നിയമസഭാ സ്പീക്കറായി എ എന്‍ ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടു

യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു

Update: 2022-09-12 06:09 GMT

തിരുവനന്തപുരം: കേരള നിയമസഭയുടെ 24ാമത് സ്പീക്കറായി എല്‍ഡിഎഫിലെ എ എന്‍ ഷംസീറിനെ തിരഞ്ഞെടുത്തു. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു.

ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പിലാണ് ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തത്.ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടപടികള്‍. എം ബി രാജേഷ് മന്ത്രിയാകാനായി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണു തിരഞ്ഞെടുപ്പ്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്ന് ഷംസീറിനെ സ്പീക്കര്‍ ചെയറിലേക്ക് ആനയിച്ചു.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും പുതിയ സ്പീക്കറെ അഭിനന്ദിച്ചു.പ്രായത്തെ കടന്നു നില്‍ക്കുന്ന പക്വത ഷംസീറിനുണ്ടെന്നും,സഭയുടെ സമസ്ത മേഖലയിലും ചെറുപ്പത്തിന്റെ പ്രസരിപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.ഷംസീര്‍ നടന്നു കയറിയത് ചരിത്രത്തിന്റെ പടവുകളിലേക്കെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഖ്യാതമായ ഒരു പാട് നേതാക്കളുടെ മികച്ച പ്രസംഗങ്ങള്‍ ഉണ്ടായ സഭയാണ് കേരള നിയമസഭ.സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തി കൊണ്ട് പോകുന്നതിനൊപ്പം പ്രതിപക്ഷ അവകാശങ്ങളെയും സ്പീക്കര്‍ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.മുന്‍ സ്പീക്കര്‍ എംബി രാജേഷിന്റ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

തലശ്ശേരി മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി രണ്ടുതവണ എംഎല്‍എയായ ഷംസീര്‍ കണ്ണൂരില്‍നിന്നുള്ള ആദ്യ സ്പീക്കറാണ്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്.2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.



Tags: