യുവനടിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്: പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍ക്കും 20 വര്‍ഷം തടവ്
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറുപേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ. പ്രതികള്‍ 50,000 രൂപ വീതം പിഴയും അടക്കണം. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെതിരെ മറ്റു വകുപ്പുകളും തെളിഞ്ഞെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. പള്‍സര്‍ സുനിക്ക് പുറമെ മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെയും 20 വര്‍ഷം തടവിനും ശിക്ഷിച്ചു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.
അതിജീവിതക്ക് 5 ലക്ഷം രൂപ പിഴ തുകയില്‍ നിന്ന് നല്‍കാനും വിധിയില്‍ പറയുന്നു. പള്‍സര്‍ സുനിക്ക് ഐടി ആക്ട് പ്രകാരം 5 വര്‍ഷം കൂടി തടവ് ഉണ്ട്. ഇത് പക്ഷേ 20 വര്‍ഷത്തെ കഠിനതടവിന് ഒപ്പം അനുഭവിച്ചാല്‍ മതി. ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവിന്റെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് സുരക്ഷിതമായി വയ്ക്കണം എന്നും കോടതി പറഞ്ഞു. കോളിളക്കം ഉണ്ടായ കേസാണിതെന്ന് കോടതി പറഞ്ഞു. ''വലിയ ട്രോമയാണ് ആ പെണ്‍കുട്ടി അനുഭവിച്ചത്. പക്ഷേ, പ്രതികളുടെ പ്രായം കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. 40ല്‍ താഴെയുള്ളവരാണ് എല്ലാ പ്രതികളുമെന്ന് കോടതി പറഞ്ഞു. പ്രതികള്‍ പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പ്രതികളെ എല്ലാവരെയും വിയ്യൂര്‍ ജയിലിലേക്ക് അയയ്ക്കും. ജയില്‍ മാറ്റം വേണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കണം. പ്രതികള്‍ക്ക് റിമാന്‍ഡ് കാലത്തെ തടവ് ഇളവു ചെയ്തു കൊടുത്തു.
കേസില്‍ കുറ്റാരോപിതനായിരുന്ന ദിലീപടക്കമുള്ളവരെ എന്തുകൊണ്ട് കുറ്റവിമുക്തരാക്കിയെന്നത് ഉത്തരവ് പുറത്തുവന്നാലെ വ്യക്തമാകൂ. ഉത്തരവ് പുറത്തുവന്നാലുടന്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുമെന്നാണ് വിവരം.
കേസിലെ പ്രതികള്‍ക്കെതിരേ തെളിഞ്ഞ കുറ്റങ്ങള്‍
ഐപിസി 366: തട്ടിക്കൊണ്ടുപോകല്‍- പത്തുവര്‍ഷം വരെ തടവ്
ഐപിസി 376 ഡി: കൂട്ടബലാത്സംഗം- കുറഞ്ഞത് 20 വര്‍ഷം കഠിന തടവ്- പരമാവധി മരണം വരെ തടവ്
ഐപിസി 354 ബി: വസ്ത്രം അഴിച്ചുമാറ്റാനുള്ള ഉദ്ദേശ്യത്തോടെ ഒരു സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ചെയ്യുക- കുറഞ്ഞത് മൂന്നുവര്‍ഷം തടവ്. പരമാവധി ഏഴു വര്‍ഷം വരെ തടവ്
ഐപിസി 201: തെളിവുകള്‍ നശിപ്പിക്കല്‍. പ്രധാന കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിക്കാമെങ്കില്‍, തെളിവ് നശിപ്പിച്ചതിന് 7 വര്‍ഷം വരെ തടവും പിഴയും ലഭിക്കാം.
ഐപിസി 120 ബി: ക്രിമിനല്‍ ഗൂഢാലോചന- പ്രധാന കുറ്റത്തിന് തുല്യമായ ശിക്ഷ. (ഈ കേസില്‍ പ്രധാന കുറ്റം കൂട്ടബലാത്സംഗം ആയതുകൊണ്ട്, ഗൂഢാലോചനയ്ക്ക് ശിക്ഷ ലഭിച്ചാല്‍ അത് ജീവിതകാലം മുഴുവന്‍ തടവ് വരെയാകാം).
ഐടി ആക്ട് വകുപ്പുകള്‍: നിയമവിരുദ്ധമായി കുറ്റകരമായ വസ്തുക്കള്‍ റെക്കോര്‍ഡുചെയ്യുന്നതും പ്രചരിപ്പിക്കുന്നതും സംബന്ധിച്ചത്.
കേസിന്റെ നാള്‍വഴി
2017 ഫെബ്രുവരി 17 - നടിക്ക് നേരെയുള്ള ആക്രമണം
2017 ഫെബ്രുവരി 22- ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയക്കുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മാധ്യമ കോലാഹങ്ങള്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നവെന്നും കത്തില്‍ ദിലീപ് ആരോപിച്ചു.
2017 ജൂണ്‍ 26- സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് ആക്രമിക്കപ്പെട്ട നടിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നു
2017 ജൂലൈ 10-ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍ എന്ന് ആരോപിച്ച് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. കേസില്‍ എട്ടാം പ്രതി
2017 ജൂലൈ 11- 85 ദിവസം ആലുവ സബ് ജയിലില്‍
2017 ഒക്ടോബര്‍ 3- ഹൈക്കോടതി ജാമ്യം അനുവദിച്ചു
2018 ജനുവരി 20- ''നിരപരാധിത്വം തെളിയിക്കാന്‍''നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോയുടെ കോപ്പി പരിശോധിക്കാന്‍ വേണമെന്ന് ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കുന്നു (നിരസിക്കപ്പെടുന്നു)
2018 മാര്‍ച്ച് 8-ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കുമെതിരേ കുറ്റം ചുമത്തി
2020 ഡിസംബര്‍ 15-സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തില്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി സുപ്രിംകോടതി തള്ളുന്നു
2021 ഡിസംബര്‍ 25- ദിലീപ് ആക്രമണ ദൃശ്യങ്ങള്‍ കണ്ടുവെന്ന് പറയുന്ന ഓഡിയോ ക്ലിപ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപണം. ദിലീപിനെതിരേ പുതിയ കേസ്.
2022 ജനുവരി 9-10-പുതിയ കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുക്കാന്‍ ശ്രമം; 33 മണിക്കൂറിലേറെ ചോദ്യം ചെയ്യല്‍
2024 നവംബര്‍-പ്രധാന സാക്ഷി ബാലചന്ദ്രകുമാര്‍ അന്തരിച്ചു.
2025 നവംബര്‍ 25-26- സാക്ഷികളെ വിസ്തരിച്ച് വിചാരണ പൂര്‍ത്തിയാകുന്നു; വിധി 2025 ഡിസംബര്‍ 8-ലേക്ക് മാറ്റി.
2025 ഡിസംബര്‍ 6- താന്‍ ഇരയാണെന്ന് പ്രചരിപ്പിക്കാന്‍ ദിലീപ് വാട്ട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു
2025 ഡിസംബര്‍ 8- എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നു. മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാര്‍. നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കി.
ഡിസംബര്‍ 12- ഒന്നര മണിക്കൂറോളം വാദം കേട്ട ശേഷം പ്രതികളെ ശിക്ഷിക്കുന്നു

