Update: 2015-11-15 04:47 GMT
അടിമാലി: സംസ്ഥാനത്തെ ജല വൈദ്യുത പദ്ധതികളില്‍ ആദ്യമായി മൈക്രോ സംവിധാനം ഉപയോഗപ്പെടുത്തിയ ലോവര്‍ പെരിയാര്‍ പവര്‍ ഹൗസില്‍ വൈദ്യുതോല്‍പ്പാദനം ആയിരം കോടി യൂനിറ്റ് കടന്നു.
ജില്ലയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ലോവര്‍ പെരിയാര്‍. 21 വര്‍ഷംകൊണ്ട് ആയിരം കോടി ഉല്‍പ്പാദിപ്പിക്കുകയെന്നതായിരുന്നു പദ്ധതിയുടെ പ്രൊജക്ട് തയ്യാറാക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഉല്‍പ്പാദനം തുടങ്ങി 18 വര്‍ഷംകൊണ്ട് തന്നെ പവര്‍ ഹൗസിന് ഈ നോട്ടം കൈവരിക്കാന്‍ കഴിഞ്ഞുവെന്നത് ബോര്‍ഡിന്റെ നാഴിക കല്ലാവുകയാണ്.
ജില്ലയിലെ നീണ്ടപാറയ്ക്കും പാംബ്ലയ്ക്കും ഇടയില്‍ 16 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന വനമേഖലയില്‍ 180 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പവര്‍ ഹൗസിന്റെ നിര്‍മാണം 1994 ഏപ്രില്‍ രണ്ടിനാണ് ആരംഭിച്ചത്. 1996 നവംബര്‍ 29ന് പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങി. പിന്നീട് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് 97 സപ്തംബര്‍ 27നായിരുന്നു. 21 വര്‍ഷംകൊണ്ട് ഇവിടെനിന്ന് 1000 കോടി യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നായിരുന്നു പ്രൊജക്ട് റിപോര്‍ട്ട്. എന്നാല്‍ 2015 ഒക്ടോബര്‍ 20ന് പവര്‍ ഹൗസ് ഈ നേട്ടം കൈവരിച്ചു.
ബോര്‍ഡിന്റെ മറ്റു പവര്‍ ഹൗസുകളില്‍ ഭൂരിഭാഗവും പ്രോജക്ട് റിപ്പോര്‍ട്ടില്‍ പ്രഖ്യാപിച്ചതിന്റെ പകുതി ഉല്‍പ്പാദനം പോലും നടത്താനായില്ല. പ്രതിദിനം രണ്ട് മില്യന്‍ യൂനിറ്റാണ് ഇവിടത്തെ ഉല്‍പ്പാദനം. പെരിയാര്‍ നദിയില്‍ തന്നെയാണ് പവര്‍ ഹൗസ് നിര്‍മിച്ചിരിക്കുന്നത്. പെരിയാറില്‍ ഒഴുകി വരുന്ന ജലവും നേര്യമംഗലം പവര്‍ ഹൗസില്‍ നിന്ന് ഉല്‍പ്പാദനം കഴിഞ്ഞ് പുറത്തു വരുന്ന ജലവും പെരിയാര്‍ നദിയില്‍ തടഞ്ഞു നിര്‍ത്തിയാണ് പവര്‍ ഹൗസ് പ്രവര്‍ത്തിപ്പിക്കുന്നത്. 273 കോടി രൂപയായിരുന്നു പവര്‍ ഹൗസിന്റെ നിര്‍മാണച്ചെലവ്. പ്രശസ്ത നേട്ടം കൈവരിച്ച വിവരം തിരുവനന്തപുരത്തെ ബോര്‍ഡ് അധികാരികള്‍ക്ക് കൈമാറി.
Tags:    

Similar News