മുഹമ്മദ് മരണത്തിനപ്പുറത്ത് വാഗ്ദാനം ചെയ്യപ്പെട്ട മധുരങ്ങളിലേക്ക് കടന്നുപോയി: കടല മുഹമ്മദിനെ കുറിച്ച് എ പി കുഞ്ഞാമു എഴുതുന്നു
കോഴിക്കോട്: മരണത്തിന് അപ്പുറം വാഗ്ദാനം ചെയ്യപ്പെട്ട മധുരങ്ങളിലേക്ക് രാഷ്ട്രീയ-സാമൂഹിക-പൗരാവകാശ പ്രവര്‍ത്തകനായ അന്തരിച്ച കടല മുഹമ്മദ് എന്ന കടലാപ്പ കടന്നുപോയെന്ന് ഗ്രന്ഥകാരനും വിവര്‍ത്തകനുമായ എ പി കുഞ്ഞാമു. കടല മുഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് എ പി കുഞ്ഞാമു ഇങ്ങനെ എഴുതിയത്..
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
''ഞാന്‍ പരിചയപ്പെടുന്ന കാലത്ത് മുഹമ്മദ് ബിഇഎം സ്‌ക്കൂളിന്നു മുന്‍പില്‍ കടല വില്‍ക്കുന്ന ആളാണ്. കമ്മ്യൂണിസ്റ്റ്കാരന്‍. ടി വി ബാലന്‍ വഴി എന്റെ ലോഗ്യക്കാരനായി. അത് എഴുപതുകളുടെ അവസാനത്തില്‍..
വീട്ടില്‍ സഹായത്തിന്നൊരാള്‍ വേണമെന്ന് പലരോടും പറഞ്ഞ കൂട്ടത്തില്‍ മുഹമ്മദിനോടും പറഞ്ഞിരുന്നു. മുഹമ്മദ് ഒരാളെ കൊണ്ടു തന്നു. ആമിനത്താ. ആമിനത്താക്ക് ഒരു മോളുണ്ട്-മറിയക്കുട്ടി. ജെഡിറ്റി അനാഥശാലയില്‍ പഠിക്കുന്നു. പിന്നീടെപ്പോഴോ ആണ് മുഹമ്മദ് പറയുന്നത്-ആമിനത്താ തന്റെ ഉമ്മയാണെന്ന്..
കാലക്രമേണ ആമിനത്താ ഞങ്ങളുടെയെല്ലാം ഉമ്മയായി. സിവില്‍ സ്‌റ്റേഷനിലെ താമസമൊഴിഞ്ഞ് ഞാന്‍ നാട്ടിലേക്ക് മാറിയപ്പോള്‍ ആമിനത്തായും കൂടെപ്പോന്നു.
മരിക്കുമ്പോള്‍ അവര്‍ ഞങ്ങളുടെ കൂടെയല്ലായിരുന്നു. മുഹമ്മദും പയ്യെപ്പയ്യെ സ്മൃതിചിത്രങ്ങളില്‍ മാത്രം തെളിയുന്ന ആളായി. അതിനിടയില്‍ അയാള്‍ തീവ്രവാദിയോ നക്‌സലൈറ്റോ പൗരാവകാശ പ്രവര്‍ത്തകനോ ഒക്കെ ആയിക്കഴിഞ്ഞിരുന്നു.
വീണ്ടും മുഹമ്മദ് എന്റെ ജീവിതത്തിലേക്ക് വരുന്നത് പി കോയ വഴിയാണ്. ഒരു ദിവസം കോയയോടൊപ്പമുണ്ട് മുഹമ്മദ്. കോയയാണ് മുഹമ്മദിന്റെ ജീവിതത്തിലെ മഅ്ദനി എപ്പിസോഡിനെപ്പറ്റി പറഞ്ഞത്. ആമിനത്താ മരിക്കുകയും മറിയക്കുട്ടി വിവാഹിതയാവുകയും ചെയ്തിരുന്നു. മുഹമ്മദ് പൂനൂരിന്നടുത്തേക്ക് താമസം മാറ്റിയിരുന്നു. രോഗപീഢകള്‍, ദാരിദ്യം, അനാഥത്വം, ഏകാകിത മുഹമ്മദിന്റെ പതിഞ്ഞ ഫോണ്‍ സംഭാഷണങ്ങള്‍ കൂടുതല്‍ നേര്‍ത്തു വന്നു. അവ കൂടുതല്‍ ദു:ഖാകുലമായി. മറ്റു വഴികളൊന്നും കാണാത്തപ്പോള്‍ മാത്രമേ സ്വന്തം സാമ്പത്തിക പ്രയാസങ്ങള്‍ മുഹമ്മദ് പറഞ്ഞിരുന്നുള്ളു.
എന്റെ ഓര്‍മ്മകളില്‍ നിന്ന് അയാള്‍ ഒരിക്കലും മാഞ്ഞുപോയിരുന്നില്ല. നോമ്പു മാസത്തിന്റെ പാതി പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഞാന്‍ മുഹമ്മദിനെയൊന്ന് വിളിക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു. ********* മുഹമ്മദിന്റെ നമ്പര്‍ എനിക്കോര്‍മ്മയുണ്ട്. ഞാന്‍ മറന്നു കഴിഞ്ഞില്ലാത്ത നമ്പറാണത്. എല്ലാ നോമ്പു മാസങ്ങളിലും ഞാന്‍ വിളിക്കാറുള്ള നമ്പര്‍.
പറ്റുമെങ്കില്‍ അയാളെയൊന്ന് പോയി കാണണമെന്നും ഞാന്‍ വിചാരിച്ചിരുന്നു. ഇനിയിപ്പോള്‍ അവസാനമായൊന്ന് പോയിക്കാണാനും സമയമില്ല. ഇപ്പോള്‍ കാന്തപുരം പള്ളിയില്‍ മുഹമ്മദ് മണ്ണോട് ചേര്‍ന്നു കഴിഞ്ഞിട്ടുണ്ടാവും.. മണ്ണില്‍ നിന്നു സൃഷ്ടിക്കപ്പെട്ട മുഹമ്മദെന്ന മനുഷ്യന്‍ മണ്ണിലേക്ക് ചേര്‍ന്നു കഴിഞ്ഞിരിക്കും. വിധിദിനത്തില്‍ തീര്‍ച്ചയായും മനുഷ്യനായിത്തന്നെ ദൈവം മുഹമ്മദിനെ പുറത്തു കൊണ്ടുവരും. എനിക്കുറപ്പ്.
2022 സെപ്റ്റംബര്‍ അവസാനം ഒരു ദിവസം മുഹമ്മദ് എന്നെ വിളിച്ചിരുന്നു. വലിയ മനോവിഷമത്തിലായിരുന്നു അയാള്‍.
കോയ സാഹിബിനെ അറസ്റ്റ് ചെയ്തതിന്റെ പേരിലുള്ള ദു:ഖമായിരുന്നു മുഹമ്മദിന്റേത്. പ്രതിസന്ധി മുഹൂര്‍ത്തങ്ങളില്‍ കോയ സാഹിബായിരുന്നു എപ്പോഴും തനിക്ക് ആശ്രയവും ആശ്വാസവും എന്നയാള്‍ പറഞ്ഞു. കോയയുടെ വിചാരധാരയോ കര്‍മ്മ മാര്‍ഗമോ പങ്കിടുന്ന ആളായിരുന്നില്ല മുഹമ്മദ്. എന്നിട്ടും അയാള്‍ പലപ്പോഴും കോയയെപ്പറ്റി പറയാന്‍ എന്നെ വിളിച്ചു കൊണ്ടേയിരുന്നു. ഇനി എനിക്കാരുണ്ട് എന്ന് ചോദിച്ചു കൊണ്ടായിരുന്നു വിളികള്‍.
ഇപ്പോള്‍ കുറച്ചുകാലമായി മുഹമ്മദ് വിളിച്ചിട്ട്. ഞാനും വിളിക്കാറുണ്ടായിരുന്നില്ല. രോഗവും ദുരിതങ്ങളുമൊക്കെ ചുഴറ്റിയെറിഞ്ഞിട്ട നിസ്സഹായനായ ആ മനുഷ്യന്‍ എന്നെ വിളിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കണം.. ഞാനല്ലായിരുന്നുവോ വിളിക്കേണ്ടിയിരുന്നത്? പോയി കാണേണ്ടിയിരുന്നത്. അതേ, എന്റെ പിഴ ...
പി കെ പാറക്കടവ് പറഞ്ഞ ഒരു കഥയാണ് ഓര്‍മ്മയില്‍. പികെയുടെ കുട്ടികള്‍ ബിഇഎമ്മില്‍ പഠിക്കുന്ന കാലത്ത് മുഹമ്മദിന്ന് ആ സ്‌കൂളിന്നു മുന്നില്‍ കടലക്കച്ചവടമുണ്ട്. കുട്ടികളുടെ മേല്‍ സദാ ഒരുകണ്ണുണ്ടാവും മുഹമ്മദിന്ന് എന്നാണ് പി കെ പറഞ്ഞത്. അവര്‍ ഏത് ബസ്സിലാണ് കയറുന്നത്, ആരോടാണ് കൂട്ടുകൂടുന്നത്, ആരുടെ കൂടെയാണ് പോകുന്നത് എന്നൊക്കെയുള്ള കാര്യത്തില്‍ നിതാന്ത ജാഗ്രതയുടെ ഒരു കണ്ണ്.
ഈ ജാഗ്രത ലോകത്തിന്റെ ഭാവിയെക്കുറിച്ചും അയാള്‍ക്കുണ്ടായിരിക്കണം. അതുകൊണ്ടായിരിക്കണമല്ലോ അയാള്‍ കമ്മ്യൂണിസ്റ്റും വിപ്ലവകാരിയുമൊക്കെ ആയത്. അതുകൊണ്ടായിരിക്കണമല്ലോ പോലിസിന്റെ ഭീഷണികള്‍ക്ക് വഴങ്ങാതെ അയാള്‍ സത്യം മാത്രം പറഞ്ഞത്.
താന്‍ ജീവിച്ചു എന്നതിന്റെ തെളിവ് ലോകത്ത് ബാക്കി വെച്ചാണ് മുഹമ്മദ് മരണത്തിന്നപ്പുറത്ത് വാഗ്ദാനം ചെയ്യപ്പെട്ട മധുരങ്ങളിലേക്ക് കടന്നുപോയത്.
ഇന്നു വൈകി. നാളെയോ മറ്റന്നാളോ മുഹമ്മദിന്റെ വീട്ടിലൊന്നു പോകണം. ആ പള്ളിപ്പറമ്പില്‍ ചെന്നു നിന്ന് പ്രാര്‍ത്ഥിക്കണം. ഇന്‍ ശാ അല്ലാഹ്! ''

