Update: 2016-06-01 05:37 GMT
പത്തനംതിട്ട: ജില്ലാ പഞ്ചായത്തും ദേശീയ ആരോഗ്യദൗത്യ(എന്‍എച്ച്എം)വും തമ്മിലുള്ള ശീതസമരത്തിനു പിന്നില്‍ ഡിസിസിയെ കുറ്റപ്പെടുത്തി ജില്ലാ പ്രോഗ്രാം മാനേജര്‍ രംഗത്ത്. എന്‍എച്ച്എമ്മിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അതിരില്ലാതെ ഇടപെടാനുള്ള ചില ഡിസിസി അംഗങ്ങളുടെ കുല്‍സിത ശ്രമത്തിന് തടയിട്ടതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സൈജു ഹമീദ് പറഞ്ഞു.
എന്‍എച്ച്എമ്മിലെ 11 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി ഡോ. സൈജു ഹമീദ് രംഗത്തെത്തിയത്.
ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ പിണിയാളുകളും അനംഗീകൃത സംഘടനയുടെ നേതാക്കളുമായ ഏതാനും ജീവനക്കാരുടെ ഒത്താശയോടെയാണ് ഇത്തരം അനധികൃത ഇടപെടല്‍ തുടര്‍ന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരില്‍ നിന്ന് എന്‍എച്ച്എം അംഗീകൃത എന്‍ജിഒ ഭാരവാഹികളില്‍ നിന്നു മൂന്നു അനൗദ്യോഗിക പ്രതിനിധികളെ നിയോഗിക്കേണ്ട ഗവേണിങ് ബോഡിയിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും മൂന്ന് ഡിസിസി ഭാരവാഹികളെയാണ് ജില്ലാ പഞ്ചായത്ത് തിരുകിക്കയറ്റിയത്. മിഷന്റെ കോടിക്കണക്കിനുള്ള വികസന ഫണ്ടുകള്‍ ഇവര്‍ക്ക് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളിലേക്കും പദ്ധതികളിലേക്കും മാത്രമായി അനുവദിക്കാന്‍ ഇവര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. മിഷന്റെ റിക്രൂട്ട്‌മെന്റ് പ്രക്രിയകളെ അട്ടിമറിച്ച്, പിന്‍വാതില്‍ നിയമനം നടത്താന്‍ പറ്റുന്ന രീതിയില്‍ ഇന്റര്‍വ്യൂ ബോര്‍ഡ് പുനസ്സംഘടിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും അംഗങ്ങളായതോടെ ഇന്റര്‍വ്യൂ ബോര്‍ഡിന് രാഷ്ട്രീയനിറം കൈവന്നു.
ഇതോടെ നിയമവിരുദ്ധ ഇന്റര്‍വ്യു ബോര്‍ഡില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു.
ഇന്റര്‍വ്യൂ ബോര്‍ഡും എന്‍എച്ച്എം സമിതികളും പുനസ്സംഘടിപ്പിക്കാനും പുതിയ ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള ജില്ലാ പ്രോഗ്രാം ഓഫിസറുടെ നീക്കത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തടയിട്ടതോടെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും നിയമനം മാസങ്ങളോളം സ്തംഭിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേറ്റ് മിഷന്റെ നിര്‍ദേശം തേടിയപ്പോള്‍, നിയമാനുസൃതമല്ലാത്ത ഇന്റര്‍വ്യൂ നടപടി റദ്ദാക്കാന്‍ ഡയറക്ടര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ജില്ലാ പ്രോഗ്രാം ഓഫിസര്‍ പറഞ്ഞു. സമൂഹമധ്യത്തില്‍ എന്‍എച്ച്എമ്മിനെ താറടിക്കുന്ന ജീവനക്കാര്‍ക്കെതിരേ ഉചിതമായ ശിക്ഷാനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിക്രൂട്ട്‌മെന്റ് പ്രക്രിയ നീതിപൂര്‍വകമായും സുതാര്യമായും പൂര്‍ത്തീകരിക്കും. മഴക്കാലരോഗ നിയന്ത്രണവുമായി നേരിട്ട് ബന്ധമുള്ള ജീവനക്കാര്‍ പിരിച്ചുവിടപ്പെട്ടവരില്‍ ഉണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഡോ. സൈജു ഹമീദ് പറഞ്ഞു.
ഇതിനിടെ ജില്ലാ മിഷന്റെ സുപ്രധാന തസ്തികയില്‍ കോണ്‍ഗ്രസ് അനുകൂല ചാനല്‍ റിപോര്‍ട്ടറെ തിരുകിക്കയറ്റാന്‍ വേണ്ടി മറ്റ് അപേക്ഷകള്‍ മുക്കിയതായി ആരോപണം ഉയര്‍ന്നു. ഈ നിയമനത്തിനെതിരേ സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

Similar News