Update: 2017-06-24 04:55 GMT
കള്ളനോട്ടും അച്ചടിയന്ത്രങ്ങളുമായി പിടിയിലായ  പ്രതികള്‍ക്ക് ബിജെപി സംസ്ഥാന നേതാക്കളുമായും പണമിടപാട്

പി എച്ച് അഫ്‌സല്‍

തൃശൂര്‍: കള്ളനോട്ടും അച്ചടിയന്ത്രങ്ങളുമായി പിടിയിലായ കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാവ് രാഗേഷ് എറാശ്ശേരി ബിജെപി സംസ്ഥാന നേതാക്കളുമായും പണമിടപാട് നടത്തിയിരുന്നതായി വിവരം. ഇതുസംബന്ധിച്ച രേഖകള്‍ രാഗേഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കള്ളനോട്ട് ഇടപാടില്‍ ബിജെപിയുടെ ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടെന്ന പ്രചാരണം ശക്തമാണ്. ഇതോടെ അന്വേഷണം ശക്തമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാഗേഷ് കൊടുങ്ങല്ലൂരിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സുമായിരുന്നു. സംഘപരിവാരത്തിന്റെ തൃശൂര്‍ ജില്ലയിലെ ശക്തികേന്ദ്രമായ കൊടുങ്ങല്ലൂരില്‍ നടന്ന പല അക്രമസംഭവങ്ങള്‍ക്കും രാഗേഷ് നേതൃത്വം നല്‍കിയതായും വിവരമുണ്ട്. വിശദമായ അന്വേഷണത്തിന് പോലിസ് ഒരുങ്ങുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉന്നത നേതാക്കളുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന രാഗേഷ് പോലിസ് പിടിയിലായതിനെ ഏറെ ആശങ്കയോടെയാണ് നേതൃത്വം കാണുന്നത്. ജില്ലയിലെത്തുന്ന ബിജെപി-ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍ രാഗേഷിന്റെ വീട്ടിലെ പതിവു സന്ദര്‍ശകരാണ്. കള്ളനോട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട പോലിസ് അന്വേഷണം നേതാക്കളിലേക്ക് നീളാതിരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരിട്ട് ഇടപെട്ട് പ്രതികള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതും അതിനാലാണ് . ജില്ലയില്‍ നടക്കുന്ന ബിജെപി-ആര്‍എസ്എസ് പരിപാടികളുടെയെല്ലാം പ്രധാന സംഘാടകനായിരുന്ന രാഗേഷ് എറാശ്ശേരിയാണ് ഇവയുടെയെല്ലാം ചെലവുകള്‍ വഹിച്ചിരുന്നത്. ഒബിസി മോര്‍ച്ചയുടെ കൈപമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയായ ഇയാള്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ മറവിലായിരുന്നു ബ്ലേഡ് കമ്പനി നടത്തിവരുന്നത്. കൊള്ളപ്പലിശ പിരിച്ചെടുക്കാനായി ആര്‍എസ്എസ് പ്രവര്‍ത്തകരേയും ഗുണ്ടകളേയും ഉപയോഗിച്ചിരുന്നതായി പ്രദേശവാസികളും വ്യാപാരികളും പറയുന്നു. ഇയാളുടെ നേതൃത്വത്തിലുള്ള ക്രമിനല്‍ സംഘമാണ് ആര്‍എസ്എസിനു വേണ്ടി ആക്രമണങ്ങളും നടത്തിയിരുന്നത്. ഇതുസംബന്ധിച്ച് നേരത്തേ തന്നെ പോലിസിന് വിവരമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.

Similar News