മഴ വരുന്നുണ്ട് കവിതയായി, ചിത്രമായി, ശില്‍പമായി...

Update: 2016-01-16 18:30 GMT






 



 

നസ്സിലേക്കിറ്റുവീണ ഒരു മഴത്തുള്ളിയെ രസാനുഭൂതികളുടെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് ആനയിക്കുകയാണ് ആലപ്പുഴക്കാരന്‍ ഫിലിപ്പോസ് തത്തംപള്ളി. കാറ്റിന്റെ കരുത്തിനെ ഭേദിച്ച് ചൂളംവിളിച്ചു പാഞ്ഞ തീവണ്ടിയുടെ ജാലകചതുരത്തില്‍ നിന്നാണ് ഒരിക്കല്‍ ഫിലിപ്പോസിന്റെ കണ്ണടച്ചില്ലില്‍ ഒരു മഴത്തുള്ളി വീണുടഞ്ഞത്. മനസ്സിലേക്കു കിനിഞ്ഞിറങ്ങിയ ആ മഴത്തുള്ളി ഒരു പായക്കടലാസിലേക്ക് മഴ വരുന്നുണ്ട് എന്ന പേരില്‍ കവിതയായി ഒഴുകിവീണു. കുത്തിക്കുറിക്കപ്പെട്ട അക്ഷരങ്ങളായി തറഞ്ഞുകിടക്കാനോ അച്ചടിമഷിയില്‍ മുങ്ങിമരിക്കാനോ വിടാതെ ആ കവിതയെ ചിത്രമായി, ശില്‍പമായി, ദൃശ്യമായി, ശ്രവ്യമായി അനുവാചകരിലെത്തിക്കുകയാണ് ഫിലിപ്പോസ്.

 


 

ദൂരദര്‍ശനിലേക്കായിരുന്നു ആ കവിതയുടെ കൈപിടിച്ച് ഫിലിപ്പോസ് ആദ്യം നടന്നു കയറിയത്. പിന്നീട് മലയാളിയുടെ സ്വന്തം ആകാശവാണിയിലേക്കും. അറിയാതെപോയ അനുവാചകരെ തേടി ഓഡിയോ സിഡിയായും വീഡിയോ സിഡിയായുമുള്ള യാത്രയായിരുന്നു അടുത്തപടി. കാവ്യലോകത്ത് മാത്രമൊതുങ്ങാന്‍ മനസ്സില്ലാതെ ചിത്ര-ശില്‍പാസ്വാദകരിലേക്ക് കവിതയെത്തിക്കുകയായി അടുത്ത ശ്രമം. കവിയുടെ സുഹൃത്തായ പ്രശസ്ത ശില്‍പി അജയന്‍ വി കാട്ടുങ്കലിന്റെ തൂലികയിലൂടെ ജലഛായത്തില്‍ നിര്‍മിച്ച 12 ചിത്രങ്ങളുടെ പരമ്പരയായി മഴ പെയ്യുന്നു എന്ന കവിത കാന്‍വാസില്‍ നനഞ്ഞുചേര്‍ന്നു. ലോഹസങ്കരങ്ങളിലും ചാര്‍ക്കോളിലും കലര്‍ന്ന് പത്തടിയോളം ഉയരമുള്ള ഒരു ശില്‍പമായി കവിത മാറുകയായിരുന്നു പിന്നീട്. അജയന്‍ തന്നെയായിരുന്നു ശില്‍പി.

 




 

കുത്തിക്കുറിക്കപ്പെട്ട അക്ഷരങ്ങളായി തറഞ്ഞുകിടക്കാനോ അച്ചടിമഷിയില്‍ മുങ്ങിമരിക്കാനോ വിടാതെ തന്റെ കവിതയെ ചിത്രമായി, ശില്‍പമായി, ദൃശ്യമായി, ശ്രവ്യമായി അനുവാചകരിലെത്തിക്കുകയാണ് ഫിലിപ്പോസ്‌




 
2007ലാണ് കവിത രാജ്യാന്തര സഞ്ചാരം തുടങ്ങിയത്. സെര്‍ബിയയിലെ ബെല്‍ഗ്രേഡിലേക്കായിരുന്നു ആദ്യയാത്ര. ഇന്റര്‍ കോണ്ടിനെന്റല്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കവിസമ്മേളനത്തിന്റെ ഭാഗമായി സെര്‍ബിയന്‍ പാര്‍ലമെന്റ് അങ്കണത്തില്‍ കവിയുടെ സ്വന്തം ശബ്ദത്തില്‍ മഴ വരുന്നുണ്ട് മുഴങ്ങിക്കേട്ടു.
പിന്നീട് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഉസ്ബക്കിസ്താന്‍, തായ്‌വാന്‍ തുടങ്ങിയ വിദേശനാടുകളിലെ കവിസമ്മേളനങ്ങളിലും ഈ കവിത ആസ്വാദകഹൃദയങ്ങളില്‍ പലതവണ കുളിര്‍മഴയായി പെയ്തിറങ്ങി. റെയിന്‍ ഈസ് കമിങ് എന്ന പേരില്‍ മൊഴിമാറി വിദേശ അനുവാചകരുടെ ഹൃദയത്തിലേക്കും കവിത ചേക്കേറി. ഇതിനിടയില്‍ സെര്‍ബിയന്‍ സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരവും ചൈനീസ് ഇന്റര്‍നാഷനല്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഓണററി പുസ്‌കാരവുമടക്കം അമ്പതോളം പുരസ്‌കാരങ്ങളും ഫിലിപ്പോസ് തത്തംപള്ളിക്ക് കവിത നേടിക്കൊടുത്തിരുന്നു.
ഇതിനിടയിലും ഏകാംഗാഭിനയമായും മൂകാഭിനയമായും നൃത്താവിഷ്‌കാരമായുമൊക്കെ പലയിടങ്ങളിലും തോരാതെ പെയ്യുന്നുണ്ടായിരുന്നു ഈ കവിത. നവമാധ്യമങ്ങളിലെയും വിവിധ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച സുഹൃദ്‌വലയത്തിന്റെയും സഹായത്തോടെ 100 ഭാഷകളിലേക്കു പൊട്ടിച്ചിതറാന്‍ വഴിതേടുകയാണ് കവിതയിപ്പോള്‍. ഫിലിപ്പോസിന്റെ കാവ്യസപര്യ രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോള്‍ അദ്ദേഹത്തിന് കാവ്യലോകത്ത് തളിര്‍ക്കാനും പുഷ്പിക്കാനും ഇടമൊരുക്കിയത് ഈ കവിത തന്നെയാണെന്ന് നിസ്സംശയം പറയാം. ഏതാനും സിനിമകള്‍ക്കും ഫിലിപ്പോസ് ഇതിനിടയില്‍ പാട്ടുകളെഴുതി. ഭാര്യ റാണിയും മക്കളായ കവിതയും കാവ്യയും കലയുമടങ്ങുന്ന അനുവാചകവൃന്ദത്തിന് ഏറ്റവും പ്രിയം എത്ര പെയ്താലും പിന്നെയുമെന്തൊക്കെയോ ബാക്കിവയ്ക്കുന്ന  മഴ വരുന്നുണ്ട് എന്ന കവിത തന്നെയാണ്.

 
Tags:    

Similar News