Update: 2016-06-26 04:33 GMT
കണ്ണനല്ലൂര്‍: സര്‍ക്കാര്‍ പുറമ്പോക്കില്‍ സ്ഥാപിച്ചിരുന്ന വിഗ്രഹം കോടതി വിധിയെ തുടര്‍ന്ന് അധികൃതര്‍ നീക്കം ചെയ്തു. കണ്ണനല്ലൂര്‍ എംഇഎസ് ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന വിഗ്രഹമാണ് നീക്കം ചെയ്തത്. പുറമ്പോക്കിനോട് ചേര്‍ന്ന വസ്തു വര്‍ഷങ്ങളായി തര്‍ക്കത്തില്‍ കിടക്കുകയായിരുന്നു. ഈ ഭൂമി വാങ്ങാന്‍ മുതിരപറമ്പ് സ്വദേശി എട്ട് വര്‍ഷം മുമ്പ് അഞ്ച് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഉടമ വസ്തു കൈമാറാന്‍ തയ്യാറാകാതെ വന്നതോടെ ഇദ്ദേഹം കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം സര്‍വേ നടത്തി. വസ്തുവിന്റെ ഒരു ഭാഗത്ത് വിഗ്രഹം സ്ഥാപിച്ചിരുന്നത് പിഡബ്ല്യുഡി വക പുറമ്പോക്കിലാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം പിഡബ്യുഡി ഉദ്യോഗസ്ഥരും കൊട്ടിയം പോലിസും ചേര്‍ന്ന് ഇന്നലെ വിഗ്രഹം നീക്കം ചെയ്യുകയായിരുന്നു.

Similar News