായി കാണരുത്' എന്ന് മുന്നറിയിപ്പ് നല്‍കി എന്‍സിടി ഓഫ് ഡല്‍ഹി-രാജ് കുമാര്‍@ ലവ്‌ലി യുഎപിഎ കേസില്‍ രാജ് കുമാറിന്റെ ജാമ്യം ജസ്റ്റിസുമാരായ വിക്രം നാഥും രാജേഷ് ബിന്‍ഡലും അടങ്ങുന്ന ബഞ്ച് റദ്ദാക്കി. എന്നിരുന്നാലും, വെറും മൂന്ന് മാസത്തിന് ശേഷം, ശോമ കാന്തി സെന്‍-സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര (2024) കേസില്‍, ജസ്റ്റിസുമാരായ അനിരുദ്ധ ബോസും എ ജി മസീഹും അടങ്ങുന്ന ബെഞ്ച് ശോമ സെന്നിന് ജാമ്യം അനുവദിച്ചു. പൗരന്‍മാര്‍ അമിതമായി തടവില്‍ കിടക്കുന്ന അവസ്ഥയുണ്ടായാല്‍ യുഎപിഎയുടെ കര്‍ശന വ്യവസ്ഥകളേക്കാള്‍ പ്രാധാന്യം ഭരണഘടനയുടെ 21ാം അനുഛേദത്തിനാണെന്നാണ് കോടതി നിരീക്ഷിച്ചത്.

എന്നാല്‍, യൂണിയന്‍ ഓഫ് ഇന്ത്യ-ബറക്കത്തുല്ല കേസ് പരിഗണിച്ചപ്പോള്‍ വൈരുധ്യം കൂടുതല്‍ വ്യക്തമായി. ദേശീയ സുരക്ഷയും മറ്റു പലതരം അനിവാര്യതകളും പറഞ്ഞ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കുകയാണ് ജസ്റ്റിസുമാരായ ബേല ത്രിവേദിയും പങ്കജ് മിത്തലും അടങ്ങിയ ബഞ്ച് ചെയ്തത്. ദേശീയസുരക്ഷ പരിഗണിക്കുകയാണെങ്കില്‍ വിചാരണയില്ലാതെ തടവ് തുടരുന്നത് ന്യായീകരിക്കാമെന്ന നിലപാടാണ് കോടതി അന്ന് സ്വീകരിച്ചത്. ഈ കേസില്‍ കുറ്റാരോപിതന്‍ ഒന്നര വര്‍ഷമായി കസ്റ്റഡിയിലായിരുന്നു.

പിഎംഎല്‍എയ്ക്കു കീഴില്‍ സമാനമായ ഒരു വിഭജനമുണ്ട്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെയും ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെയും സംബന്ധിച്ച കേസുകളില്‍, പിഎംഎല്‍എയുടെ സെക്ഷന്‍ 45 പ്രകാരമുള്ള കര്‍ശനമായ ജാമ്യ വ്യവസ്ഥകള്‍ ഭരണഘടനയുടെ 21ാം അനുഛേദ പ്രകാരമുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നില്ലെന്ന് കോടതി വിധിച്ചു. എന്നിരുന്നാലും, യൂണിയന്‍ ഓഫ് ഇന്ത്യ-കനയ്യ പ്രസാദ് (2025) എന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റാരോപിതന് ജാമ്യം അനുവദിച്ചതിന് ഹൈക്കോടതിയെ ജസ്റ്റിസുമാരായ ത്രിവേദിയും പി ബി വരാലെയും അടങ്ങുന്ന ബെഞ്ച് വിമര്‍ശിച്ചു. കോടതികളുടെ സമീപനം 'കാഷ്വല്‍' ആകാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി വിമര്‍ശിച്ചു.

അതായത്: ഒരേ നിയമം, ഒരേ ഭരണഘടന, പക്ഷേ സ്വാതന്ത്ര്യത്തിന്റെ രണ്ട് സമാന്തര പ്രപഞ്ചങ്ങള്‍. നിയമം, ഫലത്തില്‍, ബഞ്ചിനൊപ്പം മാറുന്നു. ഈ വൈരുദ്ധ്യം കേവലം സിദ്ധാന്തപരമല്ല. ജാമ്യത്തോടുള്ള കോടതിയുടെ സമീപനം മുന്‍കാല വിധികളേക്കാള്‍ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ഇത് സൂചിപ്പിക്കുന്നു. 'നിയമവാഴ്ച' 'ബഞ്ച് റൂള്‍' എന്ന് വിളിക്കാവുന്നതിലേക്ക് വഴിമാറി.

ഒരുപക്ഷേ പൊരുത്തക്കേടിനെക്കാള്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് തിരഞ്ഞെടുപ്പു സ്വഭാവമാണ്. 'ഭരണഘടനയുടെ ആത്മാവ്' ആയ 21ാം അനുഛേദം, ചില കേസുകളില്‍ ശക്തമായി ഉപയോഗിക്കുമ്പോള്‍ ചില കേസുകളില്‍ വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. പത്രപ്രവര്‍ത്തകനായ പ്രബീര്‍ പുര്‍കായസ്ഥ, അരവിന്ദ് കെജ്‌റിവാള്‍, കെ കവിത, മനീഷ് സിസോദിയ കേസുകളില്‍ സുപ്രിംകോടതി 21ാം അനുഛേദത്തെ വിപുലമായി വ്യാഖ്യാനിച്ച് ജാമ്യം നല്‍കി. സ്വാതന്ത്ര്യം പവിത്രമാണെന്നും തടവ് 'ശിക്ഷ'യായി മാറരുതെന്നും കോടതി ആവശ്യപ്പെട്ടു.

എന്നിരുന്നാലും, ഒരു യുവാവ് യുഎപിഎ കേസില്‍ പ്രതിയായിരിക്കുമ്പോള്‍, രാജ് കുമാര്‍ @ ലവ്ലി അല്ലെങ്കില്‍ ബറക്കത്തുള്ള കേസില്‍ കാണുന്നതുപോലെ, പവിത്രമായ സ്വാതന്ത്ര്യം ദേശീയസുരക്ഷയുടെ വാചാടോപത്തില്‍ മറഞ്ഞിരുന്നു.

ചില കേസുകളില്‍ ഒരു ബഞ്ചില്‍ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ രൂപപ്പെട്ടു. രാഷ്ട്രീയക്കാരനായ താഹിര്‍ ഹുസൈന്റെ ജാമ്യാപേക്ഷയില്‍ ജസ്റ്റിസുമാരായ പങ്കജ് മിത്തലും അഹ്സാനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ഒരു ബെഞ്ച് വ്യത്യസ്ത വിധി പുറപ്പെടുവിച്ചു. താഹിര്‍ ഹുസൈന്‍ അഞ്ച് വര്‍ഷമായി ജയിലിലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം അനുവദനീയമല്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് മിത്താല്‍ താഹിറിന്റെ ഹരജി തള്ളി. എന്നിരുന്നാലും, ജസ്റ്റിസ് അമാനുല്ല 21ാം അനുഛേദവും ദീര്‍ഘകാല കസ്റ്റഡിയും ചൂണ്ടിക്കാട്ടി ജാമ്യത്തിന് ശുപാര്‍ശ ചെയ്തു.

രസകരമെന്നു പറയട്ടെ, കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദിപങ്കര്‍ ദത്തയും അടങ്ങുന്ന ബഞ്ച് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിന് പൊതുതെരഞ്ഞെടുപ്പിനായി പ്രചാരണം നടത്താന്‍ പിഎംഎല്‍എ കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചു. അരവിന്ദ് കെജ്രിവാളിന്റെയും താഹിര്‍ ഹുസൈന്റെയും കേസുകളിലെ ഉത്തരവുകള്‍ തമ്മിലുള്ള വ്യത്യാസം പൊരുത്തക്കേടുകള്‍ എടുത്തുകാണിക്കുന്നു.

ഈ സെലക്ടീവ് ഭരണഘടനാവാദം നിയമത്തിന് മുന്നില്‍ സമത്വം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ 14ാം അനുഛേദത്തെയും അന്തസോടെ ജീവിക്കാനുള്ള 21ാം അനുഛേദത്തെയും ഇല്ലാതാക്കുന്നു. ഇത് അവകാശങ്ങളുടെ ഒരു ശ്രേണി സൃഷ്ടിക്കുന്നു, ചിലര്‍ക്ക് അവകാശങ്ങള്‍ ശക്തമായും ചിലര്‍ക്ക് ദുര്‍ബലമായും ലഭിക്കുന്നു. കോടതിയുടെ സ്വന്തം ഭാഷ തന്നെ ചാഞ്ചാടുകയാണ്: ഭരണഘടനയുടെ 21ാം അനുഛേദം ലംഘിക്കപ്പെട്ടാല്‍ ഒരു നിയമത്തിനും അതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഷെയ്ഖ് ജാവേദ് ഇഖ്ബാല്‍-സ്‌റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ്(2024) കേസില്‍ സുപ്രിംകോടതി പ്രഖ്യാപിച്ചു. എന്നാല്‍ ദേശസുരക്ഷ എല്ലായ്‌പ്പോഴും പ്രധാനമാണെന്ന് ബറക്കത്തുല്ല കേസില്‍ പ്രഖ്യാപിച്ചു. ദേശസുരക്ഷാ ഭീഷണിയെ കുറിച്ചുള്ള എക്‌സിക്യൂട്ടീവിന്റെ അവകാശവാദത്തിന് കീഴിലാണ് ഈ കേസില്‍ സുപ്രിംകോടതി സ്വാതന്ത്ര്യത്തെ കൊണ്ടുവച്ചത്.

അതേസമയം, അത്തരം തിരഞ്ഞെടുപ്പുകള്‍ സുപ്രിംകോടതിയില്‍ നിന്നും താഴെക്കോടതികളിലേക്കും ഇറങ്ങുന്നു. ജാമ്യാപേക്ഷകളില്‍ വിധി പറയുമ്പോള്‍ തങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സുപ്രിംകോടതി വിധികള്‍ ഹൈക്കോടതികള്‍ പരാമര്‍ശിക്കുന്നു. യുഎപിഎ കേസുകളില്‍ ആരോപണ വിധേയരായ സുഖ്ജീന്ദര്‍ സിംഗ് ബിട്ടു, ആശിഷ് കുമാര്‍ എന്നിവര്‍ക്ക് 2025 സെപ്റ്റംബറില്‍ ജാമ്യം നല്‍കാന്‍ ഷെയ്ഖ് ജാവേദ് ഇഖ്ബാല്‍-സ്‌റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് കേസാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉപയോഗിച്ചത്. എന്നാല്‍, വാഷിദ് ഖാന്‍ എന്നയാള്‍ക്ക് ജാമ്യം നിഷേധിക്കാന്‍ ബറക്കത്തുല്ല കേസിലെ വിധി മധ്യപ്രദേശ് ഹൈക്കോടതി ഉപയോഗിച്ചു. ഗുര്‍വീന്ദര്‍ സിംഗ് കേസിലെ വിധി ഉദ്ധരിച്ചാണ് ജോഗീന്ദര്‍ സിംഗ് എന്നയാള്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. സുപ്രിംകോടതിയുടെ സ്വന്തം പൊരുത്തക്കേടുകള്‍ രൂപപ്പെടുത്തിയ പ്രതിസന്ധിയാണിത്.

'ഖാലിദ് ടെസ്റ്റ് ഓഫ് ലിബര്‍ട്ടി' രൂപപ്പെടുത്തല്‍

പിഎച്ച്ഡി വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ, ഇന്ത്യയുടെ ജാമ്യ നിയമവ്യവസ്ഥയുടെ പിഴവുകളെ പ്രതീകപ്പെടുത്തുന്നു. ഡല്‍ഹി കലാപ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഖാലിദിനെതിരെ യുഎപിഎ ചുമത്തി. നിരവധി തവണ ഉമര്‍ ഖാലിദ് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ജാമ്യാപേക്ഷ നല്‍കി. ഖാലിദിനെതിരെ 'ഗുരുതരമായ' ആരോപണങ്ങളുണ്ടെന്നും വിചാരണയിലെ കാലതാമസം കൊണ്ട് ജാമ്യം നല്‍കാനാവില്ലെന്നും പറഞ്ഞ് ഡല്‍ഹി ഹൈക്കോടതി ഖാലിദിന്റെ ഹരജി തള്ളി. ഹൈക്കോടതി വിധിക്കെതിരെ ഖാലിദ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സുപ്രിംകോടതിയുടെ വാചാടോപം വീണ്ടും പരീക്ഷിക്കപ്പെടുന്ന ഒരു നിര്‍ണായക ഘട്ടമായിരിക്കാം അദ്ദേഹത്തിന്റെ കേസ്.

സ്വാതന്ത്യത്തിന് അനുകൂലമായി, നിയമപരമായ വ്യവസ്ഥകളെ മറികടക്കാന്‍ ഭരണഘടനാ കോടതികള്‍ക്ക് സാധിക്കുമെന്ന നിരവധി വിധികളെ കുറിച്ച് ഈ ലേഖനത്തില്‍ പരാമര്‍ശമുണ്ട്. അവ ഉമര്‍ ഖാലിദിന് ബാധകമാണോ എന്നതാണ് ചോദ്യം. സുപ്രിംകോടതി മുന്‍കാലങ്ങളില്‍ പുറപ്പെടുവിച്ച വിധികളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഒരു ഭരണഘടനാ സൂത്രവാക്യമായി 'ഖാലിദ് സ്വാതന്ത്ര്യ പരിശോധന' രൂപപ്പെടുത്താം.

കൃത്യമായി പ്രയോഗിച്ചാല്‍, ഖാലിദ് പരിശോധനയ്ക്ക് ജാമ്യത്തെ വിവേചനാധികാരത്തില്‍ നിന്ന് ഭരണഘടനാപരമായ അവകാശമാക്കി മാറ്റാന്‍ കഴിയും. ഒരാള്‍ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് ശിക്ഷ വരുന്നില്ലെന്ന് ഉറപ്പാക്കാനുള്ള കോടതിയുടെ നിയമശാസ്ത്രത്തെ ധാര്‍മ്മിക ഉത്തരവാദിത്തവുമായി ഇത് സംയോജിപ്പിക്കും. അതിനാല്‍, ഖാലിദിന്റെ കേസ് കേവലം ഒരു മനുഷ്യന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചല്ല; കോടതിക്ക് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച ഒരു കണ്ണാടിയാണ്.

ഇന്ന്, സ്വാതന്ത്ര്യവുമായുള്ള ഇടപെടലില്‍ സുപ്രിംകോടതി ഒരു വഴിത്തിരിവിലാണ്. യുഎപിഎ, പിഎംഎല്‍എ എന്നിവയ്ക്ക് കീഴിലുള്ള അതിന്റെ സമീപകാല നിയമശാസ്ത്രം ധൈര്യത്തെയും ആശയക്കുഴപ്പത്തെയും പ്രതിഫലിപ്പിക്കുന്നു. ജാമ്യം നിഷേധിക്കപ്പെടുന്നില്ല എന്നതല്ല, മറിച്ച് നിഷേധിക്കാനുള്ള കാരണങ്ങള്‍ പൊരുത്തമില്ലാത്തതും സ്വത്വം അടിസ്ഥാനമാക്കിയുള്ളതുമാണ് എന്നതാണ് ഏറ്റവും വലിയ ദുരന്തം.

സമാന കേസുകളില്‍ വ്യത്യസ്തമായ വിധികള്‍ വരുമ്പോള്‍, 21ാം അനുഛേദത്തിന്റെ ഭരണഘടനാ വാഗ്ദാനം ഭാഗ്യത്തിന്റെ കാര്യമായി ചുരുക്കപ്പെടുന്നു. അതിനാല്‍ ജീവിക്കാനുള്ള അവകാശമെന്ന വാഗ്ദാനം വീണ്ടെടുക്കാന്‍, കോടതി അതിന്റെ ജാമ്യ നിയമശാസ്ത്രത്തെ തത്വാധിഷ്ഠിത അടിത്തറയില്‍ ഉറപ്പിക്കണം. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം, വിചാരണയുടെ കാലതാമസം, യുക്തി എന്നിവയെ ഉപയോഗിക്കുമ്പോള്‍ വേണ്ട തത്വം ഏകീകരിക്കണം. എല്ലാറ്റിനുമുപരി, 'ദേശീയ സുരക്ഷ' യ്ക്കും 'സമ്പദ് വ്യവസ്ഥക്കും' എതിരായ ഭീഷണികള്‍ അനിശ്ചിതമായി തടങ്കലില്‍ വയ്ക്കാനുള്ള നടപടികളല്ലെന്ന് കോടതി വീണ്ടും ഉറപ്പിക്കണം. ഭരണഘടനയുടെ യഥാര്‍ത്ഥ പരീക്ഷണം കോടതി ശക്തരെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിലല്ല, മറിച്ച് ദുര്‍ബലരെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ്. കോടതി ആ തുല്യത അംഗീകരിക്കുന്നതു വരെ 21ാം അനുഛേദം വിഭജിത വാഗ്ദാനമായി തുടരും, 21ാം അനുഛേദം എഴുത്തില്‍ ഗംഭീരവും പ്രയോഗത്തില്‍ അനിശ്ചിതത്വവുമുള്ളതാണ്.