Update: 2017-05-17 03:06 GMT
ഐഎന്‍എക്‌സ്  മീഡിയയ്ക്ക്  വിദേശനിക്ഷേപത്തിന്  വഴിവിട്ട  സഹായം   ; സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം, മുന്‍ മാധ്യമ വ്യവസായി പീറ്റര്‍ മുഖര്‍ജി എന്നിവരുടെ വസതികളിലും ഓഫിസുകളിലും സിബിഐ റെയ്ഡ്. ഷീന ബോറ വധക്കേസിലെ പ്രതികളായ പീറ്റര്‍ മുഖര്‍ജിയുടെയും ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെയും ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മീഡിയയ്ക്ക് വഴിവിട്ട് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. കാര്‍ത്തിയുടെ ഗുഡ്ഗാവിലെ ഏജന്‍സി വഴിയാണ് ഐഎന്‍എക്‌സ് മീഡിയ ബോര്‍ഡ് വിദേശനിക്ഷേപത്തിനുള്ള അപേക്ഷ നല്‍കിയത്. 4.6 കോടി രൂപയുടെ നിക്ഷേപമായിരുന്നു കാണിച്ചിരുന്നതെങ്കിലും കമ്പനിക്ക് നൂറുകണക്കിന് കോടി ലഭിച്ചെന്ന് സിബിഐ ആരോപിക്കുന്നുണ്ട്. കാര്‍ത്തിയുടെ ചെന്നൈ നുങ്കമ്പാക്കത്തുള്ള വസതി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫിസ് എന്നിങ്ങനെ 16 സ്ഥലത്താണ് ഇന്നലെ രാവിലെ പരിശോധന നടന്നത്. മുംബൈ വോര്‍ളിയിലെ മുഖര്‍ജിയുടെ അപാര്‍ട്ട്‌മെന്റിലും സിബിഐ സംഘം എത്തി. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കെ 2008ല്‍ ഐഎന്‍എക്‌സ് മീഡിയയ്ക്കു വിദേശനിക്ഷേപം ലഭ്യമാക്കാന്‍ വഴിവിട്ട സഹായം നല്‍കിയെന്നാണ് ചിദംബരത്തിനെതിരായ ആരോപണം. വിദേശനിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കുന്ന സമിതിയുടെ അധ്യക്ഷനായിരുന്നു ചിദംബരം. പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങി 305 കോടിയുടെ നിക്ഷേപത്തിനു മറയിട്ടുവെന്ന കേസിലാണ് ചിദംബരത്തിനും മകനുമെതിരേ അന്വേഷണം. ആരോപണത്തെ തുടര്‍ന്ന് തിങ്കളാഴ്ച കാര്‍ത്തിക്കെതിരേ സിബിഐ കേസെടുത്തിരുന്നു. വിദേശനിക്ഷേപ നിയമം ചിദംബരം ലംഘിച്ചുവെന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്. ക്രിമിനല്‍ ഗൂഢാലോചനയില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി പ്രതിസ്ഥാനത്താണ്. വഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കല്‍, കുറ്റകരമായ പ്രവൃത്തി തുടങ്ങിയ കുറ്റങ്ങളും ആരോപിക്കുന്നുണ്ട്. അതേസമയം, തങ്ങള്‍ക്കെതിരേ ആരോപണങ്ങളില്ലാതിരുന്നിട്ടും മോദി സര്‍ക്കാര്‍ പകവീട്ടുകയാണെന്ന് ചിദംബരം ആരോപിച്ചു. സര്‍ക്കാരിനെതിരേ സംസാരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമമാണിത്.  ചട്ടം പാലിച്ചു മാത്രമേ വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുള്ളൂവെന്നും ചിദംബരം പറഞ്ഞു. പാര്‍ട്ടിയെയും നേതാക്കളെയും ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്താനാണ് റെയ്ഡിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. അതേസമയം, സിബിഐ അന്വേഷണത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഏജന്‍സികള്‍ അന്വേഷണവും പരിശോധനകളും നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Similar News