Update: 2017-05-28 03:12 GMT
വിദ്യാഭ്യാസ സ്ഥാപനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ സംഘടിതമായ നീക്കം: മന്ത്രി കെ ടി ജലീല്‍

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ സംഘടിതമായ നീക്കം നടക്കുന്നുണ്ടെന്ന് മന്ത്രി കെ ടി ജലീ ല്‍. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ കൗണ്‍സില്‍ ഓഫ് പ്രിന്‍സിപ്പല്‍സ് ഓഫ് കോളജസ് ഇന്‍ കേരളയുടെ വാര്‍ഷിക കോണ്‍ഫറന്‍സ് ഫോണ്‍ സന്ദേശം വഴി  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് മേഖലയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. എയ്ഡഡ് സ്ഥാപനങ്ങള്‍ക്കെതിരേ വിദ്യാര്‍ഥി, അധ്യാപക നിയമനത്തില്‍ കോഴ വാങ്ങുന്നുവെന്ന ആക്ഷേപം നിലവിലുണ്ട്.  ഇത്തരത്തിലുള്ള ആക്ഷേപം ഇല്ലാതാക്കാന്‍ ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതുണ്ട്. നിലവില്‍ രണ്ടു ലക്ഷത്തോളം ജീവനക്കാരാണ് എയ്ഡഡ് മേഖലയില്‍ സംസ്ഥാനത്ത് ജോലിചെയ്യുന്നത്. എന്നാല്‍ ഇതില്‍ 150ഓളം പേര്‍ മാത്രമാണ് പട്ടിക ജാതി, വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളത്. അതതു സമുദായാംഗങ്ങളെ ജോലിക്ക് എടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ, 40 ശതമാനമെങ്കിലും മറ്റു സമുദായാംഗങ്ങള്‍ക്കും ജോലി നല്‍കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാ. ഡോ. വിന്‍സന്റ്, ഡോ. ടി എം ജോസഫ്, ഡോ. സിസ്റ്റര്‍ അമല, ഡോ. എ ബിജു എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷം വിരമിക്കുന്ന വിവിധ കോളജുകളിലെ 19 പ്രിന്‍സിപ്പല്‍മാരെ ചടങ്ങില്‍ ആദരിച്ചു.

Similar News