വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി പാതയോരം ഇടിയുന്നു

Update: 2017-10-05 06:50 GMT
 

മാനന്തവാടി: റോഡിന്റെ ഒരു ഭാഗത്ത് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് രണ്ടു വീടുകള്‍ അപകടഭീഷണിയില്‍. കെല്ലൂര്‍ മൊക്കത്ത് നിന്നു മാനാഞ്ചിറ വഴി കുണ്ടാലയിലേക്കുള്ള റോഡിന്റെ ഒരു ഭാഗമാണ് പൂര്‍ണമായി ഇടിഞ്ഞത്. വലിയ വാഹനങ്ങള്‍ക്ക് റോഡിലൂടെ പോവാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. വിധവയും രോഗിയുമായ അലുവാട്ട് ഫാത്തിമ, മഠത്തില്‍ ജമാല്‍ എന്നിവരുടെ വീടുകള്‍ക്കാണ് ഭീഷണി. ആറു മീറ്ററിലേറെ ഉയരത്തിലാണ് റോഡ്. മണ്ണിടിഞ്ഞിട്ടും ഈ വഴിയിലൂടെ പത്തിലേറെ സ്‌കൂള്‍ ബസ്സുകള്‍ വളരെ സാഹസപ്പെട്ട് സര്‍വീസ് നടത്തുന്നുണ്ട്. കെല്ലൂര്‍ മൊക്കത്ത് നിന്നു കുണ്ടാലയിലേക്കും കമ്മനയിലേക്കും മാനന്തവാടിയിലേക്കുമുള്ള എളുപ്പവഴിയാണ് മാനാഞ്ചിറ റോഡ്. കെല്ലൂര്‍-പനമരം റോഡില്‍ ഗതാഗത തടസ്സമുണ്ടായാല്‍ മൊക്കത്ത്, മാനാഞ്ചിറ വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിടാറുള്ളത്. വലിയ വാഹനങ്ങള്‍ ഈ റോഡിലൂടെ പോവരുതെന്നു കാണിച്ച് പഞ്ചായത്ത് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെന്നല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മണ്ണിടിഞ്ഞ റോഡിന്റെ മറുഭാഗത്തും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഏതുസമയത്തും വന്‍ ദുരന്തമുണ്ടാവാന്‍ സാധ്യതയുള്ള റോഡ് ഉടന്‍ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നു പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. മൂന്നു വര്‍ഷമായി റോഡ് അപകട ഭീഷണിയിലായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭങ്ങള്‍ക്കു തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

 

Similar News