പകര്‍ച്ച വ്യാധിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

Update: 2017-12-30 03:31 GMT
മലപ്പുറം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ ജാഗ്രത പരിപാടി നടത്തുന്നു. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ എന്നിവ ക്രമാതീതമായി വര്‍ധിച്ചുവരുന്നതിനാല്‍ വരും കാലങ്ങളില്‍ ഇവയെ നിയന്ത്രിക്കുന്നതിനും മരണ നിരക്ക് കുറയ്ക്കുന്നതിനുമാണ് ആരോഗ്യ ജാഗ്രത എന്ന ഊര്‍ജിത പകര്‍ച്ച വ്യാധി നിയന്ത്രണ പരിപാടി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്നത്. ബഹുജന പങ്കാളിത്തത്തോടുകൂടി കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, വീടുകള്‍, പൊതുസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണം എന്നിവയടങ്ങുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി. കോണ്‍ഫറന്‍സില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ വിജയന്‍, ഡിപിഎം ഡോ. ഷിബുലാല്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ. ഇസ്മായില്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ ടി എം ഗോപാലന്‍, യു കെ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഊര്‍ജിത പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടങ്ങുന്നതിന്റെ ഭാഗമായി ജനുവരി ഒന്നിന് രാവിലെ 10ന് കലക്ടറുടെ ചേമ്പറില്‍ വിവിധ വകുപ്പ് തലവന്‍മാരുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗം ചേരും. യോഗത്തില്‍ എല്ലാ വകുപ്പ് മേധാവികളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Similar News