ബെനെ ബ്ലെന്‍ഡ്
കഴിഞ്ഞ 77 വര്‍ഷമായി അധിനിവേശത്തിന് ഇരയായി കൊണ്ടിരിക്കുന്ന ഫലസ്തീനികള്‍ പ്രശ്‌നങ്ങളെ കുറിച്ചുള്ള വിവിധതരം വിവരണങ്ങളും അനുഭവിച്ചിട്ടുണ്ട്. ആ വിവരണങ്ങള്‍ ചിലപ്പോള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുമായിരുന്നു. പക്ഷേ, പലപ്പോഴും അങ്ങനെയല്ല. ചില വിവരണങ്ങള്‍ സാഹചര്യത്തെ കൃത്യമായി വെളിപ്പെടുത്തും. ചിലത് അങ്ങനെയല്ല.
ഉദാഹരണത്തിന്, സയണിസ്റ്റ് ഭരണകൂടത്തിന്റെ പതിറ്റാണ്ടുകളായുള്ള വംശീയ ഉന്മൂലനത്തോടുള്ള സാധാരണ പ്രതികരണങ്ങളാണ് പ്രതിരോധശേഷിയും നിരാശയും.
ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ കൂട്ട ശിക്ഷ വര്‍ധിച്ചിട്ടും, സാമുദായികമായ സവിശേഷ ഗുണം എന്ന നിലയില്‍, സ്വുമൂദ് (സ്ഥിരോല്‍സാഹത്തോടെ ദൃഢചിത്തരായി നില്‍ക്കുക എന്നാണ് സ്വുമൂദ് എന്ന അറബി വാക്കിന്റെ അര്‍ഥം: വിവര്‍ത്തകന്‍) ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ സേവിക്കുകയും ജന്മദേശം വിട്ടുപോകാനുള്ള അവരുടെ വിസമ്മതം കൂടുതല്‍ പ്രകാശിപ്പിക്കുകയും ചെയ്തു.
ഗസയിലും ചരിത്രപ്രധാനമായ ഫലസ്തീനിലും ഇസ്രായേലിന്റെ ആക്രമണം ചരിത്രാതീതമായ തലത്തിലെത്തിയിട്ടുണ്ടെങ്കിലും, പലരും പതിവുപോലെ ഫലസ്തീന്‍ പ്രതിരോധശേഷിയെ കാല്‍പ്പനികവല്‍ക്കരിക്കുന്നതില്‍ ഒരു അപകടമുണ്ട്. അങ്ങനെ ചെയ്യുന്നത് ജനങ്ങളെ ഒരു പഴഞ്ചന്‍ ക്ലീഷേയാക്കി മാറ്റുന്നു. കൂടാതെ ആരും വഹിക്കേണ്ടിവരാത്ത അതിമാനുഷികമായ ശക്തിയും അവരില്‍ നിന്ന് അത് ആവശ്യപ്പെടുന്നു.
ചില വൈരുധ്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടാന്‍ കഴിയില്ല. ഉദാഹരണത്തിന്, ഇസ്രായേലിന്റെ ഉദ്ഭവ കഥ, കുടിയേറ്റ കൊളോണിയല്‍ വിവരണങ്ങള്‍ പലപ്പോഴും ചെയ്യുന്നതുപോലെ, നഖ്ബയുടെ യാഥാര്‍ഥ്യത്തെ മായ്ച്ചു കളയുന്നു. കവി ദാരീന്‍ ത്വാത്വൂര്‍ വിശദീകരിക്കുന്നതുപോലെ, സയണിസ്റ്റുകള്‍ തങ്ങളുടെ സ്വാതന്ത്ര്യദിനമായി കരുതുന്ന മെയ് ആദ്യത്തില്‍ പടക്കം പൊട്ടിച്ചും പിക്‌നിക്കുകളും പാര്‍ട്ടികളും നടത്തിയും ആഘോഷിക്കുന്നു.
മറുവശത്ത്, ഫലസ്തീനികള്‍ 'ഈ ദിവസം അവരുടെ നഖ്ബ(മഹാദുരന്തം:വിവര്‍ത്തകന്‍)യായി വിലപിക്കുന്നു' എന്ന് ത്വാത്വൂര്‍ വ്യക്തമാക്കുന്നു. 'ഒരു വംശീയ ഉന്മൂലനത്തിന്റെയും 'അവരുടെ' ഗ്രാമങ്ങളുടെ നാശത്തിന്റെയും അഭയാര്‍ഥി ജനതയുടെ സൃഷ്ടിയുടെയും ആരംഭം.'
'സ്വാതന്ത്ര്യം ഒരു സ്വപ്‌നം മാത്രമാണെങ്കിലും ഞങ്ങള്‍ നിശ്ശബ്ദതയിലും അഭിമാനത്തിലും കഷ്ടപ്പെടുകയും നിലനില്‍ക്കുകയും ചെയ്യുന്നു' എന്ന് ത്വാത്വൂര്‍ ഉപസംഹരിക്കുന്നു. അതുവഴി നിരാശയുടെ സൂത്രവാക്യത്തിലേക്ക് പ്രത്യാശയും പ്രതിരോധശേഷിയും സന്നിവേശിപ്പിക്കുന്നു.
സയണിസ്റ്റുകള്‍ എത്ര ശ്രമിച്ചാലും, 1948നെക്കുറിച്ചുള്ള ചരിത്രത്തിന്റെ രണ്ട് പതിപ്പുകളെ പൊരുത്തപ്പെടുത്താന്‍ കഴിയില്ല.
എല്ലാ വര്‍ഷവും മെയ് 15 ന്, കോംബാറ്റന്റ്‌സ് ഫോര്‍ പീസ് (സിഎഫ്പി) സംയുക്ത നഖ്ബ അനുസ്മരണ ചടങ്ങ് നടത്തുന്നു. ഈ വര്‍ഷം 'ഭൂമിയില്‍ മുറുകെ പിടിക്കുക, പ്രത്യാശയില്‍ മുറുകെ പിടിക്കുക' എന്ന മുദ്രാവാക്യത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ആരുടെ ഭൂമി, ആരുടെ പ്രതീക്ഷ? ഓരോ വശത്തിന്റെയും 'അക്രമ ഭൂതകാലത്തിന്റെ' പ്രക്രിയയെക്കുറിച്ചുള്ള അവ്യക്തമായ പരാമര്‍ശത്തിനപ്പുറം ആ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടെന്ന് തോന്നുന്നില്ല .
ഇവിടെയാണ് പ്രശ്‌നം. നിയമപരമായി ചെറുത്തുനില്‍ക്കാന്‍ അവകാശമുള്ള അധിനിവേശിതരുടെ ചെറുത്തുനില്‍പ്പും, മറ്റുള്ളവര്‍ക്കെതിരേ വംശഹത്യ നടത്താന്‍ അവകാശമില്ലാത്ത അധിനിവേശകരുടെ അക്രമവും തമ്മില്‍ തുല്യത കണ്ടെത്താനുള്ള ശ്രമമുണ്ട്.
ഫാഷിസം ഒരിക്കലും അധികാരത്തില്‍ നിന്ന് സ്വയം പുറത്തായിട്ടില്ല. മര്‍ദ്ദിതരുടെ മാനസികാഘാതങ്ങള്‍ കേട്ട് മനസ്സലിഞ്ഞ് മര്‍ദ്ദകര്‍ ഒരിക്കലും അധികാരം വലിച്ചെറിഞ്ഞിട്ടുമില്ല. വാഴ്‌സാ ഗെട്ടോയിലെ ജൂതന്മാര്‍ നാസികളെ ചായ കുടിക്കാന്‍ ക്ഷണിച്ച് അവരുടെ കഥകള്‍ കേള്‍ക്കണമായിരുന്നു, അല്ലാതെ യഥാര്‍ഥത്തില്‍ ചെയ്തതുപോലെ അടിച്ചമര്‍ത്തുന്നവര്‍ക്കെതിരേ ഉണര്‍ന്നെഴുന്നേല്‍ക്കേണ്ടതില്ല എന്ന് വാദിക്കുന്നതിന് സമാനമാണ് ഈ ധാരണ.
'ഇപ്പോഴത്തെ രക്തച്ചൊരിച്ചിലിനെ' ഭൂമിയെച്ചൊല്ലിയുള്ള സംഘര്‍ഷത്തിന്റെ നീണ്ട ചരിത്രത്തിലെ മറ്റൊരു ദാരുണമായ അധ്യായം' എന്ന് മുദ്രകുത്താനും ശ്രമം തുടരുന്നു. തുല്യരായ രണ്ടു ശക്തികള്‍ തമ്മില്‍ സംഘര്‍ഷം നടക്കുകയാണ് എന്നാണ് ഈ പ്രയോഗം ധ്വനിപ്പിക്കുന്നത്. പക്ഷേ, അത് വാസ്തവമല്ല. യുഎസും മറ്റു രാജ്യങ്ങളും നല്‍കുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് വംശഹത്യ നടത്തുന്ന ഇസ്രായേലിന്റെ ഏഴയലത്തെത്താനുള്ള ആയുധങ്ങള്‍ ഫലസ്തീനികളുടെ കൈവശമില്ല എന്നതാണ് സത്യം. നടന്നുകൊണ്ടിരിക്കുന്നത് വംശഹത്യയാണ്, സംഘര്‍ഷമല്ല.
മാത്രമല്ല, പരസ്പരം കഥകള്‍ കേട്ടുകൊണ്ട് 'അക്രമത്തിന്റെ ചക്രം തകര്‍ക്കുക' എന്നതിനെയാണ് സ്മാരകം സൂചിപ്പിക്കുന്നത് , വാസ്തവത്തില്‍ അക്രമത്തിന്റെ 'ചക്രം' ഉണ്ടായിട്ടില്ല, പകരം സയണിസ്റ്റ് ഭരണകൂടം നടത്തുന്ന വംശീയ ഉന്മൂലനം തുടരുന്നു.
അവസാനമായി, കോംബാറ്റന്റ്‌സ് ഫോര്‍ പീസ് (CFP) എന്നത് 'അനുരഞ്ജനത്തിനായുള്ള പ്രതിബദ്ധത'യെയാണ് സൂചിപ്പിക്കുന്നത്, എന്നാല്‍ സത്യവും അനുരഞ്ജനവുമായി വാദം കേള്‍ക്കലുകള്‍ നടന്ന ദക്ഷിണാഫ്രിക്കയില്‍ പോലും, വര്‍ണവിവേചനം അവസാനിച്ചതിനു ശേഷമാണ് അത് സംഭവിച്ചത്. അനുരഞ്ജനം സംഭവിക്കുന്നതിന് മുമ്പ് ഇസ്രായേലിന് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്, എപ്പോഴെങ്കിലും.
ഭാവിയെ സംബന്ധിച്ചിടത്തോളം, കോംബാറ്റന്റ്‌സ് ഫോര്‍ പീസില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ 'കൂട്ടായ വിമോചനത്തിന്റെ ഒരു കാഴ്ചപ്പാട്' പുലര്‍ത്തുന്നു. അവിടെ അടിച്ചമര്‍ത്തപ്പെട്ടവര്‍ ആധിപത്യത്തില്‍നിന്ന് സ്വതന്ത്രരാകുന്നു, അടിച്ചമര്‍ത്തുന്നവര്‍ അക്രമത്തില്‍ ബന്ധിതമായ വ്യവസ്ഥകളില്‍നിന്ന് സ്വതന്ത്രരാകുന്നു.
ഈ കുറച്ച് ഖണ്ഡികകളില്‍ എവിടെയും കോംബാറ്റന്റ്‌സ് ഫോര്‍ പീസ് (CFP) 'വംശഹത്യ' എന്ന വാക്ക് ഉപയോഗിക്കുന്നില്ല, അവസാന വാക്കുകള്‍ 'സയണിസം' എന്നത് കഷണങ്ങളാക്കേണ്ട ഒരു വ്യവസ്ഥയാണെന്ന് പരാമര്‍ശിക്കുന്നില്ല. അങ്ങനെ, ഒരിക്കലും ഉചിതമായി പേരിടാത്ത വംശഹത്യ അവസാനിപ്പിക്കുന്നതിന് വാമൊഴിയായി സേവനം നല്‍കിയതിന് പങ്കെടുക്കുന്നവര്‍ എല്ലാ വര്‍ഷവും സ്മാരകത്തില്‍നിന്ന് പുറത്തുപോകുന്നു.
ഫലസ്തീന്‍ പണ്ഡിതനും സാംസ്‌കാരിക പ്രവര്‍ത്തകനും സംഗീത കലാകാരനുമായ ഹൈദര്‍ ഈദ് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ 'സാധാരണവല്‍ക്കരണം' എന്നതിനെ 'അടിച്ചമര്‍ത്തല്‍, അനീതി തുടങ്ങി അന്തര്‍ലീനമായി അസാധാരണമായ എന്തെങ്കിലും കൈകാര്യം ചെയ്യുകയോ അവതരിപ്പിക്കുകയോ ചെയ്യുക എന്നതാണ്' എന്ന് നിര്‍വചിക്കുന്നു. തദ്ദേശീയ ഫലസ്തീന്‍ നയിക്കുന്ന സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കുന്നതിനുപകരം സയണിസ്റ്റ് ഭരണകൂടവുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു എന്നതിനാല്‍, അത്തരമൊരു പദ്ധതിയായി കോംബാറ്റന്റ്‌സ് ഫോര്‍ പീസ് (CFP) പ്രവര്‍ത്തിക്കുന്നു.
മറ്റൊരിടത്ത്, 'മറ്റൊരാളെ മനസ്സിലാക്കുക' അല്ലെങ്കില്‍ 'ഫലസ്തീന്‍ അവകാശങ്ങളെക്കുറിച്ചുള്ള ഇസ്രായേലി പൊതുജനാഭിപ്രായം ബോധ്യപ്പെടുത്തുക' എന്ന വ്യാജേന നടപ്പിലാക്കിയ സാംസ്‌കാരികവും സാധാരണവല്‍ക്കരണപരവുമായ പദ്ധതികള്‍, ഇസ്രായേല്‍ 'സജീവമായി സമാധാനം തേടുന്നു' എന്ന അന്താരാഷ്ട്ര അഭിപ്രായത്തിലേക്ക് തെറ്റായി നയിച്ചതായി ഹൈദര്‍ ഈദ് വാദിക്കുന്നു . അതിലും മോശം, അവര്‍ ബഹിഷ്‌കരണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തി, അതേസമയം 'ജനാധിപത്യപരവും സാധാരണവുമായ രാഷ്ട്രം' എന്ന് സ്വയം വിപണനം ചെയ്തുകൊണ്ട് ഇസ്രായേലിനെ 'അവരുടെ ക്രിമിനല്‍ ഭൂതകാലത്തെ വെള്ളപൂശാന്‍' അനുവദിച്ചു.
ഇസ്രായേലി സ്ഥാപനങ്ങള്‍ക്കെതിരേ സജീവമായ നിലപാട് സ്വീകരിക്കുന്നതിനുപകരം ഈ ദൗത്യങ്ങള്‍, പങ്കെടുക്കുന്നവര്‍ക്ക് പൊതുവായ വിഷയങ്ങളെക്കുറിച്ച് 'സംവാദത്തില്‍' ഏര്‍പ്പെടുന്നതിലൂടെയും ഫലസ്തീന്‍ ജനതയ്ക്ക് സ്വാതന്ത്ര്യവും നീതിയും എങ്ങനെ ഉറപ്പാക്കാമെന്ന ചോദ്യം അവഗണിച്ചുകൊണ്ടും നടപടിയെടുക്കുകയാണെന്ന ഒരു 'തെറ്റായ സംതൃപ്തി' നല്‍കുന്നതായി ഹൈദര്‍ ഈദ് നിഗമനത്തിലെത്തുന്നു.
മരിച്ചവരെ ഒരുമിച്ച് അനുശോചിക്കാന്‍ ക്ഷണിക്കപ്പെട്ട ഫലസ്തീനികളെയും ഇസ്രായേലികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി കോംബാറ്റന്റ്‌സ് ഫോര്‍ പീസ് ഒരു സംയുക്ത സ്മാരകവും സ്‌പോണ്‍സര്‍ ചെയ്യുന്നു. എല്ലാ വര്‍ഷവും യോം ഹാസിക്കരോണിന്റെ (ഇസ്രായേല്‍ സ്മാരക ദിനം) തലേന്ന് നടക്കുന്ന ഈ ചടങ്ങില്‍, തങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന പങ്കാളികള്‍ പങ്കെടുക്കുന്നുവെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
ഇതിനകം സൂചിപ്പിച്ച കാരണങ്ങളാല്‍ പ്രശ്‌നകരമായ, ചിക്കാഗോയിലെ ഒരു സയണിസ്റ്റ് വിരുദ്ധ സഭയായ സെഡെക് ചിക്കാഗോ ( Tzedek Chicago)യിലെ അംഗങ്ങള്‍ക്ക് വേണ്ടി, റാബി ബ്രാന്റ് റോസന്‍ തന്റെ ആഴ്ചതോറുമുള്ള വാര്‍ത്തക്കുറിപ്പില്‍ വിവരിച്ച മറ്റുവിഷയങ്ങളും സംയുക്ത സ്മാരകം അവതരിപ്പിക്കുന്നു.
സയണിസ്റ്റ് രാഷ്ട്രം സ്ഥാപിതമായതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ പാര്‍ലമെന്റിന്റെ ഒരു നിയമപ്രകാരം യോം ഹാഷോ (ഹോളോകോസ്റ്റ് അനുസ്മരണ ദിനം) സ്ഥാപിതമായതായി ഫേസ്ബുക്കില്‍ പങ്കിട്ട റാബി ബ്രാന്റ് വിശദീകരിക്കുന്നു. എല്ലാ വര്‍ഷവും ഏപ്രില്‍ 27ന് അനുസ്മരിക്കപ്പെടുന്ന ഇത്, യോം ഹസികരോണ്‍ (സ്മാരക ദിനം) ആയി മാറുന്ന ഒരു ആഴ്ച ദുഃഖാചരണം ആരംഭിക്കുകയും യോം ഹാറ്റ്‌സ്മൗട്ടോടെ (സ്വാതന്ത്ര്യ ദിനം) അവസാനിക്കുകയും ചെയ്യുന്നു.
അങ്ങനെ, സ്വാതന്ത്ര്യയുദ്ധത്തില്‍ പോരാടിയ സൈനികര്‍ സാധ്യമാക്കിയ, ഹോളോകോസ്റ്റിന്റെ ചാരത്തില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു 'പുനര്‍ജന്മ'മായി ഇസ്രായേല്‍ രാഷ്ട്രത്തിന്റെ സ്ഥാപനത്തെ കണ്ട 'സയണിസ്റ്റ് ചരിത്ര പുരാണത്തെ പ്രോല്‍സാഹിപ്പിക്കാന്‍' ഇത് സഹായിക്കുന്നു .
മറ്റൊരു കൂട്ടം ആളുകളെ പുറത്താക്കിയതിലൂടെയാണ് സയണിസ്റ്റ് രാഷ്ട്രം സാധ്യമായത് എന്ന വസ്തുത അവഗണിക്കുന്നതിലൂടെ, സിഎഫ്പി സ്‌പോണ്‍സര്‍ ചെയ്ത സംയുക്ത അനുസ്മരണങ്ങള്‍, പൊരുത്തപ്പെടാത്ത രണ്ട് ദുഃഖിത ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ പരാജയപ്പെടുന്നു.
ഹോളോകോസ്റ്റ് എത്ര ഭയാനകമായിരുന്നാലും, മുന്‍കാലങ്ങളില്‍ അത് സംഭവിച്ചു. അതിനാല്‍ ഇരകള്‍ക്ക് മറ്റൊരു കൂട്ടം ആളുകള്‍ക്കെതിരേ സ്വന്തം വംശഹത്യ നടത്തുന്നതിന് ന്യായീകരണമായി ഇതിനെ ഉപയോഗിക്കാന്‍ കഴിയില്ല. ഇരകള്‍ ബന്ധമില്ലാത്ത മറ്റൊരു കുറ്റകൃത്യത്തിന്റെ കുറ്റവാളികളായി മാറുമ്പോള്‍, സയണിസ്റ്റുകള്‍ എത്ര ശ്രമിച്ചാലും രണ്ട് സംഭവങ്ങളെയും ഒരിക്കലും പൊരുത്തപ്പെടുത്താന്‍ കഴിയില്ല.
ഫലസ്തീന്‍ ജനതയുടെ സമ്പൂര്‍ണ വംശഹത്യയും നാടുകടത്തലും എന്ന അന്തിമ പരിഹാരമായി ഇസ്രായേലികള്‍ കാണുന്നത് നടപ്പിലാക്കുമ്പോഴും ഈ യാഥാര്‍ഥ്യം ഇന്നും തുടരുന്നു.
വംശഹത്യയുടെ ഭീഷണിയില്‍, ഫലസ്തീനികള്‍ വൈവിധ്യമാര്‍ന്ന വികാരങ്ങള്‍ അനുഭവിക്കുന്നു: പ്രതീക്ഷ, നിരാശ, സന്തോഷം, ദുഃഖം, നിലവിലെ സാഹചര്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ ഇതെല്ലാം ന്യായമായ പ്രതികരണങ്ങളാണ്.
'ഒരു വശം മറുവശത്ത് വംശഹത്യ നടത്തുമ്പോള്‍, പ്രത്യേകിച്ച് വളരെ അസമമായ പദവിയുള്ള രണ്ട് ഗ്രൂപ്പുകളായ അധിനിവേശകരും അധിനിവേശത്തിന് ഇരയായ വംശജരും തമ്മിലുള്ള സംഭാഷണങ്ങളാണ് അനുരഞ്ജിപ്പിക്കാന്‍ കഴിയാത്തത്.
പ്രകൃതിയുടെ രൂപത്തിലായിരിക്കാം മൂന്നാമതൊരു ഘടകവും വരുന്നത്. വിരോധാഭാസമെന്നു പറയട്ടെ, ഇസ്രായേലികള്‍ക്ക് നിയന്ത്രണം ഏറ്റെടുക്കാന്‍ വഴിയൊരുക്കുന്നതിനായി ഗസ മുഴുവന്‍ നശിപ്പിക്കാനുള്ള പ്രചാരണം ഇസ്രായേല്‍ ശക്തമാക്കുമ്പോള്‍, ഭൂമി സ്വന്തമാക്കാന്‍ സയണിസ്റ്റുകള്‍ നട്ടുപിടിപ്പിച്ച കാടുകളില്‍ മറ്റൊരു തീ ആളിക്കത്തുകയാണ്.
ഗസയിലും വെസ്റ്റ് ബാങ്കിലും ലബ്‌നാനിലും മുതിര്‍ന്നവരെയും കുട്ടികളെയും ഇസ്രായേല്‍ ജീവനോടെ ചുട്ടെരിക്കുമ്പോള്‍, വിദേശ ദാതാക്കള്‍ മോഷ്ടിച്ച ഭൂമിയില്‍ നട്ടുപിടിപ്പിച്ച അന്യദേശ മരങ്ങള്‍ കാരണം സ്വന്തം കാടുകള്‍ കത്തിക്കൊണ്ടിരിക്കുകയാണെന്ന് റോണി കാസ്രില്‍സ് വിശദീകരിക്കുന്നു .
ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന വിരുദ്ധ പോരാട്ടങ്ങളിലെ പരിചയസമ്പന്നനായ കാസ്രില്‍സ് രേഖപ്പെടുത്തുന്നത് , കുടിയേറ്റക്കാര്‍ പഴയ ഭൂപ്രകൃതികള്‍ പുനസ്സൃഷ്ടിക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു എന്നാണ്. പിന്നീട് 'വംശീയ ഉന്മൂലനം വന്നപ്പോള്‍, നൂറുകണക്കിന് ഗ്രാമങ്ങളുടെ കശാപ്പിന്റെയും പൊളിക്കലിന്റെയും ദൃശ്യങ്ങള്‍ മറയ്ക്കാന്‍ വേഗത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ഫലസ്തീന്‍ സാന്നിധ്യത്തിന്റെ ഏതെങ്കിലും അടയാളം ഇല്ലാതാക്കാന്‍ അവര്‍ ശ്രമിച്ചു.'
'പരാജയപ്പെടുന്ന ഒരു സയണിസ്റ്റ് വ്യവസ്ഥയ്ക്കുള്ളിലെ പുകയുന്ന വിഷവസ്തുക്കള്‍ ചാരമായി മാറുന്നതിന്റെ ഉചിതമായ പ്രതീകമാണ്' എന്ന് കാസ്‌റില്‍സ് പറയുന്നു.
നഖ്ബ ദിനം അടുക്കുമ്പോള്‍, കത്തുന്ന മരങ്ങള്‍ ഒരു ഓര്‍മപ്പെടുത്തലാണ്. 'പകരംവയ്ക്കലിന്റെയും, നിശ്ശബ്ദമാക്കിയ ഓര്‍മയുടെയും വ്യവസ്ഥാപിതമായ മറക്കലിന്റെയും ചരിത്രം'. അതായത് സയണിസ്റ്റുകള്‍ അടിച്ചേല്‍പ്പിച്ച ഒരു തെറ്റായ വിവരണത്തിന് വിരുദ്ധമായി, ഒരേയൊരു യഥാര്‍ഥ വിവരണം മാത്രമേയുള്ളൂ.
'ജറുസലേമിനു ചുറ്റുമുള്ള തീജ്വാലകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് -ഒരുപക്ഷേ, മനപ്പൂര്‍വമല്ലായിരിക്കാം -ശിക്ഷയില്ലാതെ ഒരു ജനതയെയും പിഴുതെറിയാന്‍ കഴിയില്ല എന്നാണ്' -മുഹമ്മദ് എല്‍ മുക്താര്‍ അവകാശപ്പെടുന്നു . 'ഭൂമി, എത്രയും വേഗം അല്ലെങ്കില്‍ പിന്നീട്, വീണ്ടും സംസാരിക്കും.'
(ന്യൂ മെക്‌സിക്കോ സര്‍വകലാശാലയില്‍ നിന്ന് അമേരിക്കന്‍ പഠനങ്ങളില്‍ ഡോക്ടറേറ്റ് നേടിയ പണ്ഡിതയാണ് ബെനെ ബ്ലെന്‍ഡ്. ഡഗ്ലസ് വക്കോച്ച്, സാം മിക്കി തുടങ്ങിയവയാണ് അവരുടെ കൃതികള്‍ )
കടപ്പാട്:പലസ്തീന്‍ ക്രോണിക്ക്ള്‍

