കസന വഴിയില്‍ തിരുനെല്ലി

Update: 2017-12-18 04:49 GMT
വികാട്ടിക്കുളം: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന തിരുനെല്ലി മേഖല വികസന വഴിയില്‍. ജനസംഖ്യയുടെ ഭൂരിഭാഗവും ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗക്കാരും. കര്‍ണാടക അതിര്‍ത്തി പ്രദേശമായ തിരുനെല്ലിയില്‍ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശമായതിനാല്‍ തന്നെ സര്‍ക്കാരിന്റെ പ്രഥമ പരിഗണന വിദ്യാഭ്യാസ പുരോഗതിക്ക്. കാട്ടിക്കുളം ഹൈസ്‌കൂളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മൂന്നുകോടി അനുവദിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് കെട്ടിടം പണിയുന്നതിന് കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന സംസ്ഥാനതല വര്‍ക്കിങ് ഗ്രൂപ്പില്‍ വയനാടിന് അനുവദിച്ച ഫണ്ട് ലഭിച്ചത് കാട്ടിക്കുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനായിരുന്നു (രണ്ടുകോടി). ബാവലി ഗവ. യുപി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഒരുകോടി രൂപ വകയിരുത്തി. ഗവ. ഹയര്‍സെക്കന്‍ഡറി കാട്ടിക്കുളം, ഇടയൂര്‍ക്കുന്ന് ഗവ. യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ കംപ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ നാലരലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ചു. റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വേഗതയേറി. പനവല്ലി-അപ്പപ്പാറ റോഡ് നവീകരണത്തിന് 45 ലക്ഷം രൂപ നല്‍കി. പനവല്ലി-സര്‍വാണി-പോത്തുംമൂല-തൃശിലേരി അമ്പലം റോഡ് നവീകരത്തിന് 1.5 കോടി വകയിരുത്തി. തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള കുറഞ്ഞ ദൂരമായ ഇതേ വഴിയില്‍ കഴിഞ്ഞ മാസം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. ചങ്ങലഗേറ്റ്-കുറുക്കന്‍മൂല റോഡ് നവീകരണത്തിന് 57 ലക്ഷം രൂപ അനുവദിച്ചു. ആരോഗ്യരംഗത്തെ ഏക ആശ്രയമായ അപ്പപ്പാറ പിഎച്ച്‌സിയില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡോക്ടര്‍മാരും ആധുനിക സംവിധാനങ്ങളും മികച്ച കെട്ടിടങ്ങളും ഒരുക്കും. കാട്ടിക്കുളം ഗവ. ഹോമിയോ ആശുപത്രി കെട്ടിടത്തിന് 25 ലക്ഷം അനുവദിച്ചു. ജനുവരി ആദ്യവാരം ആരോഗ്യമന്ത്രി കെ കെ ശൈലജ ഈ കെട്ടിടം ഉദ്ഘാടനം ചെയ്യും. തദ്ദേശമിത്രം പരിപാടിയില്‍ ഉള്‍പ്പെടുത്തി തിരുനെല്ലി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സും കമ്മ്യൂണിറ്റി ഹാളും മുഖ്യമന്ത്രി മാസങ്ങള്‍ക്കു മുമ്പ് ജനങ്ങള്‍ക്ക് തുറന്നുനല്‍കിയിരുന്നു. ഇതു തിരുനെല്ലിയുടെ വികസനത്തില്‍ വലിയ വഴിത്തിരിവായി. ആധുനിക രീതയില്‍ കാട്ടിക്കുളത്ത് നവീകരിച്ച ബസ് സ്റ്റാന്റ് ജനുവരി അഞ്ചിന് തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.

Similar News