മവദ്ദ ഇസ്‌കന്ദര്‍
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി യെമനിലെ അന്‍സാറുല്ലയ്‌ക്കെതിരെ നടത്തി വന്ന സൈനിക നടപടി ഒമാന്റെ മധ്യസ്ഥയില്‍ യുഎസ് അവസാനിപ്പിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെ സംരക്ഷിക്കാനെന്ന വ്യാജേനെ നടത്തി വന്ന ആക്രമണങ്ങള്‍ 'ലക്ഷ്യം' കാണാതെ തന്നെ അവര്‍ നിര്‍ത്തി. ഗസയെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് യെമന്‍ നേതാക്കള്‍ ഊന്നിപ്പറയുന്നത്. എന്നാല്‍, സംഘര്‍ഷത്തിന്റെ തീവ്രത കുറക്കുകയാണെന്ന യുഎസ് നിലപാട് ലക്ഷ്യങ്ങള്‍ നേടാനാവാതെ പിന്‍മാറേണ്ടി വന്നെന്നതിന്റെ നിശബ്ദ സമ്മതമാണ്.
2024 മാര്‍ച്ച് മുതല്‍ ആയിരത്തില്‍ അധികം വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടും ചെങ്കടലിലെയും ബാബ് അല്‍ മന്ദെബ് കടലിടുക്കിലെയും ഏദന്‍ ഉള്‍ക്കടലിലെയും 'യെമന്‍ ഭീഷണി' നിയന്ത്രിക്കുന്നതില്‍ യുഎസ് പരാജയപ്പെട്ടത് അവരുടെ സൈനിക ആസൂത്രണത്തിലെ പിഴവിന്റെ കുറ്റപത്രമായി നിലനില്‍ക്കുന്നു. യുഎസിനെ സംബന്ധിച്ചിടത്തോളം യുദ്ധം വലിയ ചെലവേറിയതും ശക്തി ക്ഷയിക്കലുമായി. എന്നാല്‍, യെമന്‍ ദുര്‍ബലതയില്‍ നിന്ന് ശക്തരായി ഉയര്‍ന്നുവന്നു.
തുടക്കം മുതല്‍ പിഴച്ച നടപടി
'പ്രോസ്‌പെരിറ്റി ഗാര്‍ഡിയന്‍' എന്ന യുഎസിന്റെ സൈനിക നടപടി വ്യക്തതയില്ലാതെയാണ് തുടങ്ങിയത്. 'കപ്പല്‍ പാതകള്‍ സംരക്ഷിക്കുക' എന്ന യുഎസിന്റെ ദൗത്യം വളരെ പെട്ടെന്ന് തന്നെ രാഷ്ട്രീയ രൂപരേഖയില്ലാത്ത തുറന്ന ഏറ്റുമുട്ടലായി മാറി. പോരാട്ടഭൂമിയേയും യെമന്റെ പ്രതിരോധ ശേഷിയേയും യുഎസ് ഉദ്യോഗസ്ഥര്‍ തെറ്റായി വായിച്ചു.
ശക്തമായ വ്യോമസേനയുണ്ടായിട്ടും സന്‍ആയുടെ സൈനികശേഷിയേയോ അവരുടെ പോരാടാനുള്ള ഇഛാശക്തിയേയോ തകര്‍ക്കുന്നതില്‍ യുഎസ് പരാജയപ്പെട്ടു. അതേസമയം, യുഎസ് ആക്രമണം യെമന്റെ സൈനിക ശക്തിയെ ത്വരിതഗതിയില്‍ നവീകരിച്ചു. ഇത് യെമനെ തടയാന്‍ യുഎസിന് കഴിയാത്ത സ്ഥിതി രൂപപ്പെടുത്തി.
ഭൂപ്രകൃതിയേയും സംസ്‌കാരത്തെയും ആശ്രയിക്കുന്ന യെമന്റെ പാരമ്പര്യേതര യുദ്ധശൈലി യുഎസിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തി. ഉപഗ്രഹങ്ങളുടെ നിരീക്ഷണക്കണ്ണുകളെത്താത്ത മലകളിലെ തുരങ്കങ്ങളില്‍ നിന്നാണ് യെമന്‍ നേതൃത്വം പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
യെമന്റെ സൈനികശ്രേണിയിലേക്ക് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നുഴഞ്ഞുകയറ്റം കുറവായിരുന്നു. അവര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ കാര്യമായി ആരുമുണ്ടായിരുന്നുമില്ല. സൗദിയുടെയും യുഎഇയുടെയും പിന്തുണയിലുള്ള സൈന്യവുമായി വര്‍ഷങ്ങള്‍ ഏറ്റുമുട്ടിയതില്‍ നിന്നും പരിചയസമ്പത്തുള്ള സന്‍ആയിലെ രാഷ്ട്രീയ നേതൃത്വമാണ് ഈ മേഖലയിലും മുന്‍തൂക്കം നേടിയത്.
യുഎസിന്റെ പരാജയത്തിന് അഞ്ച് പ്രധാന കാരണങ്ങളുണ്ടെന്നാണ് കേണല്‍ റഷാദ് അല്‍ വുതൈരി പറയുന്നത്.
1)ചെറിയ ചെലവില്‍ യെമന്‍ നിര്‍മിച്ച ശക്തമായ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും യുഎസിന്റെ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പുകളില്‍ പോലും തുളച്ചു കയറി.
2)ഇസ്രായേലിന്റെയും സഖ്യകക്ഷികളുടെയും കപ്പലുകളെ സംരക്ഷിക്കുന്നതില്‍ ദൗത്യം പരാജയപ്പെട്ടു.
3) ഗസയിലെ അധിനിവേശം അവസാനിപ്പിക്കണമെന്ന നിലപാടില്‍ അന്‍സാറുല്ല ഉറച്ചുനിന്നു.
4) ബഹ്‌റൈന്‍ ഒഴികെയുള്ള യുഎസിന്റെ സഖ്യകക്ഷികള്‍ ഓപ്പറേഷനില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു.
5) യെമന്റെ ചെറിയ ചെലവിലുള്ള ഡ്രോണുകളെ നേരിടാന്‍ യുഎസിനുണ്ടായ വന്‍ ചെലവ്
യുഎസും സഖ്യകക്ഷികളും
യെമനെതിരെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സഖ്യം കെട്ടിപ്പടുക്കാനുള്ള യുഎസിന്റെ നയതന്ത്ര ശ്രമം പരാജയപ്പെട്ടു. മുന്‍കാലങ്ങളിലെ യെമനിലെ പരാജയം ഓര്‍മയുള്ള പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ബുദ്ധിപൂര്‍വ്വം യുഎസില്‍ നിന്നും അകലം പാലിച്ചു. 2022 മുതല്‍ വിട്ടുപോരാന്‍ ശ്രമിക്കുന്ന യുദ്ധത്തിലേക്ക് വീണ്ടും പോവാന്‍ സൗദി വിസമ്മതിച്ചു. യുഎഇയാവട്ടെ ലോജിസ്റ്റിക്കല്‍ സഹായം മാത്രം വാഗ്ദാനം ചെയ്തു. ഈജിപ്റ്റ് മൗനം പാലിച്ചു.
ഈ രാജ്യങ്ങളുടെ നിസംഗത വെറുതെയല്ല. യെമനെതിരെ യുദ്ധം ചെയ്യാന്‍ യുഎസുമായി സഹകരിക്കുന്നവരെ സൈനികമായി നേരിടുമെന്ന അന്‍സാറുല്ല നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തിയുടെ മുന്‍ പ്രസ്താവനയായിരുന്നു ഇതിന് കാരണം. അന്‍സാറുല്ലയുടെ മുന്നറിയിപ്പ് ഫലം ചെയ്തു. സ്‌പെഷ്യല്‍ ഫോഴ്‌സിനെയും പ്രാദേശിക സായുധസംഘങ്ങളെയും ഉപയോഗിച്ച് യെമനില്‍ കരയാക്രമണം നടത്താനുള്ള യുഎസിന്റെ ശ്രമം തകര്‍ന്നടിഞ്ഞു. യെമന്റെ ഭൂപ്രകൃതി, അവരുടെ ഉറച്ച പ്രതിരോധം, സൗദിയുടെയും യുഎഇയുടെയും കൈപ്പേറിയ മുന്‍ അനുഭവങ്ങള്‍ എന്നിവ കരയാക്രമണം അസാധ്യമാക്കി.
സംഘര്‍ഷം രൂക്ഷമാക്കുന്നത് സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് യുഎഇക്കും സൗദിക്കും അറിയാമെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധന്‍ അബ്ദുല്‍ അസീസ് അബു താലിബ് പറയുന്നത്. യെമനിലെ അന്‍സാറുല്ല വിരുദ്ധ സായുധസംഘങ്ങള്‍ക്ക് ഇരുരാജ്യങ്ങളും രഹസ്യമായി സഹായം നല്‍കുന്നുണ്ടെങ്കിലും നേരിട്ടുള്ള സൈനികബന്ധം സ്ഥാപിക്കാന്‍ തയ്യാറല്ല. ഈ സംഘങ്ങളെ നേരിടുന്നതില്‍ വിജയിച്ച അന്‍സാറുല്ലയെ നേരിടാന്‍ പോയാല്‍ യുഎസിന്റെ സംരക്ഷണ വലയം പോരാതെ വരുമെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
2024 മാര്‍ച്ചിനും 2025 ഏപ്രിലിനും ഇടയില്‍ ആയിരത്തില്‍ അധികം വ്യോമാക്രമണങ്ങളാണ് യുഎസ് യെമനില്‍ നടത്തിയത്. പക്ഷേ, അന്‍സാറുല്ല ദുര്‍ബലപ്പെടുകയല്ല, മറിച്ച് ശക്തപ്പെടുകയാണ് ചെയ്തത്. 2023 നവംബറില്‍ ഇസ്രായേലി കപ്പലുകള്‍ക്കെതിരെ തുടങ്ങിയ ഉപരോധം ജനുവരിയോടെ യുഎസ്, യുകെ കപ്പലുകള്‍ക്കും ബാധകമാക്കി. മാര്‍ച്ചില്‍ ഉപരോധം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും മെയില്‍ മെഡിറ്ററേനിയനിലേക്കും വ്യാപിപ്പിച്ചു.
ജൂലൈയോടെ ഇസ്രായേലിലെ തെല്‍ അവീവിനെ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചു. തുടര്‍ന്ന് ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നേരിട്ടുള്ള ആക്രമണം നടത്തി. മേഖലയിലെ സൈനിക ബലാബലം ഇതോടെ മാറുകയായിരുന്നു.
അതേസമയം, യുഎസിന്റെ യുദ്ധ ചെലവ് കുമിഞ്ഞ് കൂടുകയാണ് ഉണ്ടായത്. ആദ്യ മൂന്ന് ആഴ്ചകളില്‍ മാത്രം അവര്‍ 8,550 കോടി രൂപ ചെലവാക്കി. യെമന്‍ നിര്‍മിച്ചു വിട്ട വില കുറഞ്ഞ മിസൈലുകളെയും ഡ്രോണുകളെയും തകര്‍ക്കാന്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിലവരുന്ന ടോമഹാക്ക് മിസൈലുകളും ജെഎഎസ്എസ്എം മിസൈലുകളുമാണ് ഉപയോഗിച്ചത്. യുഎസിന്റെ 280 കോടി രൂപ വീതം വിലവരുന്ന 17 എംക്യു-9 ഡ്രോണുകള്‍ അന്‍സാറുല്ല വെടിവച്ചിട്ടു. 513 കോടി രൂപ വിലവരുന്ന രണ്ട് എഫ്എ18 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെ യെമന്‍ ഇസ്രായേലിനെതിരെ വ്യോമ ഉപരോധവും പ്രഖ്യാപിച്ചു.
വിദേശ സാങ്കേതിക സഹായമില്ലാതെ തന്നെ യെമന്‍ ആഭ്യന്തരമായി ആയുധശേഖരം വികസിപ്പിച്ചെടുത്തതായി കേണല്‍ റഷാദ് അല്‍വുതൈരി ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിന്റെയും യുഎസിന്റെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കുന്ന ഹൈപ്പര്‍സോണിക് മിസൈലുകളും സൈനിക-വാണിജ്യ കപ്പലുകളെ ആക്രമിക്കാന്‍ കഴിവുള്ള ഡ്രോണുകളും ഇതില്‍ ഉള്‍പ്പെടുന്നു. യുഎസ് യെമനില്‍ വ്യോമാക്രമണം ശക്തമാക്കിയപ്പോഴും യെമന്റെ ആക്രമണത്തിന്റെ വേഗവും ദൂരവും വര്‍ധിച്ചു കൊണ്ടിരുന്നു.
യുഎസിലെ പ്രതിസന്ധി
യെമന്‍ ആക്രമണത്തെ ചൊല്ലി യുഎസില്‍ അഭിപ്രായ വ്യത്യാസം പ്രകടമായി കൊണ്ടിരിക്കുകയാണ്. വൈറ്റ്ഹൗസിന്റെ അനുമതിയില്ലാതെ ആക്രമണങ്ങള്‍ നടത്താനുള്ള അധികാരം സൈനിക കമാന്‍ഡര്‍മാര്‍ക്ക് നല്‍കിയത് ചര്‍ച്ചയായി. ഇത് ആക്രമണത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയാനുള്ള വൈറ്റ്ഹൗസിന്റെ ശ്രമമായിരുന്നു. എന്നാലും ഈ ആക്രമണങ്ങളുടെ പരാജയങ്ങള്‍ രാജ്യത്തിന്റെ വിശ്വാസ്യതയ്ക്കും സാമ്പത്തിക ചെലവിലുമുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ അവഗണിക്കാന്‍ കഴിയുന്നതല്ല.
യുഎസ് മാധ്യമങ്ങള്‍ തന്നെ യെമനിലെ സൈനികനടപടിയുടെ ലക്ഷ്യത്തെയും ദിശയേയും ചോദ്യം ചെയ്യാന്‍ തുടങ്ങി. അവിടത്തെ ജനങ്ങളുടെ ക്ഷമയും നശിച്ചു. ചെങ്കടല്‍ വ്യാപാരത്തില്‍ നിന്ന് പ്രയോജനം നേടുന്ന രാജ്യങ്ങള്‍, പ്രത്യേകിച്ച് പേര്‍ഷ്യന്‍ ഗള്‍ഫിലെ രാജഭരണകൂടങ്ങള്‍ ചെലവിന്റെ ഭാരം വഹിക്കണമെന്ന് ആവശ്യമുയര്‍ന്നു.
ഒരു ഡിസ്‌ട്രോയറും മൂന്ന് വിതരണ കപ്പലുകളും മുങ്ങിയത് യുഎസിന് കൂടുതല്‍ അപമാനമായെന്ന് കേണല്‍ റഷാദ് അല്‍വുതൈരി ചൂണ്ടിക്കാട്ടുന്നു. കൂടാതെ വിമാനവാഹിനി കപ്പലുകളായ യുഎസ്എസ് എബ്രഹാം ലിങ്കണും ഹാരി എസ് ട്രൂമാനും ലക്ഷ്യമാക്കപ്പെട്ടു. യെമന്റെ മിസൈലുകളെയും ഡ്രോണുകളെയും തകര്‍ക്കാന്‍ 4,200 കോടി രൂപയുടെ മിസൈലുകള്‍ ഉപയോഗിച്ചിട്ടും വലിയ ഫലമൊന്നുമുണ്ടായതുമില്ല. ഏഴായിരത്തോളം സൈനികരെ വിന്യസിച്ചിട്ടും യുഎസ് യുദ്ധവിമാനങ്ങള്‍ കടലില്‍ താഴ്ന്നത് അവരുടെ അന്തസ്സിനെ തകര്‍ത്തു.
ചെങ്കടലിലെ യെമന്റെ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്നതിലുപരി, ചൈനയുടെ പ്രാദേശിക സ്വാധീനത്തെ, പ്രത്യേകിച്ച് അവരുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ബന്ധങ്ങളെ ചെറുക്കാനുള്ള വാഷിംഗ്ടണിന്റെ ശ്രമത്തിന്റെ ഭാഗവുമായിരുന്നു ഈ സൈനികനടപടി. എന്നാല്‍ സൈനിക നടപടി തിരിച്ചടിച്ചു. പ്രാദേശിക പ്രതിരോധം ശക്തമാവുകയും യുഎസിന്റെ വിശ്വാസ്യത ദുര്‍ബലമാവുകയും ചെയ്തു.
യുഎസിന്റെ സ്‌റ്റെല്‍ത്ത് വിമാനങ്ങളും ബോംബറുകളും യെമനെ തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് അബ്ദുല്‍ അസീസ് അബു താലിബ് വിലയിരുത്തുന്നു. ഇതോടെ രണ്ടു വഴികളാണ് ട്രംപ് ഭരണകൂടത്തിന് മുന്നില്‍ തുറന്നത്: പരാജയം സമ്മതിച്ച് പിന്‍മാറുക, അല്ലെങ്കില്‍ അന്‍സാറുല്ലയുമായി ചര്‍ച്ച നടത്തി പ്രശ്‌നം തീര്‍ക്കുക.
ആക്രമണത്തിന്റെ തുടക്കം മുതലേ വിജയം കൈവരിക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ യുഎസ് പാടുപെട്ടു. വിമാനവാഹിനിക്കപ്പലുകളില്‍ നിന്നും ജെറ്റുകള്‍ പുറപ്പെടുന്ന വീഡിയോകള്‍ അവര്‍ പുറത്തുവിട്ടു. ഇതൊന്നും ആരിലും ഞെട്ടലോ അല്‍ഭുദമോ സൃഷ്ടിച്ചില്ല. ഒരു ഫലവുമുണ്ടാക്കിയുമില്ല.
യെമന്റെ സാമൂഹിക ഐക്യവും പരുക്കന്‍ ഭൂമിശാസ്ത്രവും യെമനെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ദുര്‍ബലപ്പെടുത്തി. യുദ്ധമുണ്ടാക്കുന്ന സമ്മര്‍ദ്ദത്തില്‍ ഭിന്നിക്കപ്പെടുന്നതിന് പകരം ജനങ്ങള്‍ അന്‍സാറുല്ലയോട് ചേര്‍ന്നു നിന്നു. യുഎസിന്റെ ആക്രമണം കൂടുതല്‍ ശക്തി പ്രാപിക്കുന്തോറും യെമനി പ്രതിരോധം സൈനികമായും സാമൂഹികമായും കൂടുതല്‍ ഉറച്ചു.
ഇപ്പോള്‍ യുഎസ് ഭരണകൂടം തോല്‍വി സമ്മതിക്കാതെ സമാധാനം തേടുകയാണ്. എന്നാല്‍, അന്‍സാറുല്ല വെറുതെ നില്‍ക്കുകയല്ല. പ്രദേശത്തെ തന്ത്രപരമായ സമവാക്യങ്ങള്‍ മാറ്റാന്‍ കഴിയുന്ന പുതിയ നടപടികള്‍ വാഗ്ദാനം ചെയ്യുകയാണ്.

