ശബരിമലയില്‍ പാര്‍ട്ടി വളണ്ടിയര്‍മാരെ നിയോഗിക്കാനുള്ള നീക്കത്തില്‍ നിന്ന് സി.പിഎം പിന്തിരിയണം-ബെന്നി ബെഹനാന്‍

Update: 2018-10-27 09:55 GMT


മലപ്പുറം: ശബരിമലയില്‍ പാര്‍ട്ടി വളണ്ടിയര്‍മാരെ നിയോഗിക്കാനുള്ള നീക്കത്തില്‍ നിന്ന് സി.പിഎം പിന്തിരിയണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ . സംഘര്‍ഷം ഉണ്ടാക്കാനുള്ള ബി.ജെ.പി-സി.പി.എം നീക്കത്തെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബെന്നി ബെഹനാന്‍.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് പരോള്‍ നീട്ടിക്കൊടുത്തത് കണ്ണൂരില്‍ നിന്ന് ശബരിമലയിലേക്ക് സി പി എം വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്യാനാണെന്ന് ബെന്നി ബെഹനാന്‍ ആരോപിച്ചു. ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള ബി.ജെ.പി സി.പി.എം നീക്കത്തെ ചെറുക്കണം. കോണ്‍ഗ്രസ്സിന്റെ മുഖ്യ ശത്രു ബിജെപിയും ആര്‍ എസ് എസും ഉള്‍പെടുന്ന വര്‍ഗ്ഗീയ ശക്തികളാണ്. എന്നാല്‍ മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് മുഖ്യശത്രു ആരെന്ന് വ്യക്തമല്ല. മീടു കേസില്‍ സിപിഎം നടപടി മരവിപ്പിച്ച നിലയിലാണ്. യുഡിഎഫിനെ ശക്തിപെടുത്തലാണ് മുഖ്യ ലക്ഷ്യം. മുന്നണിയില്‍ ആവശ്യമായ ചര്‍ച്ചകള്‍ ഇനിയും തുടരും. രാജ്യത്ത് സിബിഐയെയും എന്‍ഫോഴ്സ്ലമെന്റിനേയും മോഡി ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് അവകളെ ഇല്ലാതെയാക്കാന്‍ ശ്രമിക്കുന്നത്. വര്‍ഗ്ഗീയത വളര്‍ത്തി പാര്‍ട്ടിയെ നിലനിര്‍ത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. സ്വാമി സന്ദീപാനന്ദഗിരിക്കെതിരായ അക്രമണത്തെ യുഡിഎഫ് ശക്തമായി അപലപിക്കുന്നതായും ബെന്നി ബെഹനാന്‍ പറഞ്ഞു.