ഉദ്ഘാടനത്തിന് മുന്നേ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി അമിത് ഷാ

Update: 2018-10-27 08:20 GMT

കണ്ണൂര്‍: ഉദ്ഘാടനത്തിന് മുന്നേ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ന് 11.35 ഓടെയാണ് അമിത് ഷാ വിമാനമിറങ്ങിയത്. ബിജെപി നേതാക്കളും നൂറ് കണക്കിന് പ്രവര്‍ത്തകരും അമിത് ഷാ യെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കണ്ണൂരില്‍ ബിജെപി ജില്ല കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനത്തിനാണ് അമിത് ഷാ കേരളത്തിലെത്തിയത്. ഇന്ന് രാവിലെ 10നായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഏറെ വൈകിയാണ് അമിത് ഷാ വിമാനമിറങ്ങിയത്.
വിമാനമിറങ്ങിയ അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം നേരെ പോയത് പിണറായിയിലേക്കാണ്. പിണറായിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരായ ഉത്തമന്റെയും മകന്‍ രമിത്തിന്റെയും വീട് സന്ദര്‍ശിച്ച ശേഷം അമിത് ഷാ തിരുവനന്തപുരത്തേക്കു തിരിക്കും. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് മൂന്നിന് ഹെലികോപ്റ്ററിലാണ് അദ്ദേഹം ശിവഗിരിയിലെത്തുക.
ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി നവതിയാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന യതിപൂജ മണ്ഡലപൂജാ സമ്മേളനത്തിനാണ് അമിത് ഷാ ശിവഗിരിയില്‍ എത്തുന്നത്. വൈകിട്ട് നാലിന് അമിത് ഷാ ഈ സമ്മേളനം ഉദ്ഘാടനം ചെയ്യും.