എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം: ബീഹാര്‍ സ്വദേശി പിടിയില്‍

Update: 2018-10-30 08:39 GMT


ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ എടിഎം തകര്‍ത്ത് കവര്‍ച്ചയ്ക്കു ശ്രമിച്ച സംഭവത്തില്‍ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍. ബീഹാര്‍ സ്വദേശി ശ്രാവണെയാണ് പോലിസ് പിടികൂടിയത്. ഇന്ന് രാവിലെയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കടപ്പുറം ബ്രാഞ്ചിന്റെ എടിഎം തകര്‍ത്ത് മോഷണ ശ്രമം നടന്നത്. ചാവക്കാട് പോലിസ് സ്ഥലത്തെത്തി നടത്തിയ സിസിടിവി പരിശോധനയില്‍ പ്രതിയെ തിരിച്ചറിയുകയും മണിക്കൂറുകള്‍ക്കകം ബ്ലാങ്ങാട് ബീച്ചില്‍ നിന്നു പിടികൂടുകയുമായിരുന്നു. എടിഎം മെഷീന്‍ തുറക്കാന്‍ നടത്തിയ ശ്രമം നടന്നില്ലെന്നും ആ ദേഷ്യത്തില്‍ മോണിറ്റര്‍ കല്ലു കൊണ്ട് അടിച്ചുതകര്‍ത്തെന്നും പ്രതി പോലിസിനോട് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. 10 വര്‍ഷത്തിലധികമായി ഇയാള്‍ ചാവക്കാട് മേഖലയില്‍ തൊഴിലെടുത്തു വരികയായിരുന്നു.