തൊഴില്‍സംസ്‌കാരം നവീകരിക്കണം

Update: 2016-04-30 19:10 GMT
എ പി ഹംസ, തിരൂര്‍


ഇന്നു മെയ്ദിനമാണ്. കേരളത്തില്‍ അവകാശങ്ങളെക്കുറിച്ചുള്ള ബോര്‍ഡും ബാനറും പോസ്റ്ററുമാണ് കാണാന്‍ കഴിയുക. മുതലാളിയും തൊഴിലാളിയും സംഘടിക്കുന്നു. ഐഎഎസുകാരനും ഐപിഎസുകാരനും യൂനിയനുണ്ടാക്കുന്നു. ചെത്തുതൊഴിലാളിയും അബ്കാരിയും സംഘടിക്കുന്നു.
കേരളത്തിലെ തൊഴിലാളിപ്രസ്ഥാനങ്ങളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം 1928ല്‍ നടന്ന ദക്ഷിണേന്ത്യന്‍ റെയില്‍വേ തൊഴിലാളി പണിമുടക്കോടുകൂടിയാണ് തുടങ്ങുന്നത്. 1930-33 കാലഘട്ടത്തില്‍ കേരളത്തിലങ്ങിങ്ങായി ഒറ്റപ്പെട്ട തൊഴിലാളിമുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊരു മഹാപ്രസ്ഥാനമായി വളര്‍ന്നില്ല. പിന്നീട് തൊഴിലാളിപ്രസ്ഥാനങ്ങള്‍ വളര്‍ച്ച കൈവരിച്ചതില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. ഇന്നു സംസ്ഥാനത്ത് ദേശീയ അംഗീകാരമുള്ള 13 തൊഴിലാളിസംഘടനകളിലായി രണ്ടരക്കോടിയോളം അംഗങ്ങളുണ്ടെന്നാണു കണക്ക്. തൊഴിലാളിപ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാക്കന്മാര്‍ തൊഴിലിന്റെ ചൂടും ചൂരും അറിയുന്നവരായിരുന്നു. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അവര്‍ പ്രതിജ്ഞാബദ്ധരായിരുന്നു.
തൊഴിലാളിസംഘടനകള്‍ തൊഴിലാളികളുടെ അവകാശത്തെപ്പറ്റി അവബോധമുണ്ടാക്കുന്നതില്‍ വിജയിച്ചെങ്കിലും തൊഴിലിന്റെ മഹത്ത്വത്തെക്കുറിച്ച് അവരെ ഉദ്‌ബോധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കേരളത്തിലെ അനുഭവങ്ങള്‍ നമ്മെ തെര്യപ്പെടുത്തുന്നത്. കേരളത്തിനു വെളിയില്‍ മലയാളി തൊഴില്‍മേഖലകളില്‍ സ്തുത്യര്‍ഹമായ സത്യസന്ധത പുലര്‍ത്തുമ്പോള്‍ സഹ്യന്റെ നാട്ടില്‍ എല്ലാം കീഴ്‌മേല്‍ മറിയുന്ന അവസ്ഥയാണുള്ളത്. തൊഴിലാളി യൂനിയനുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പോഷകസംഘടനകളായി മാറിയത് അതിനൊരു കാരണമാവാം. സമരങ്ങളുടെ രൂപവും ഭാവവും മാറി. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ തൊഴിലാളിക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചാല്‍ പോലും സമരങ്ങളുണ്ടാവുന്ന സ്ഥിതിയായി.
ഇന്ന് തൊഴിലാളിപ്രസ്ഥാനങ്ങള്‍ ബ്യൂറോക്രസിയായി മാറുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒരു പരിധിവരെയെങ്കിലും തൊഴിലാളികളുടെ ചൂഷണമാണു നടക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം 10 മണി മുതല്‍ അഞ്ചുവരെ എന്നായിരിക്കാം നിയമം. എന്നാല്‍, വൈകിയെത്താനും നേരത്തേ പോവാനുമാണ് ജീവനക്കാര്‍ ശ്രമിക്കുക. ഫേസ്ബുക്കും വാട്‌സ്ആപ്പും ഫോണ്‍വിളികളും കഴിഞ്ഞ് ഇവര്‍ തൊഴില്‍ചെയ്യുന്നതിന് എത്ര സമയമാണു ചെലവഴിക്കുന്നത്. അവധിദിവസം ക്രമീകരിച്ചും പഞ്ചിങ് സിസ്റ്റം കൊണ്ടുവന്നുമെല്ലാം കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഇതിനെയെല്ലാം മറികടന്ന് ജനങ്ങളെ എങ്ങനെ ദ്രോഹിക്കാം എന്നിടത്താണ് ഒരുവിഭാഗം ജീവനക്കാരും സര്‍വീസ് സംഘടനകളും. ആനുകൂല്യങ്ങളെക്കുറിച്ചുള്ള വേവലാതിയാണ് എങ്ങും മുഴങ്ങുന്നത്.
വീടുപണിക്കെത്തുന്ന തൊഴിലാളികള്‍ സമയക്രമത്തില്‍ പുതിയ പരിഷ്‌കരണം കൊണ്ടുവന്നു. കാലത്ത് ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ ജോലി എന്നതിനു പകരം കാലത്ത് ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടരവരെ ജോലി എന്നാക്കി മാറ്റി. ഇപ്പോള്‍ അത് എട്ടര മുതല്‍ മൂന്നു വരെയായി. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഈ മേഖലയിലെ വേതനവര്‍ധന. അര്‍പ്പണബോധത്തോടെ കൃത്യനിര്‍വഹണത്തില്‍ ആത്മാര്‍ഥത പുലര്‍ത്തുന്നവരില്ല എന്നല്ല. ദൈനംദിന ജീവിതത്തില്‍ സാധാരണക്കാര്‍ തൊഴിലാളികളുടെ സംഘടിതശക്തിക്കെതിരേ നിസ്സഹായരാവുന്നു. വില്ലേജ് ഓഫിസിലും ആശുപത്രികളിലും എല്ലാം ഇതു സാധാരണ കാഴ്ചയാണ്.
ഇന്ന് കുറഞ്ഞ സമയം ജോലിചെയ്ത് ഉയര്‍ന്ന കൂലി വാങ്ങുന്നതിനായിരിക്കില്ല 1886ല്‍ ഷിക്കാഗോയില്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. മെയ് ഒന്ന് അന്താരാഷ്ട്ര തൊഴില്‍ദിനമായത് ആ സമരത്തിന്റെ ഓര്‍മയായിട്ടാണ്.
Tags:    

Similar News