തലശ്ശേരി കലാപത്തിന്റെ നടുക്കുന്ന ഒര്‍മ്മകള്‍ക്ക് 50 ആണ്ട്: സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചത് ആര്‍എസ്എസും ജനസംഘവും

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്‍ കലാപത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: 'തലശ്ശേരിയിലെ ഹിന്ദുക്കളില്‍ മുസ്‌ലിം വിരുദ്ധവികാരം വളര്‍ത്തിയതിലും അസ്വസ്ഥയുണ്ടാവുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിലും ആര്‍എസ്എസ് സജീവ പങ്കാളിത്തമാണ് വഹിച്ചത് എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. സമാനമായ കാര്യം തന്നെയാണ് ജനസംഘത്തിന്റെ കാര്യത്തിലുമുള്ളത്. ജനസംഘത്തിനും ആര്‍എസ്എസിനും തമ്മില്‍ ഔദ്യോഗികമായി ബന്ധമില്ലായിരിക്കാമെങ്കിലും ജനസംഘത്തിന്റെ സൈനിക വിഭാഗമായിട്ടാണ് ആര്‍എസ്എസിനെ കണക്കാക്കിവരുന്നത്. ജനസംഘമാവട്ടെ ആര്‍എസ്എസിന്റെ രാഷ്ട്രീയ വിഭാഗവും'

Update: 2021-12-25 10:43 GMT

'നൂറ്റാണ്ടുകളായി തലശ്ശേരിയില്‍ ഹിന്ദുക്കളും മുസ്‌ലിംകളും സഹോദരന്മാരായി കഴിഞ്ഞുവരികയായിരുന്നു.ആര്‍എസ്എസും ജനസംഘവും തലശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ഈ സാഹോദര്യം നഷ്ടപ്പെട്ടത്. അവരുടെ മുസ്‌ലിം വിരുദ്ധ പ്രചാരണം മുസ്‌ലിംകളെ അവരുടെ സാമുദായിക സംഘടനയായ മുസ്‌ലിം ലീഗിനു പിന്നില്‍ അണിനിരത്താന്‍ കാരണമായി. ഈ സാമുദായിക സ്പര്‍ദ്ധയാണ് ലഹളക്ക് വഴിയൊരുക്കിയത്'

തലശ്ശേരി കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ വരികളാണിത്. സാമുദായിക ധ്യുവീകരണമുണ്ടാക്കി നേട്ടംകൊയ്യാന്‍ സംഘപരിവാരം ഐക്യകേരളത്തില്‍ നടത്തിയ ആദ്യത്തെ ആക്രമണങ്ങളുടെ പേരാണ് തലശ്ശേരി കലാപം എന്ന് പറയാം. കലാപത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ഈ ഡിസംബര്‍ 28ന് 50 ആണ്ട് തികയുകയാണ്. ആര്‍എസ്എസിന് സ്വാധീനമുള്ള മേഖലകളിലാണ് മുസ്‌ലിംകളുടെ കടകള്‍ക്കും പള്ളികള്‍ക്കും നേരെ ഏറ്റവും കൂടുതല്‍ ആക്രമണമുണ്ടായത്. കലാപം നടത്തിയതിന് പിന്നിലെ ആസൂത്രണം ആരുടേതായിരുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും 1971 ഡിസംബര്‍ 28 മുതല്‍ ഒരാഴ്ച നടന്നത് മുസ്‌ലിംകള്‍ക്കു നേരെയുള്ള വര്‍ഗീയ ആക്രമണമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. മേഖലയിലെ നിരവധി പള്ളികള്‍ അക്രമികള്‍ തകര്‍ത്തു. മുസ്‌ലിംകളാണ് കലാപത്തിന് ഇരകളായതെന്ന് വിതയത്തില്‍ റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം കേരളത്തില്‍ നടന്ന ആദ്യ വര്‍ഗീയ സ്വഭാവമുള്ള കലാപമാണ് തലശ്ശേരിയില്‍ നടന്നതെന്ന് വിലയിരുത്തപ്പെടുന്നു. കലാപവുമായി ബന്ധപ്പെട്ട് 569 കേസുകളാണ് അന്ന് ചാര്‍ജ് ചെയ്യപ്പെട്ടിരുന്നത്. തലശ്ശേരി 334, ചൊക്ലി 47, കൂത്തുപറമ്പ് 51, പാനൂര്‍ 62, എടക്കാട് 12, കണ്ണൂര്‍ 1, മട്ടന്നൂര്‍ 3, ധര്‍മ്മടം 59. എന്നിങ്ങനെയായിരുന്നു അത്.


സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്‍ കലാപത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: 'തലശ്ശേരിയിലെ ഹിന്ദുക്കളില്‍ മുസ്‌ലിം വിരുദ്ധവികാരം വളര്‍ത്തിയതിലും അസ്വസ്ഥയുണ്ടാവുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിലും ആര്‍എസ്എസ് സജീവ പങ്കാളിത്തമാണ് വഹിച്ചത് എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. സമാനമായ കാര്യം തന്നെയാണ് ജനസംഘത്തിന്റെ കാര്യത്തിലുമുള്ളത്. ജനസംഘത്തിനും ആര്‍എസ്എസിനും തമ്മില്‍ ഔദ്യോഗികമായി ബന്ധമില്ലായിരിക്കാമെങ്കിലും ജനസംഘത്തിന്റെ സൈനിക വിഭാഗമായിട്ടാണ് ആര്‍എസ്എസിനെ കണക്കാക്കിവരുന്നത്. ജനസംഘമാവട്ടെ ആര്‍എസ്എസിന്റെ രാഷ്ട്രീയ വിഭാഗവും'

ഒരാഴ്ചയോളമാണ് ജനങ്ങളെ ഭീതിയിലാക്കി തലശ്ശേരിയിലും പരിസരത്തും അക്രമികള്‍ അഴിഞ്ഞാടിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കലാപം അമര്‍ച്ച ചെയ്യാന്‍ അന്നത്തെ മുഖ്യമന്ത്രി സി അച്വുതമേനോന്‍ സര്‍ക്കാര്‍ പോലിസിനെ വിന്യസിച്ചു. 'കേരളത്തെ മുഴുവന്‍ ചാമ്പലാക്കാന്‍ കഴിയുമായിരുന്ന അഗ്‌നിയാണ് തലശ്ശേരിയില്‍ കത്തിക്കൊണ്ടിരുന്നത്. എന്നാല്‍ അത് മറ്റെങ്ങും പടരാതെ അവിടെത്തന്നെ കെട്ടടങ്ങിയെങ്കില്‍ അതിന് കേരളം കടപ്പെട്ടിരിക്കുന്നത് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങളോട് മാത്രമാണ്.'എന്നാണ് കലാപത്തെ സംബന്ധിച്ച് പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന എ പി ഉദയഭാനു എഴുതിയത്. കലാപത്തിന് ഇരകളായെങ്കിലും മുസ്‌ലിംകള്‍ കാണിച്ച സംയമനവും സമാധാന വാഞ്ചയുമാണ് പ്രശ്‌നം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാന്‍ സാഹായിച്ചത് എന്നു വ്യക്തം.

ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകളില്‍ പെട്ടവര്‍ അക്രമങ്ങളില്‍ പങ്കാളികളായിട്ടുണ്ട് എന്ന് ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടും അവരെ കൃത്യമമായി പിടികൂടാനോ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനോ സാധിച്ചിരുന്നില്ല. ലീഗ് വിരുദ്ധ പ്രചരണം മുസ്‌ലിം വിദ്വേഷം ജനിപ്പിച്ചു എന്ന് കമ്മീഷന്‍ പറയുന്നുണ്ട്. ജനസംഘം പാര്‍ട്ടിയിലെ പല ഉന്നത നേതാക്കളും, അണികളും കലാപത്തില്‍ നേരിട്ട് പങ്കെടുത്തതായി വിതയത്തില്‍ കമ്മീഷന്‍ പറയുന്നു.

 അമ്പതാം വാര്‍ഷികത്തിലും തലശ്ശേരി കലാപത്തെ കുറിച്ച വിവാദം പുകയുകയാണ്. മുസ്‌ലിം പള്ളി തകര്‍ക്കാനെത്തിയ അക്രമികളെ നേരിട്ട് തങ്ങളുടെ യു കെ കുഞ്ഞിരാമന്‍ എന്ന സാഖാവ് രക്തസാക്ഷിയായി എന്ന സിപിഎം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഒരു കള്ളുഷാപ്പിലുണ്ടായ കത്തിക്കുത്തിനിടെയാണ് കുഞ്ഞിരാമന്‍ മരിച്ചതെന്ന് ഒരു വിഭാഗം വാദിച്ചുഈയിടെ അന്തരിച്ച പിടി തോമസിന്റെ ഇതുസംബന്ധിച്ച പ്രഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഇതിനെതിരേ അന്നത്തെ ദേശാഭിമാനി പത്രം എടുത്തുകാട്ടി സിപിഎംപ്രതിരോധിക്കുന്നുമുണ്ട്. എം വി രാഘവന്‍, പിണറായി വിജയന്‍, ജോണ്‍ മാഞ്ഞൂരാന്‍ എന്നിവര്‍ ഈവിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു എന്നും വാദമുണ്ട്. എന്നാല്‍ കലാപത്തില്‍ അന്നത്തെ കോണ്‍ഗ്രസുക്കാര്‍ക്കും പങ്കുണ്ട് എന്ന തരത്തിലാണ് സിപിഎ വാദം. കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ പള്ളി തകര്‍ക്കുന്ന ചിത്രമുണ്ടെന്നു പോലും അവര്‍ വാദിക്കുന്നു.അതോടാപ്പം, പിണറായിയുടെ ബന്ധുക്കള്‍ അടക്കമുള്ള കമ്മ്യൂണിസ്റ്റുകാരും ആക്രമണങ്ങളില്‍ പങ്കെടുത്തു എന്ന ഒരു ആരോപണവും നിലനിന്നിരുന്നു.

 1973ല്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ കലാപത്തില്‍ ആര്‍എസ്എസിനുള്ള പങ്കിനെക്കുറിച്ച് ബേബി ജോണും, ടി എ മജീദുമുടക്കമുള്ളവര്‍ വിഷദീകരണം നല്‍കിയിരുന്നു. ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന് മുമ്പാകെ അന്നു സിപിഐ ജില്ലാ സെക്രട്ടറി ശ്രീധരന്‍ നല്‍കിയ സത്യവാങ്മൂലതില്‍ പറയുന്നത് തലശ്ശേരി കലാപം സൃഷ്ടിച്ചതും വ്യാപിപ്പിച്ചതും ആര്‍എസ്എസ് തന്നെയാണെന്നാണ്. തലശ്ശേരിയില്‍ തിരുവങ്ങാട് അന്ന് ആര്‍എസ്എസിന് ശാഖയുണ്ടായിരുന്നത്. തിരുവങ്ങാട് താമസിച്ചിരുന്ന ജനസംഘം നേതാവ് അഡ്വ. കെ കെ പൊതുവാള്‍ നിരവധി ആര്‍എസ്എസുകാര്‍ക്ക് താമസ സൗകര്യമൊരുക്കിയത് വിതയത്തില്‍ കമ്മീഷന്‍ എടുത്തു പറഞ്ഞിട്ടുമുണ്ട്. ആര്‍എസ്എസിനു മേധവിത്വമുള്ള പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നതെങ്കിലും ഇതര പ്രദേശങ്ങളിലേക്കും സംഘര്‍ഷം വ്യാപിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ കാര്യമയി ഇടപ്പെട്ടു. വീണ്ടുമൊരു വര്‍ഗ്ഗീയ ധ്രുവീകരണ ഭീതി നിലനില്‍ക്കെ തലശ്ശേരിയുടെ അനുഭവം ഗുണപാഠമാണ്. സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനൊരുങ്ങുന്നവരെ ജനകീയ മുന്നേറ്റങ്ങളിലൂടെ തടയിട്ടേ മതിയാകൂ. എങ്കില്‍ മാത്രമേ മതേതര കേരളം നിലനില്‍ക്കൂ.

Tags:    

Similar News