ആരോഗ്യവിഭാഗത്തിന്റെ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി

Update: 2017-10-23 06:49 GMT
 

കോഴിക്കോട:് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം ഹോട്ടല്‍, കൂള്‍ബാര്‍, ബീഫ് സ്റ്റാള്‍, ചിക്കന്‍ സ്റ്റാള്‍ എന്നിവിടങ്ങളില്‍ വ്യാപകമായ റെയ്ഡ് നടത്തി. കൂള്‍ ബാറുകളില്‍ നിന്നും പഴകിയ ജൂസും ഭക്ഷ്യയോഗ്യമല്ലാത്ത പഴങ്ങളും കണ്ടത്തി. കൂള്‍ ബാറുകളിലെ ഫ്രീസറുകള്‍  പഴകിയ പാല്‍ പേക്കുകള്‍ കണ്ടെത്തി. മാംസം കൈകര്യം ചെയ്യുന്നത് വളരെ അശാസ്ത്രീയമായ രീതിയിലാണന്നും ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായി. മാംസം പ്രദര്‍ശിപ്പിച്ച് വില്‍പന നടത്തരുതെന്ന കോടതി വിധി കാറ്റില്‍ പറത്തിയാണ് മിക്ക സ്ഥലങ്ങളിലും മാംസ വില്‍്പന നടത്തുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലൈസന്‍സില്ലാത്ത എല്ലാ  സ്ഥാപനങ്ങളും അടച്ചു പൂട്ടുമെന്നും ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു. ഹോട്ടലുകളില്‍ പലയിടത്തും മലിനജലം പൊതുമഴ വെള്ളചാലിലേക്ക് ഒഴുക്കിവിടുന്നതായും ആവശ്യത്തിന് മലിനജല സംസ്‌കരണ സംവിധാനം ഇല്ലാത്തതായും കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങള്‍ ഒരു മാസത്തിനകം സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കി. വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു. എല്ലാ ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരും ഹെല്‍ത്ത് ഫിറ്റ്‌നസ് കാര്‍ഡ് നിര്‍ബന്ധമായും എടുക്കണമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ്.ഗോപകുമാര്‍ അറിയിച്ചു.ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ശിവന്‍ പി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ കിരണ്‍ വി.ജി, മജീദ് വി.കെ, സ്റ്റീഫന്‍, ബൈജു.കെ എന്നിവരാണ്  പരിശോധന സംഘത്തിലുണ്ടായിരുന്നത്.