3000 പാക്കറ്റ് ലഹരി ഉല്‍പന്നങ്ങളുമായി മൂന്നു പേര്‍ പിടിയില്‍

Update: 2018-10-04 13:45 GMT


ചാവക്കാട്: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മേഖലയിലെ വിവിധ സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തിയ മൂന്നു പേരെ ചാവക്കാട് പോലിസ് പിടികൂടി. ഇവരില്‍ നിന്നും 3000 പാക്കറ്റ് ലഹരി ഉല്‍പന്നങ്ങള്‍ കണ്ടെടുത്തു. എടക്കഴിയൂര്‍ രായംമരക്കാര്‍ വീട്ടില്‍ ഷൗക്കത്തലി (23), ഐനിപ്പുള്ളി ചിന്നാലി അനീഷ് (35), പുതിയറ തറമത്തക്കയില്‍ അന്‍വര്‍ (36) എന്നിവരേയാണ് എസ്‌ഐമാരായ കെ ജി ജയപ്രദീപ്, എ വി രാധാകൃഷ്ണന്‍, സുഭാഷ് ബാബു, എഎസ്‌ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ദേശീയപാതയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്ക് യാത്രികനില്‍ നിന്നും എസ്‌ഐ എ വി രാധാകൃഷ്ണന്‍ കണ്ടെടുത്ത നാലു പാക്കറ്റ് ലഹരി ഉല്‍പന്നത്തിന്റെ അന്വേഷണമാണ് മൂന്നു പ്രതികളേയും കുടുക്കിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന ലഹരി ഉല്‍പന്നങ്ങള്‍ വന്‍ വിലക്കാണ് സംഘം വിറ്റഴിച്ചിരുന്നത്. സ്‌കൂളുകളുടെ പരിസരങ്ങളായിരുന്നു ഇവര്‍ വില്‍പ്പനക്കായി തിരഞ്ഞെടുത്തിരുന്നതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് കഞ്ചാവും കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിരുന്നു. പ്രദേശത്ത് ലഹരി മാഫിയ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് സജീവമായിരിക്കുകയാണ്.

Similar News