Update: 2016-03-07 04:30 GMT
കാസര്‍കോട്: ആരോഗ്യത്തിനൊപ്പം സൗഹൃദസന്ദേശവുമായി കാസര്‍കോട്ട് ഇന്നലെ നടത്തിയ മാരത്തണില്‍ 500ഓളം പേര്‍ അണിനിരന്നു. താളിപ്പടുപ്പ് മൈതാനിയില്‍നിന്ന് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്കാണ് ഇന്നലെ രാവിലെ 7.30ന് മാരത്തണ്‍ സംഘടിപ്പിച്ചത്. ജില്ലാ പോലിസ് മേധാവി ഡോ. എസ് ശ്രീനിവാസ് ഫഌഗ് ഓഫ് ചെയ്തു.
മല്‍സരാര്‍ഥികളും അല്ലാത്തവരുമായ സ്ത്രീ, പുരുഷന്മാരും കുട്ടികളും ഓടി. കറന്തക്കാട്-പുതിയ ബസ്സ്റ്റാന്റ്-നുള്ളിപ്പാടി-അണങ്കൂര്‍-വിദ്യാനഗര്‍ വഴി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്ക് 5.1 കിമീ ദൂരമായിരുന്നു ഓട്ടം. ഓട്ടക്കാര്‍ക്ക് അഭിവാദ്യവുമായി ദേശീയപാതക്കിരുവശവും ജനങ്ങള്‍ നിന്നു. ഇതര ജില്ലകള്‍ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്ത മാരത്തണ്‍ അതിരുകളില്ലാത്ത സ്‌നേഹ സംഗമമായി. ജനമൈത്രി പോലിസിന്റെ സഹകരണത്തോടെയായിരുന്നു മാരത്തണ്‍.
പുരുഷന്മാരില്‍ കോതമംഗലത്തെ ഇന്ത്യാ സ്‌പോര്‍ട്‌സിലെ സി ഷിജു ഒന്നും ബിനു പീറ്റര്‍ രണ്ടും കാസര്‍കോട് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ എം പി അഗസ്റ്റിന്‍ മൂന്നും സ്ഥാനം നേടി. സ്ത്രീകളില്‍ കാസര്‍കോട് കൂഡ്‌ലു ഭഗവതിനഗറിലെ ദുര്‍ഗാശ്രീ ഒന്നും ബേക്കല്‍ ലളിത് റിസോര്‍ട്ടിലെ പ്രിയങ്ക രണ്ടും കാസര്‍കോട് വിദ്യാനഗറിലെ അഞ്ജലി എസ് റാവു മൂന്നും സ്ഥാനം നേടി.
വിജയികള്‍ക്ക്— ട്രോഫിയും കാഷ് അവാര്‍ഡും വിതരണം ചെയ്തു. ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു.
എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, ജില്ലാ പഞ്ചായത്തംഗം കെ ശ്രീകാന്ത്, പ്രസ്‌ക്ലബ് പ്രസിഡന്റ് സണ്ണിജോസഫ്, ജനമൈത്രി പോലിീസ് നോഡല്‍ ഓഫിസര്‍ ഡിവൈഎസ്പി കെ ദാമോദരന്‍, ലളിത് റിസോര്‍ട്ട് ജനറല്‍ മാനേജര്‍ ദേബാഷിസ് ചന്ദ്ര, കേണല്‍ ദിവാന്‍ എന്നിവര്‍ സമ്മാനം നല്‍കി. എന്‍ കെ പവിത്രന്‍, ബാലന്‍ ചെന്നിക്കര, മുഹമ്മദ് ഹാഷിം സംസാരിച്ചു.

Similar News