അപകടം പോക്കറ്റിലിരിപ്പുണ്ട്

Update: 2025-03-05 04:55 GMT

അനാമിക

പ്രായപൂര്‍ത്തിയാവുന്നതിനു തൊട്ടുമുമ്പുള്ള വര്‍ഷങ്ങള്‍ കുട്ടികളില്‍ പല ബാഹ്യഘടകങ്ങളും മുമ്പുള്ളതിനേക്കാള്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം നിര്‍മിതബുദ്ധി തന്നെയാണ്. 2010നും 2015നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഈ പ്രായക്കാരില്‍ ഉല്‍ക്കണ്ഠയും വിഷാദവും കൂടുതല്‍ കണ്ടുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആത്മഹത്യ ചെയ്യാനും സ്വയം പരിക്കേല്‍പ്പിക്കാനുമുള്ള പ്രവണത ശക്തിപ്പെടുകയും ചെയ്തു.

അമേരിക്കക്കാര്‍ ജനറേഷന്‍ സി എന്നു പറയുന്നവരിലാണ് (12നും 27നും ഇടയ്ക്ക് പ്രായമുള്ളവരാണവര്‍) നിര്‍മിതബുദ്ധി അപകടകരമായ സ്വാധീനം ചെലുത്തുന്നത്. അവരുടെ പോക്കറ്റില്‍ തന്നെ വലിയ ശേഷിയുള്ള ഒരു കംപ്യൂട്ടറുണ്ട്. മിക്കസമയത്തും അവര്‍ അത് നോക്കിക്കൊണ്ടിരിക്കുന്നു. തന്റെ സുഹൃത്തുക്കളുടെയോ അല്ലെങ്കില്‍ അവരില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ളവരുടെയോ ആഖ്യാനങ്ങളില്‍ ശ്രദ്ധിക്കുന്നു. തനിക്കതിനൊന്നും ശേഷിയില്ലെന്ന മിഥ്യാധാരണ അവരില്‍ ശക്തിപ്പെടുന്നു. ഭാഷയും സാംസ്‌കാരിക വിനിമയ രീതികളും വികസിപ്പിച്ചെടുക്കേണ്ട ഇക്കാലത്ത് കുടുംബങ്ങളുമായോ സ്‌കൂളിലെ സുഹൃത്തുക്കളുമായോ അവര്‍ കുറച്ചേ സംസാരിക്കുന്നുള്ളൂ. പലപ്പോഴും മാതാപിതാക്കളും ഒഴിവുസമയം ഇങ്ങനെയായിരിക്കും ചെലവഴിക്കുന്നത്. കുട്ടികള്‍ വികൃതി കാണിക്കുകയും കൂട്ടുകാരുമായി ശണ്ഠ കൂടുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെയുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം എപ്പോഴും അപകടം ചെയ്യണമെന്നില്ല.

സാമൂഹിക മാധ്യമങ്ങളാണ് ഇക്കാലത്ത് അവരുടെ വ്യക്തിത്വരൂപീകരണത്തില്‍ ഹാനികരമായ സ്വാധീനം ചെലുത്തുന്നത്. അതില്‍ പ്രത്യക്ഷപ്പെടുന്നവര്‍ നടത്തുന്ന അസാധ്യമായ പ്രഖ്യാപനങ്ങളും പറയുന്ന കഥകളും കുട്ടികള്‍ ശരിയെന്നു കരുതുന്നു. ആണ്‍കുട്ടികള്‍ ഇലക്ട്രോണിക് ഗെയിമുകളില്‍ സമയം കളയുമ്പോള്‍ പെണ്‍കുട്ടികള്‍ സെല്‍ഫി എടുക്കുന്നതിലോ വസ്ത്രങ്ങളുടെ കൂടുതല്‍ സമയം വൃഥാവിലാക്കുന്നു. ആണ്‍കുട്ടികളാവട്ടെ, കുറച്ചുകൂടി മുന്നോട്ടു പോയി പോര്‍ണോഗ്രഫിയിലും സ്വവര്‍ഗരതിയിലും ആകൃഷ്ടരാവും.

മറ്റൊന്നു കൂടി യുവതിയുവാക്കളുടെ വളര്‍ച്ച ചര്‍ച്ച ചെയ്യുമ്പോള്‍ സാമൂഹിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. 12 വയസ്സിനും 22 വയസ്സിനും ഇടയ്ക്കാണ് മസ്തിഷ്‌ക വളര്‍ച്ച ത്വരിതപ്പെടുന്നത്. ആത്മനിയന്ത്രണത്തിനു സഹായിക്കുന്ന മസ്തിഷ്‌കത്തിന്റെ ഫ്രന്റല്‍ കോര്‍ട്ടെക്‌സ് 20കളുടെ മധ്യത്തിലാണ് പൂര്‍ണ വളര്‍ച്ചയെത്തുന്നത്. അതുകൊണ്ടുതന്നെ യുവതിയുവാക്കള്‍ സാമൂഹികമായ വിലയിരുത്തലിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നു.

വര്‍ത്തമാനകാലത്ത് ആഗോള താപനം, യുദ്ധങ്ങള്‍, രാഷ്ട്രീയമായ അനിശ്ചിതത്വം, ഭാവിയെക്കുറിച്ച ആശങ്ക എന്നിവ പുതിയ തലമുറയെ കൂടുതല്‍ ബാധിക്കുന്നു. മൊബൈല്‍ ഫോണുകളിലൂടെ വരുന്ന വൈകാരിക തീവ്രത കൂടിയ റിപോര്‍ട്ടുകള്‍ യുവതയുടെ മനസ്സില്‍ ദുസ്സ്വാധീനം ചെലുത്തുന്നുണ്ട്. കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുകയാണ് ഒരു മാര്‍ഗം. ക്ലാസ്മുറികളില്‍ മൊബൈല്‍ പാടില്ലെന്നു വന്നാല്‍ കുട്ടികള്‍ക്ക് കളിക്കാനും സൗഹൃദങ്ങള്‍ ബലപ്പെടുത്താനും സാധിക്കും. മൊബൈല്‍ ഫോണിന്റെ കൂടെ കിടന്നുറങ്ങിയാലേ ഉറക്കം വരൂ എന്ന അവസ്ഥയും മാറണം.