ജാഗ്രത: 12മണിക്കൂറില്‍ സാഗര്‍ ആഞ്ഞടിക്കും

Update: 2018-05-18 06:40 GMT
തിരുവനന്തപുരം: ഏദന്‍ കടലിടുക്ക് തീരത്ത് രൂപപ്പെട്ടിരിക്കുന്ന ശക്തമായ ന്യൂനമര്‍ദം പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി സാഗര്‍ ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടിരിക്കുന്നുവെന്നും ജാഗ്രത വേണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോവരുതെന്നും മുന്നറിയിപ്പുണ്ട്.



ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ഏദന്‍ കടലിടുക്ക് തീരങ്ങളിലും അതിന്റെ പിടഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ മേഖലയിലെ അറബിക്കടലിന്റെ സമീപപ്രദേശങ്ങളിലും മല്‍സ്യബന്ധനത്തിനു പോവരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മല്‍സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പ് നല്‍കി. അടുത്ത 12 മണിക്കൂറില്‍ ശക്തിപ്രാപിക്കുന്ന സാഗര്‍ പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് തുടര്‍ന്നുള്ള മണിക്കൂറുകളില്‍ നീങ്ങുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ തീരങ്ങളെ ഇത് നേരിട്ടു ബാധിക്കില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴു മുതല്‍ 11 സെ.മീറ്റര്‍ വരെ മഴ പെയ്യാനിടയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. തീരപ്രദേശങ്ങളിലുള്ളവര്‍ക്കും മുന്നറിയിപ്പുണ്ട്.

Similar News