അബ്ദുല്ല അൻസാരി
ഇരു കൂട്ടരും തടവുകാരെ വിട്ടയക്കും, ഗസയുടെ നിയന്ത്രണം പ്രത്യേക അന്താരാഷ്ട്ര സേനയ്ക്ക് കൈമാറും, പുനർനിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും, ഗസ പൂർണമായും നിരായുധീകരിക്കും, തീവ്രവാദ മുക്തമാക്കും, ഹമാസിനെ പുറത്തു പോകാനനുവദിക്കും, തുടങ്ങി ഗസയെ പൂർണമായും കോളനിവൽക്കരിച്ച് അമേരിക്കൻ ഇസ്രായേൽ നിയന്ത്രണത്തിൽ കൊണ്ടുവരുന്ന 20 ഇന നിർദേശങ്ങളാണ് ഫലസ്തീൻ പ്രശ്നപരിഹാരാർഥം ട്രംപ് മുന്നോട്ടുവച്ചിരിക്കുന്നത്. എക്കാലത്തെയും പോലെ വഞ്ചനയും ചതിയും വളരെ സമർഥമായി ഒളിച്ചു വച്ചിരിക്കുന്ന വ്യവസ്ഥകളാണ് പുതിയ സമാധാന പദ്ധതിയെന്ന് മൊത്തം നിർദേശങ്ങളിൽ കണ്ണോടിച്ചാൽ മനസ്സിലാവും.
ആദ്യവ്യവസ്ഥ തന്നെ പക്ഷപാതപരവും ഏറെ ധാർഷ്ട്യം നിറഞ്ഞതുമാണ്. തടവുകാരുടെ കൈമാറ്റം സുഗമമാക്കാനായി ഇസ്രായേൽ സ്വയം തീരുമാനിച്ച അതിർത്തിയിലേക്ക് പിൻവാങ്ങുമത്രേ. അധിനിവിഷ്ട പ്രദേശത്ത് തങ്ങൾ എവിടെ നിലകൊള്ളണമെന്ന് തീരുമാനിക്കാനുള്ള അധികാരം അക്രമിക്കാണെന്ന് സാരം. മണ്ണിൻ്റെ ഉടമകളായ ഫലസ്തീനികൾക്ക് ഇതിൽ ഒരു പങ്കുമില്ല. ഹമാസിൻ്റെ കസ്റ്റഡിയിലുള്ളവരെയാണ് ആദ്യം മോചിപ്പിക്കേണ്ടത്. എല്ലാവരെയും വിട്ടയച്ചുകഴിഞ്ഞാൽ, ഇസ്രായേലിൻ്റെ കസ്റ്റഡിയിലുള്ള 250 ജീവപര്യന്തം തടവുകാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 1,700 ഗസ്സൻ പൗരന്മാരെയും വിട്ടയക്കും. കൈമാറ്റം പൂർണമായി കഴിഞ്ഞാൽ, ആയുധങ്ങൾ ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്ന ഹമാസ് അംഗങ്ങൾക്ക് പൊതുമാപ്പ് നൽകും. അല്ലാത്തവർക്ക് ഗസ വിട്ട് ആതിഥേയ രാജ്യങ്ങളിലേക്ക് സുരക്ഷിതമായി കടന്നു പോകാൻ സൗകര്യം ഒരുക്കും. ആരാണ് പുറത്തു പോകേണ്ടത്; ധികാരപൂർവം അതിക്രമിച്ചു കയറി, അധിനിവേശം നടത്തി, സിരകളെ മരവിപ്പിക്കുന്ന കൊടുംക്രൂരത കാട്ടിയവനോ മണ്ണിൻ്റെ മകനോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.
കരാർ അംഗീകരിച്ചുകഴിഞ്ഞാൽ, എല്ലാവിധ സഹായവും ഗസ മുനമ്പിലേക്ക് ഉടനടി ഒഴുകിയെത്തും. കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കും. പുനരധിവാസം, ആശുപത്രികളുടെയും ഭക്ഷണശാലകളുടെയും പുനരുജ്ജീവനം എന്നിവ ഉറപ്പുവരുത്തും. അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും തകർന്ന റോഡുകൾ തുറക്കുന്നതിനും അതിർത്തിയിൽ അനുമതി കാത്ത് കഴിയുന്ന ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കൾ നിറച്ച ട്രക്കുകൾക്ക് കടന്നു വരാനും സൗകര്യമൊരുക്കും. മലിനജലം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ അനുമതി നൽകും. വളരെ പ്രാഥമികമായ ഈ സൗകര്യങ്ങളത്രയും ബോധപൂർവം തടഞ്ഞുവയ്ക്കുകയായിരുന്നു എന്ന് ഓർക്കണം. യുദ്ധമുഖത്തല്ലാത്തപ്പോൾ പോലും പാലിക്കേണ്ട അന്താരാഷ്ട്ര മര്യാദകൾ പോലും സയണിസ്റ്റ് രാഷ്ട്രത്തിന് ബാധകമല്ല.
ഏറ്റവും അധികം അപകടവും കുതന്ത്രവും കച്ചവട-കൊളോണിയലിസ്റ്റ് താൽപ്പര്യങ്ങളും ഒളിഞ്ഞിരിക്കുന്നതാണ് അടുത്തത്. ഗസ്സയുടെ ഭരണനിർവഹണത്തിനായി സാങ്കേതിക വിദഗ്ധരും രാഷ്ട്രീയതര ഫലസ്തീനികളും ഉൾപ്പെടുന്ന സമിതി നിലവിൽ വരും. യോഗ്യരായ ഫലസ്തീനികളും അന്താരാഷ്ട്ര വ്യക്തിത്വങ്ങളും സമിതിയിൽ അംഗങ്ങളായിരിക്കും. ട്രംപ് അധ്യക്ഷനായ 'ബോർഡ് ഓഫ് പീസ്' എന്ന അന്താരാഷ്ട്ര സമിതിയുടെ പൂർണമായ നിയന്ത്രണത്തിലും മേൽനോട്ടത്തിലും ആയിരിക്കും പുനർ പ്രവർത്തനങ്ങൾ നടക്കുക. മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയർ സമിതിയിൽ ഉണ്ടാവും. ആവശ്യമെങ്കിൽ യോഗ്യരായ മറ്റ് രാഷ്ട്രത്തലവന്മാരെയും ഉൾപ്പെടുത്തും. ജനങ്ങളെ സേവിക്കുന്നതിലും നിക്ഷേപം ആകർഷിക്കുന്നതിലും ആധുനികവും കാര്യക്ഷമവുമായ ഭരണനിർവഹണം ഉറപ്പുവരുത്തുന്നതിലും സമിതി പ്രതിജ്ഞാബദ്ധമായിരിക്കും.
ഗസയെ പുനർനിർമിക്കാനും ഊർജസ്വലമാക്കാനുമായി ട്രംപ് മുന്നോട്ടുവച്ച പഴയ സാമ്പത്തിക സ്വപ്ന വികസന പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുംവിധം, മിഡിൽ ഈസ്റ്റിൽ, ചില ആധുനിക അദ്ഭുത നഗരങ്ങൾക്ക് ജന്മം നൽകാൻ സഹായിച്ച, മഹാവിദഗ്ധരുടെ ഒരു പാനൽ രൂപീകരിക്കും. 'നിരവധി ചിന്തോദ്ദീപകമായ നിക്ഷേപ നിർദേശങ്ങളും ആവേശകരമായ വികസന ആശയങ്ങളും ഉൾക്കൊള്ളുന്ന, മഹത്തായ ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടി പ്രവർത്തിക്കുന്ന ചില അന്താരാഷ്ട്ര ഗ്രൂപ്പുകൾ പദ്ധതിയിൽ പണമിറക്കാൻ തയ്യാറായിട്ടുണ്ടത്രേ. ഭാവി ഗസയ്ക്ക് മെച്ചപ്പെട്ട ജീവിതവും ഏറെ തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കഴിയുന്ന പ്രസ്തുത പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ സുരക്ഷാ, ഭരണ ചട്ടക്കൂടുകളെ സമന്വയിപ്പിക്കുന്നതിന് കൂടുതൽ പരിഗണന നൽകും'- നിർദേശം തുടരുന്നു. പങ്കാളികളാവാൻ താല്പര്യമുള്ള രാഷ്ട്രങ്ങൾക്ക് കൂടി താങ്ങാൻ കഴിയുന്ന തരത്തിൽ ഉദാരമായ താരിഫ് നിശ്ചയിച്ചുകൊണ്ട് പ്രദേശത്ത് പ്രത്യേക സാമ്പത്തിക മേഖല (Special Economic Zone) തുറക്കും.
'അവശേഷിക്കുന്ന 20 ലക്ഷം വരുന്ന ഫലസ്തീൻ ജനതയെ നാടുകടത്തി, ഗസ മുനമ്പിനെ തങ്ങളുടെ പശ്ചിമേഷ്യയിലെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റാൻ, സേനയെ അയക്കാൻ ഒരുക്കമാണ്. തകർന്നടിഞ്ഞ ഗസയിൽ, തദ്ദേശീയ ജനതയ്ക്ക് ഇനിയും ജീവിതം സാധ്യമല്ല. അവർക്ക് സമാധാനവും സന്തോഷവും വേണമെന്നുള്ളവർ, അവരെ മറ്റെവിടെയെങ്കിലും കുടിയിരുത്തുകയാണ് വേണ്ടത്' എന്ന് രണ്ടാം തവണ അധികാരം ഏറ്റെടുത്തയുടനെ വൈറ്റ്ഹൗസിൽ നെതന്യാഹുവിനെ സാക്ഷി നിർത്തി, നൂറുകണക്കിന് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പ്രഖ്യാപിച്ചയാളാണ് ട്രംപ്. വൻ റിയൽ എസ്റ്റേറ്റ് മുതലാളിയായ മരുമകൻ ജാരെഡ് കുഷ്നർക്ക് (Jared Kushner) വേണ്ടി തയ്യാറാക്കിയ പ്രസ്തുത സ്വപ്ന പദ്ധതി തന്നെയാണ് മുകളിൽ പരാമർശിച്ചത്. ഗ്രീന്‍ലാന്‍ഡ് വാങ്ങുക, കാനഡ പിടിച്ചെടുക്കുക, പാനമ കനാല്‍ വീണ്ടെടുക്കുക തുടങ്ങിയവയെല്ലാം മരുമകൻ്റെ റിയൽ എസ്റ്റേറ്റ് അജണ്ടയിൽ പെടുന്നതാണ്.
യുദ്ധത്തിന് ശേഷം ഗസ മുനമ്പ് എങ്ങനെ വീതിക്കണമെന്നതിൽ ചർച്ച നടക്കുകയാണെന്ന് ഇസ്രായേൽ ധനമന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ബെസാലേൽ സ്മോട്രിച്ച് പ്രസ്താവിച്ചത് ഓർക്കണം (Israeli Finance Minister Describes Plans to Turn Gaza into a 'Real Estate Bonanza' as Bombs Hammer the Enclave, Babak Dehghanpisheh and Omer Bekin, NBC News, 18, Sept 2025). 'പൊളിക്കുക എന്ന ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞു. ഇനി പുതിയൊരു നഗരം സൃഷ്ടിച്ചാൽ മാത്രം മതി. യുഎസ് നിയന്ത്രണത്തിലുള്ള ഒരു പ്രദേശമാക്കി ഗസയെ മാറ്റുന്നതിനുള്ള ആഗ്രഹം ഡോണൾഡ് ട്രംപ് മുമ്പേ തന്നെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു'- അയാൾ പറഞ്ഞു. ഗസയെ ഒരു പതിറ്റാണ്ടുകാലം യുഎസ് നിയന്ത്രണത്തിലാക്കണമെന്നും അവശേഷിക്കുന്ന ജനങ്ങൾക്ക് പണംകൊടുത്ത് മുനമ്പിൽനിന്ന് മാറ്റണമെന്നും കഴിഞ്ഞ ആഗസ്റ്റിൽ ട്രംപ് അഭിപ്രായപ്പെട്ടിരുന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഗസയുടെ തുടർന്നുള്ള ഭരണത്തിൽ ഹമാസിനോ ഇതര ഗ്രൂപ്പുകൾക്കോ നേരിട്ടോ അല്ലാതെയോ ഒരുതരത്തിലുള്ള പങ്കാളിത്തവും ഉണ്ടായിരിക്കുന്നതല്ല. തുരങ്കങ്ങളും ആയുധ നിർമാണ കേന്ദ്രങ്ങളും ഉൾപ്പെടെ ചെറുത്തുനിൽപ്പ് സേനയുടെ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെടും; അവ വീണ്ടും പുനർനിർമിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തും. സ്വതന്ത്ര നിരീക്ഷകരുടെ മേൽനോട്ടത്തിൽ ഗസയെ പൂർണമായി നിരായുധീകരിക്കും. സമ്പന്നമായ ഒരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും അയൽക്കാരുമായി സമാധാനപരമായ സഹവർത്തിത്വം സ്ഥാപിതമാകുന്നതിനും പുതിയ ഗസ പൂർണമായും പ്രതിജ്ഞാബദ്ധമായിരിക്കും. ഹമാസും ഇതര വിഭാഗങ്ങളും അവരുടെ കടമകൾ പാലിക്കുന്നുണ്ടെന്നും പുതിയ ഗസ അയൽക്കാർക്കോ അവിടെയുള്ള ജനങ്ങൾക്കോ ഒരുവിധ ഭീഷണിയുമുന്നയിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രാദേശിക പങ്കാളികളായ അറബ് രാജ്യങ്ങൾ ഗ്യാരണ്ടി നൽകണം.
ഗസയിൽ വിന്യസിക്കുന്നതിനായി ഒരു ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് (ISF) അന്താരാഷ്ട്ര പങ്കാളികളുടെ സഹകരണത്തോടെ രൂപീകരിക്കും. യോഗ്യരായവരെ ഉൾപ്പെടുത്തി ഐഎസ്എഫിന് കീഴിൽ ഒരു പോലിസ് സേനയ്ക്ക് രൂപം നൽകും. പുതുതായി പരിശീലനം ലഭിക്കുന്ന പ്രസ്തുത ഫലസ്തീൻ പോലിസ് സേനയ്ക്കൊപ്പം, അതിർത്തി സുരക്ഷിതമാക്കാൻ ഐഎസ്എഫ് ഇസ്രായേലുമായും ഈജിപ്തുമായും സഹകരിക്കും. ഗസയിലേക്ക് ആയുധങ്ങൾ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക, പുനർനിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക, ഗസ ഒരിക്കലും ഇസ്രായേലിന് ഭീഷണില്ലെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവ ഐഎസ്എഫിന്റെ ബാധ്യതയാണ്.
ട്രംപിന്റെ ഉള്ളിലിരിപ്പ് വളരെ വ്യക്തമാണ്. പലവിധ തന്ത്ര കുതന്ത്രങ്ങളിലൂടെ ഗസയുടെയും ഫലസ്തീനിന്റെയും സ്വത്വം തകർക്കുക, ഫലസ്തീൻ പൂർണമായി കോളനിവൽക്കരിക്കുക, ഒരുകാലത്തും വിമതസ്വരം ഉയരാത്ത വിധം ജനങ്ങളുടെ ആത്മധൈര്യം തകർക്കുക, സ്വയം നിർണയാവകാശത്തിന് കൂച്ചുവിലങ്ങ് തീർക്കുക, വഴങ്ങാത്തവരെ പൂർണമായി തുടച്ചുനീക്കുക. ലോകത്തുടനീളം പുതുതലമുറ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിയതോടെ, സഖ്യരാജ്യങ്ങളടക്കം നിലപാട് പുനപ്പരിശോധിക്കാൻ നിർബന്ധിതമായപ്പോൾ അവർക്ക് പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പും വിഷയത്തിന്റെ മർമത്തിൽനിന്ന് ലോക ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള കേവല കുതന്ത്രവും മാത്രമാണ് ട്രംപിന്റെ ക്ഷുദ്രലേഖനം.
ഫലസ്തീൻ ജനതയുടെ അഭിപ്രായം ആരായാതെ, തികച്ചും ഏക പക്ഷീയമായി ചുട്ടെടുത്തതാണ് ട്രംപിന്റെ നിർദേശങ്ങൾ. 'നെതന്യാഹുവിന്റെ ഉന്നത ഉപദേഷ്ടാവ് റോൺ ഡെർമറുമായി ചേർന്ന് തയ്യാറാക്കിയതാണ് ട്രംപിന്റെ പുതിയ പദ്ധതി. പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറും നേതൃത്വം നൽകി. പദ്ധതി തയ്യാറാക്കുന്നതിൽ ഹമാസിനെയോ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട പലസ്തീൻ അതോറിറ്റി ഉൾപ്പെടെ മറ്റേതെങ്കിലും ഏജൻസിയെയോ സമീപിച്ചില്ല (Trump’s 20-Point Gaza Plan: A Rubber Stamp of Legitimacy on Israel’s Subjugation of Palestine, Geremi Schahill and Jawa Ahmad, 30 Sept 2025, Drop Site)
ഹമാസ് ഇനിയും പ്രതികരിച്ചിട്ടില്ല. പദ്ധതിയെ ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് നിരാഹരിച്ചിട്ടുണ്ട്. യുദ്ധത്തിലൂടെ നേടാൻ കഴിയാത്തത് നേടാനും ദുർമോഹങ്ങൾ അടിച്ചേൽപ്പിക്കാനുമുള്ള ശ്രമമാണ് പുതിയ നിർദേശമെന്ന് സംഘടനയുടെ സെക്രട്ടറി സിയാദ് അൽ നഖല (Ziyad Al Nakhalah)ആരോപിച്ചു. 'പ്രതിരോധത്തിനും നമ്മുടെ ജനങ്ങൾക്കും മേൽ അടിച്ചേൽപ്പിക്കുന്ന കീഴടങ്ങൽ ഫോർമുലയും അധിനിവേശം സ്ഥാപിച്ചു നിർത്താനുള്ള ലക്ഷണമൊത്ത പാചകക്കുറിപ്പുമാണ് നിർദേശമെന്ന്' ഇടതുപക്ഷ ഗ്രൂപ്പായ പോപുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ ജനറൽ കമാൻഡ് അഭിപ്രായപ്പെട്ടു. പ്രതീക്ഷിച്ച പോലെ മഹമൂദ് അബ്ബാസും കൂട്ടരും നിർദേശം സ്വാഗതം ചെയ്തിട്ടുണ്ട്. നിരവധി അറബ് തമ്പുരാക്കന്മാരും പദ്ധതിയെ അനുകൂലിക്കുന്നതായും പദ്ധതി തയ്യാറാക്കാൻ സംഭാവനകൾ നൽകിയതായും പ്രമുഖ അന്തർദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.

