Update: 2017-12-20 02:37 GMT
പ്രവാസികള്‍ക്കു പ്രോക്‌സി വോട്ട്: ബില്ല് ലോക്‌സഭയില്‍ന്യൂഡല്‍ഹി: രാജ്യത്ത് വോട്ടര്‍ ആയി പേര് രജിസ്റ്റര്‍ ചെയ്ത വിദേശ ഇന്ത്യക്കാര്‍ക്ക് “പ്രോക്‌സി വോട്ടിങ്’ സാധ്യമാക്കുന്ന ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആണു ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. വോട്ടര്‍മാരെ ലിംഗഭേദമന്യേ ഭാര്യ, ഭര്‍ത്താവ് എന്നീ പദങ്ങള്‍ക്കു പകരം ജീവിതപങ്കാളി എന്ന പദം നിര്‍ദേശിക്കുന്നു. വിദേശ ഇന്ത്യക്കാര്‍ക്ക് അവരുടെ വോട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മണ്ഡലങ്ങളില്‍ ഒരു പ്രോക്‌സി വോട്ടറെ നിയമിക്കാന്‍ പുതിയ ഭേദഗതിയില്‍ അവസരമൊരുങ്ങും. ഇപ്പോള്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക് മാത്രമേ ഇതിനു സാധിക്കൂ.2015ല്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ച വിദഗ്ധ സമിതി വിദേശ ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി വോട്ടിങ് ഉപയോഗിക്കുന്നതിനു തിരഞ്ഞെടുപ്പു നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനു നിയമനിര്‍മാണത്തിനുള്ള രൂപരേഖ മുന്നോട്ടുവച്ചിരുന്നു.സായുധസേനയിലെ അംഗങ്ങള്‍, കേന്ദ്ര സായുധ പോലിസുകാര്‍, സംസ്ഥാന പോലിസിന്റെ ഉദ്യോഗസ്ഥര്‍ എന്നിവരും   കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സര്‍വീസ് വോട്ടര്‍മാരായി ചേരും. ഒരു സേവന വോട്ടറുടെ ഭാര്യ അവരോടൊപ്പമാണു താമസിക്കുന്നതെങ്കില്‍ അവരുടെ മണ്ഡലത്തില്‍ സേവന വോട്ടറായി ചേരാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ സര്‍വീസ് വോട്ടര്‍മാരുള്ള കുട്ടികളും മറ്റു ബന്ധുക്കളും സേവന വോട്ടര്‍മാരായി എന്റോള്‍ ചെയ്യാനാവില്ലെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വെബ്‌സൈറ്റില്‍ പറയുന്നു.

Similar News