അബു ശബാബും ഇസ്രായേലിന്റെ ഹെബ്രോണ്‍ എമിറേറ്റ് പദ്ധതിയും

Update: 2025-07-09 15:38 GMT

ഒറൈബ് രന്താവി

ഗസ മുനമ്പില്‍ 'പരമാധികാരം പുനസ്ഥാപിക്കാനുള്ള' ആഗ്രഹവും സന്നദ്ധതയും പ്രകടിപ്പിക്കാനുള്ള ഒരു അവസരവും ഫലസ്തീന്‍ അതോറിറ്റി(പിഎ) നഷ്ടപ്പെടുത്താറില്ല. സാധാരണ സാഹചര്യങ്ങളില്‍ അവരുടെ ആഗ്രഹം മനസിലാക്കാന്‍ പ്രയാസമില്ല. എല്ലാ ഫലസ്തീന്‍ പ്രദേശങ്ങളിലും പരമാധികാരമില്ലാതെ, ആയുധങ്ങളില്‍ പിഎയ്ക്ക് കുത്തകയില്ലാതെ, എല്ലാ ജനങ്ങളിലും നിയമങ്ങള്‍ ബാധകമാക്കാതെ ഫലസ്തീന്‍ അപൂര്‍ണ്ണമാണ്.

എന്നിരുന്നാലും, ഫലസ്തീനിലെ നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു അവകാശവാദം വ്യാപകമായ പരിഹാസ പ്രതികരണങ്ങള്‍ക്ക് കാരണമാകുന്നു. മാത്രമല്ല, അവരുടെ രഹസ്യമായ ഉദ്ദേശ്യങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളും ഉയര്‍ത്തുന്നു.

തങ്ങളുടെ അധീനതയിലുണ്ടെന്ന് പറയപ്പെടുന്ന കിഴക്കന്‍ ജറുസലേമിലും താല്‍ക്കാലിക തലസ്ഥാനമായ റാമല്ലയില്‍ പോലും അധികാരമില്ലാത്ത ഫലസ്തീന്‍ അതോറിറ്റിക്ക് വിദൂരവും ഭൂമിശാസ്ത്രപരമായി വേര്‍തിരിക്കപ്പെട്ടതുമായ ഗസ മുനമ്പില്‍ അധികാരം അവകാശപ്പെടാന്‍ കഴിയില്ല.

ഫലസ്തീനികളെ സംരക്ഷിക്കാന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഫലസ്തീന്‍ അതോറിറ്റിയുടെ ആയുധങ്ങള്‍ക്ക് സമൂഹത്തില്‍ കുത്തക അവകാശപ്പെടാനാവില്ല. സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും ശത്രുക്കളെ തടയാനും ഭൂമി സംരക്ഷിക്കാനും (അവശേഷിക്കുന്ന ഭൂമി) അവ ഒരിക്കലും ഉപയോഗിച്ചിട്ടില്ല.

ഫലസ്തീന്‍ സാഹചര്യത്തില്‍, ഫലസ്തീന്‍ അതോറിറ്റി ഒരു രാഷ്ട്രമല്ല; അടുത്തിടെയായി അത് പരിമിതമായ അധികാരങ്ങളുള്ള സ്വയംഭരണം പോലുമല്ല. അധികാരമുണ്ടെന്ന് തോന്നിക്കുന്ന പതാകയും ചുവപ്പ് പരവതാനികളും പ്രസിഡന്റും സര്‍ക്കാരും ഉള്ളപ്പോഴും ഫലസ്തീനി ജനത ദേശീയ വിമോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണ്. 1967ല്‍ ഇസ്രായേല്‍ തട്ടിയെടുത്ത പ്രദേശങ്ങളുടെ സ്വാതന്ത്ര്യം ഇന്നത്തെ പോലും ഒരിക്കലും ഇത്രയും അകലെയായിരുന്നിട്ടില്ല.

ഇത് ഒരു സൈദ്ധാന്തിക വിലയിരുത്തലാണ്. പൊതുവായതും പ്രത്യേകമായതുമായ വിവരങ്ങളെ വിശകലനം ചെയ്താല്‍ മാത്രമേ അതിന്റെ രാഷ്ട്രീയ മാനങ്ങള്‍ മനസിലാക്കാനാവൂ. ഇത് നമ്മെ മറ്റൊരു അടിസ്ഥാന ചോദ്യത്തിലേക്ക് എത്തിക്കുന്നു: ഗസയുടെ നിയന്ത്രണമെന്ന ലക്ഷ്യം നേടുന്നതിന് പിഎ ഏതൊക്കെ സംവിധാനങ്ങളെയും രീതികളെയും ആശ്രയിച്ചു?

തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷം ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ(പിഎല്‍ഒ) ചട്ടക്കൂടിനുള്ളില്‍ ഫലസ്തീനികളെ ഏകീകരിക്കാനും ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനും പിഎ തയ്യാറാവുകയായിരുന്നെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും സന്നദ്ധതയുണ്ടെന്ന് പറയാമായിരുന്നു.

പക്ഷേ, അവര്‍ വിവിധ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളെ എതിര്‍ക്കുകയും തങ്ങളാണ് എല്ലാത്തിന്റെയും കേന്ദ്രമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ഫതഹിലെ വിവിധ ഘടകങ്ങളെ നിശബ്ദരാക്കിയാണ് അവര്‍ അത് ചെയ്തത്. കൂടാതെ, വെസ്റ്റ്ബാങ്കിലെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ഇസ്രായേലി സൈന്യവുമായി സഹകരിക്കുകയും ചെയ്തു.

ഇസ്രായേലി സൈന്യത്തിന്റെ ഉത്തരവുകള്‍ പാലിച്ചും ആയുധങ്ങള്‍ സ്വീകരിച്ചും ഗസ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ക്ക് പിഎ സഹായം നല്‍കി. യാസര്‍ അബു ശബാബിന്റെ സംഘത്തിനും അവര്‍ സഹായം നല്‍കി. ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെത്ത്, അറബ് രാജാക്കന്‍മാരുടെ സുരക്ഷാ ഏജന്‍സികള്‍ എന്നിവരുമായി സഹകരിച്ചാണ് ഇത് ചെയ്യുന്നത്.

അത്തരമൊരു ഫലസ്തീന്‍ അതോറിറ്റിക്ക് ഗസ മുനമ്പിന്റെ മേല്‍ പരമാധികാരം സ്ഥാപിക്കാനോ വെസ്റ്റ് ബാങ്കിലെ തങ്ങളുടെ 'പരമാധികാരം' നിലനിര്‍ത്താനോ പോലും അവകാശമില്ല, അതിന് കഴിയില്ല.

അബു ശബാബ് സംഘവുമായി ബന്ധമില്ലെന്ന് ഫലസ്തീന്‍ അതോറിറ്റി പറഞ്ഞെങ്കിലും സംഘത്തിന്റെ നേതാവായ യാസര്‍ അബു ശബാബ് അത് തള്ളി. ഇസ്രായേലി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അയാള്‍ അത് തള്ളിയത്. ഇസ്രായേലുമായും ഫലസ്തീന്‍ അതോറിറ്റിയുമായി സഹകരിക്കുന്നുണ്ടെന്നാണ് യാസര്‍ വെളിപ്പെടുത്തിയത്.

എമിറേറ്റ് ഓഫ് ഹെബ്രോണ്‍

അബു ശബാബ് സംഘത്തിന്റെ വരവു പോലെ തന്നെ അടുത്തിടെ എമിറേറ്റ് ഓഫ് ഹെബ്രോണ്‍ എന്ന വിഷയവും ഉയര്‍ന്നുവന്നിട്ടുണ്ട്. 1993ലെ ഓസ്‌ലോ കരാര്‍ പ്രകാരം വെസ്റ്റ്ബാങ്കിനെ എ, ബി, സി, എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. ഇതില്‍ ഓരോ പ്രദേശങ്ങളിലും ഫലസ്തീന്‍ അതോറിറ്റിക്ക് വ്യത്യസ്തമായ അധികാരങ്ങളാണുള്ളത്. ഫലസ്തീന്‍ അതോറിറ്റിയുടെ അധികാര പരിധിയിലുള്ള സ്ഥലത്താണ് ഈ എമിറേറ്റ് ഓഫ് ഹെബ്രോണ്‍ ആശയമുള്ളത്.

ഹെബ്രോണിലെ 'എമിറേറ്റ്' ആശയം ഗൗരവമുള്ളതായി തോന്നുന്നില്ല. കൂടാതെ പലരും അതിന് പിന്നിലുള്ളവരുടെ ഉദ്ദേശ്യം, ലക്ഷ്യം, പങ്കാളിത്തം എന്നിവയെ ചോദ്യം ചെയ്‌തേക്കാം. എന്നാല്‍, പിഎ ധാര്‍മികമായി തകര്‍ന്നു നില്‍ക്കുന്ന അവസ്ഥയില്‍ അത് പ്രതിസന്ധിയുണ്ടാക്കാമെന്ന് ചിലര്‍ ഭയക്കുന്നു. രാഷ്ട്രീയ, ദേശീയ, ധാര്‍മ്മിക തകര്‍ച്ച പിഎയെ ദുര്‍ബലമാക്കിയിരിക്കുന്നു. നിലവിലെ പിഎയുടെ സ്ഥിതി അതേപടി തുടരുകയാണെങ്കില്‍, എമിറേറ്റ്‌സ് പ്രതിഭാസം നിലനില്‍ക്കാനും ഒരുപക്ഷേ മറ്റ് നഗരങ്ങളില്‍ ആവര്‍ത്തിക്കാനും കാരണമായേക്കാം.

ചിലര്‍ ശരിയായി പറയുന്നു '' ഇസ്രായേലിന്റെ കൈകളിലേക്ക് നോക്കൂ.''. ആ കൈകള്‍ ഫലസ്തീനി വിഷയത്തില്‍ ഇടപെടുന്നത് ഒരിക്കലും നിര്‍ത്തിയിട്ടില്ല. പിഎല്‍ഒയ്ക്ക് ബദലായി പ്രാദേശിക നേതാക്കളെ സൃഷ്ടിക്കാന്‍ അവര്‍ എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുണ്ട്. 1970കളില്‍ വെസ്റ്റ്ബാങ്കില്‍ സ്ഥാപിച്ച വില്ലേജ് ലീഗുകള്‍ ഇസ്രായേലി അനുകൂലമായിരുന്നു. അതിനെ ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ തൊട്ടിലോടെ കുഴിച്ചുമൂടിയിരുന്നു.

വെസ്റ്റ്ബാങ്കില്‍ ഇസ്രായേലുമായി സഹകരിച്ചിട്ടും ഗസയിലെ പ്രതിരോധ പ്രസ്ഥാനങ്ങള ഉപേക്ഷിച്ചിട്ടും ഫലസ്തീന്‍ അതോറിറ്റിയില്‍ ഇസ്രായേലിലെ ഫാഷിസ്റ്റ് ഭരണകൂടത്തിന് താല്‍പര്യമില്ല. ഫലസ്തീന്‍ അതോറിറ്റിയെ ദുര്‍ബലപ്പെടുത്താനും എന്തെങ്കിലും വിശ്വാസ്യത ബാക്കിയുണ്ടെങ്കില്‍ അത് നശിപ്പിക്കാനുമാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. ഇന്ന്, അവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു: '' സിറ്റി ലീഗ്‌സ് എന്ന പേരില്‍ വെസ്റ്റ് ബാങ്കില്‍ ഐക്യമില്ലാത്ത എട്ട് ഫലസ്തീനിയന്‍ എമിറേറ്റ്‌സുകള്‍ സ്ഥാപിക്കും.'' വെസ്റ്റ്ബാങ്കും ഗസയും ചേര്‍ന്ന് ഒരു ഫലസ്തീന്‍ രാഷ്ട്രം ലഭിക്കുമെന്ന് ആരെങ്കിലും വാദിക്കുന്നുണ്ടെങ്കില്‍ അവര്‍ ആ മിഥ്യാധാരണകള്‍ ഉപേക്ഷിക്കണം.

ഗസയെ സംബന്ധിച്ചിടത്തോളം, രണ്ടുവര്‍ഷത്തെ യുദ്ധത്തില്‍ ഹമാസിനും ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങള്‍ക്കും ബദല്‍ സൃഷ്ടിക്കാന്‍ ഇസ്രായേല്‍ മുട്ടാത്ത വാതിലുകളില്ല. ഫലസ്തീനിലെ ഗോത്രങ്ങള്‍ക്കിടയില്‍ നിന്നും കുടുംബങ്ങള്‍ക്കിടയില്‍ നിന്നും ബിസിനസുകാര്‍ക്കിടയില്‍ നിന്നും പോലും ആരെയും ലഭിച്ചില്ല. വെസ്റ്റ്ബാങ്കില്‍ നിന്നും ഫതഹ് പാര്‍ട്ടിയെ ഗസയില്‍ സ്ഥാപിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അങ്ങനെ അവര്‍ മയക്കുമരുന്ന് കടത്തിലും മറ്റും ഏര്‍പ്പെടുന്ന സംഘങ്ങളില്‍ എത്തി. അവരില്‍ ചിലര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്നു.

എന്നിരുന്നാലും, ചുറ്റിവളയല്‍, ഉന്മൂലനം എന്നിവയുള്ള കഠിനമായ യുദ്ധത്തെ ചെറുത്തുനിന്ന, ഇസ്രായേലിന് കനത്ത പ്രഹരം നല്‍കിയ, ഗസയ്ക്ക് അത്തരക്കാരെ നേരിടാനും അറിയാമായിരുന്നു. അത്തരക്കാരെ അവരുടെ ഗോത്രങ്ങളുടെയും കുടുംബങ്ങളുടെയും പിന്തുണയില്‍ നിന്നും ഒഴിവാക്കുകയാണ് ആദ്യം ചെയ്തത്. അങ്ങനെ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ധാരയില്‍ നിന്നും അവരെ ഒഴിവാക്കി. ഇനി ഓപ്പറേഷന്‍ സെന്റര്‍ അവരുടെ കാര്യത്തില്‍ തീരുമാനമെടുക്കും. അത്തരമൊരു നിലപാട് ഫലസ്തീന്‍ അതോറിറ്റി ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇനി അത് സ്വീകരിക്കാനും സാധ്യതയില്ല.

വെസ്റ്റ്ബാങ്കില്‍ വളര്‍ന്നുവരുന്ന പ്രതിരോധ ബറ്റാലിയനുകളെയും മറ്റും കുറിച്ച് പറയുമ്പോള്‍ തീക്ഷ്ണമായ ഭാഷയാണ് ഫലസ്തീന്‍ അതോറിറ്റി ഉപയോഗിച്ചിരുന്നത്. എന്നാല്‍, 'എമിറേറ്റ്' പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ 'യുക്തിസഹവും യാഥാര്‍ത്ഥ്യബോധവുമുള്ള ' ഭാഷയാണ് അവര്‍ ഉപയോഗിക്കുന്നത്. ജെനിന്‍, തുല്‍ക്കര്‍ം അഭയാര്‍ത്ഥി ക്യാമ്പുകളെക്കുറിച്ച് പറയുമ്പോള്‍ പ്രയോഗിച്ച തീക്ഷ്ണമായ വാക്കുകള്‍ അവര്‍ എമിറേറ്റിന്റെ കാര്യത്തില്‍ ഉപയോഗിച്ചില്ല.

ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളുടെ സംയുക്ത ഓപ്പറേഷന്‍ റൂമിന്റെ പ്രസ്ഥാവനക്ക് ശേഷം ഗസയിലെ അബു ശബാബ് സംഘം അധികനാള്‍ നിലനില്‍ക്കില്ല. 60 ദിവസം വെടിനിര്‍ത്തലുണ്ടായാല്‍ ഇസ്രായേലിന്റെ സംഘങ്ങളോടുള്ള കണക്കുകള്‍ തീര്‍ക്കപ്പെടും.

എന്നിരുന്നാലും, വെസ്റ്റ് ബാങ്കിനെ കുറിച്ച് ഭയമുണ്ട്: നെതന്യാഹുവും വലതുപക്ഷവും വെസ്റ്റ്ബാങ്കിനെ ഇസ്രായേലില്‍ കൂട്ടിചേര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു, നൂറ്റാണ്ടിന്റെ കരാര്‍ എന്ന് ട്രംപ് പറഞ്ഞിരിക്കുന്നു, ഫലസ്തീന്‍ അതോറിറ്റി ധാര്‍മികായി ദുര്‍ബലമായി. ഈ സാഹചര്യത്തില്‍ എമിറേറ്റ്‌സ് പദ്ധതി ഒരു ഭീഷണിയാണ്. അതില്‍ വേട്ടക്കാരായ ഇസ്രായേലിന് സന്തോഷവുമുണ്ട്.

സ്വന്തം ലക്ഷ്യം നേടാന്‍ ഇസ്രായേലുമായി സഹകരിച്ച് പോലും ചെറുത്തുനില്‍പ്പിനെ ദുര്‍ബലപ്പെടുത്തുന്നത് തങ്ങളുടെ നിലയും സ്വാധീനവും വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിച്ചവര്‍ സ്വന്തം വഴികളുടെ ഗുരുതരമായ തെറ്റ് തിരിച്ചറിയണം. വളരെ വൈകുന്നതിന് മുമ്പ്, പ്രതിരോധം അവസാനിച്ചുവെന്ന് ഇസ്രായേല്‍ പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പുതന്നെ, അവര്‍ സ്വന്തം വിധി നിര്‍ണയിക്കണം.

ജോര്‍ദാനിലെ മാധ്യമപ്രവര്‍ത്തകനാണ് ഒറൈബ് രന്താവി