ചരിത്രവിധി: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി

Update: 2018-09-28 05:24 GMT
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കി സുപ്രിംകോടതിയുടെ വിധി. അതേസമയം, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചില്‍ ഒരേയൊരു വനിതാ ജഡ്ജിയായ ഇന്ദുമല്‍ഹോത്ര ബാക്കി നാല് ജഡ്ജിമാരില്‍ നിന്ന് വ്യത്യസ്തമായ വിധിയാണ് പുറപ്പെടുവിക്കുന്നത്. ഇവരുടെ വിധിയോട് വിയോജിക്കുന്നതാണ് ഇന്ദുമല്‍ഹോത്രയുടെ വിധി.അയ്യപ്പ ഭക്തന്‍മാരെ പ്രത്യേക വിഭാഗമായി കാണാന്‍ കഴിയില്ല. ശാരീരിക അവസ്ഥകളുടെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും വിധിയില്‍ പറയുന്നു.



ഭരണഘടനയുടെ 25ാം വകുപ്പ് നല്‍കുന്ന അവകാശപ്രകാരം വിശ്വാസത്തിന് ജൈവീക,മാനസിക ഘടകങ്ങള്‍ തടസമല്ല.സ്ത്രീകളോടുള്ള ഇരട്ടതാപ്പ് ശരിയല്ലെന്നും വിധിയില്‍ പറയുന്നു.ഭരണഘടന ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറും ചേര്‍ന്ന് ഒരു വിധിയും ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ പ്രത്യേക വിധികളുമാണ് വന്നിരിക്കുന്നത്.ശബരിമല സന്നിധാനത്ത് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് യംങ് ലോയേഴ്‌സ് അസോസിയേഷന്‍ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്.