Update: 2015-10-29 04:48 GMT
കൊച്ചി: എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ഹോട്ടല്‍ പൊളിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. എറണാകുളം ജോസ് ജങ്ഷനിലെ കാദര്‍പിള്ളയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ എ കെ നഹാസും മറ്റ് ആറുപേരും ചേര്‍ന്നു നടത്തിവരുന്ന സഫയര്‍ ഹോട്ടലിന്റെ മുന്‍വശം ഈമാസം 16ന് പുലര്‍ച്ചെ 1.30ന് രണ്ട് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ജോയ് എന്നു വിളിക്കുന്ന ജെയ്‌മോന്‍ എന്നയാളുടെ നേതൃത്വത്തില്‍ മെട്രോ തൊഴിലാളികള്‍ എന്ന വ്യാജേന പൊളിച്ചുനീക്കിയത്. മെട്രോ നിര്‍മാണ പ്രവര്‍ത്തനത്തിനുവേണ്ടി കെട്ടിടം മുഴുവന്‍ ഏറ്റെടുത്തെങ്കിലും ഹോട്ടല്‍ നടത്തിപ്പുകാര്‍ ഒഴിഞ്ഞു കൊടുക്കാത്തതിലുള്ള വിരോധത്തില്‍ കെട്ടിട ഉടമ കെട്ടിടം പൊളിക്കാന്‍ ജോയിക്ക് ക്വട്ടേഷന്‍ കൊടുക്കുകയും തുടര്‍ന്ന് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ഹോട്ടല്‍ മുന്‍വശവും ഷട്ടറുകളും പൊളിച്ചു നീക്കിയത്.
പൊളിക്കാനുപയോഗിച്ച രണ്ടു എക്‌സ്‌കവേറ്ററുകള്‍ കസ്റ്റഡിയില്‍ എടുക്കുകയും അതിന്റെ ഡ്രൈവര്‍മാരേയും അറസ്റ്റു ചെയ്യുകയും ചെയ്തു. ഡിസിപി ഹരിശങ്കര്‍ ഐപിഎസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പ്രതിയായ ജോയ് എന്നുവിളിക്കുന്ന ജെയ്‌മോനെ കര്‍ണാടകയിലെ കെട്ടിട ഉടമയുടെ ഉടമസ്ഥതയിലുള്ള മുസംബി തോട്ടത്തില്‍നിന്നാണ് കളമശ്ശേരി എസ്‌ഐ ഗോപകുമാറും സംഘവും ഇന്നലെ അറസ്റ്റു ചെയ്തത്.
ഈ കേസില്‍ നടന്നിട്ടുള്ള ഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും മറ്റു പ്രതികളെ ഉടനടി പിടികൂടുമെന്നും അന്വേഷണസംഘം അറിയിച്ചു.
Tags: