റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി പരാതി

Update: 2016-03-04 05:57 GMT
തൊടുപുഴ: റിലയന്‍സ് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി പരാതി. പല ഉല്‍പന്നങ്ങള്‍ക്കും വിലയില്‍ കിഴിവുണ്ടെന്ന് ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമെങ്കിലും ബില്ല് അടിക്കുമ്പോള്‍ കിഴിവ് നല്‍കാതെ കബളിപ്പിക്കുകയാണെന്നാണ് ആക്ഷേപം ഉയര്‍ന്നത്. ക്ലീനിങ് ലോഷന്‍ മൂന്നെണ്ണം വരുന്ന പായ്ക്കറ്റിന് 93 രൂപാ കിഴിവുള്ളതായി പരസ്യം പ്രദര്‍ശിപ്പിച്ചിരുന്നു.
യഥാര്‍ഥ വില 202 രൂപയാണെങ്കിലും കിഴിവ് കഴിച്ച് 109 രൂപയാണ് എം ആര്‍ പി രേഖപ്പെടുത്തിയിരിക്കുന്നത്.
കെ എസ് ആര്‍ ടി സി റിട്ട. എ ടി ഒ കുമ്പംകല്ല് ചെറിയിടത്ത് അബ്ദുല്‍ റസാഖ് തൊടുപുഴ ഔട്ട് ലെറ്റില്‍ നിന്നും ഈ ലോഷന്‍ വാങ്ങി ബില്ല് ചെയ്തപ്പോള്‍ 202 രൂപ ഈടാക്കി. ഇതിനൊപ്പം മറ്റ് സാധനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇദ്ദേഹം ശ്രദ്ധിച്ചില്ല.
വീട്ടിലെത്തിയപ്പോഴാണ് വിവരം ശ്രദ്ധയില്‍പ്പെട്ടത്. അന്വേഷണത്തില്‍ നിരവധിപ്പേര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടു.
തുടര്‍ന്ന് റിലയന്‍സ് ഫ്രഷില്‍ എത്തി പരാതി പറഞ്ഞപ്പോള്‍ പ്രശ്‌നമുണ്ടാക്കരുതെന്നും പണം മടക്കി നല്‍കാമെന്നും മാനേജര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന് പണം മടക്കി നല്‍കി. എന്നാല്‍ ഇത്തരത്തില്‍ നിരവധിപ്പേര്‍ക്ക് പണം നഷ്ടപ്പെട്ടതായാണ് സൂചന.

Similar News