ബസ് റൂട്ടില്‍ സമാന്തര സര്‍വീസ്: പരാതി നല്‍കി

Update: 2018-05-14 05:09 GMT
മുരിക്കാശ്ശേരി: മുരിക്കാശ്ശേരിയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്കു സ്വകാര്യ വാഹനങ്ങള്‍ നടത്തുന്ന സമാന്തര സര്‍വീസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇടുക്കി ആര്‍ടിഒയ്ക്കും അടിമാലി, വെള്ളത്തൂവല്‍, മുരിക്കാശ്ശേരി പൊലീസ് സ്‌റ്റേഷനുകളിലും പരാതി നല്‍കി. സ്വകാര്യ ബസുകള്‍ക്കു മുമ്പായി ഓട്ടോറിക്ഷകളും ജീപ്പുകളും യാത്രക്കാരെ കുത്തിനിറച്ചു നിയമങ്ങള്‍ കാറ്റില്‍പറത്തി സമാന്തര സര്‍വീസ് നടത്തുന്നതു പതിവാണ്.
ഇതുമൂലം നിയമാനുസൃത നികുതി അടച്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ നഷ്ടത്തിലാവുകയും ഇതേത്തുടര്‍ന്നു പലരും സര്‍വീസ് നിര്‍ത്തുകയുമാണ്. സമാന്തര സര്‍വീസുകാരും സ്വകാര്യ ബസിലെ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നതും ഇവിടെ പതിവാണ്. ഇതു പലപ്പോഴും സംഘര്‍ഷത്തിലാണു കലാശിക്കുന്നത്. സമാന്തര സര്‍വീസുകള്‍ക്കെതിരെ ബസുടമകള്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍ ചെറുതോണി- മുരിക്കാശ്ശേരി റൂട്ടില്‍ മാത്രമാണ് ഈ വിധി നടപ്പായത്. സമാന്തര സര്‍വീസുകള്‍ നിര്‍ത്തലാക്കി ബസ് കാര്യക്ഷമമായി ഓടിക്കുന്നതിന് കോടതി വിധി നടപ്പാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

Similar News