കാലവര്‍ഷം കവര്‍ന്നത് 1,400ല്‍ അധികം ജീവനെന്ന് കേന്ദ്രം: കൂടുതല്‍ കേരളത്തില്‍

Update: 2018-09-03 15:35 GMT


ന്യൂഡല്‍ഹി: അതിവര്‍ഷവും പ്രളയവും ഉരുള്‍പൊട്ടലും 10 സംസ്ഥാനങ്ങളിലായി കവര്‍ന്നത് 1400 ല്‍ അധികം ജീവനുകളെന്ന് ദേശീയ ദുരന്ത നിവാരണ കേന്ദ്രം. 488 പേര്‍ മരിച്ച കേരളത്തിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്. കേരളത്തിലെ 14 ജില്ലകളിലായി 54.11 ലക്ഷം പേരുടെ ജീവിതത്തെയാണ് കാലവര്‍ഷം സാരമായി ബാധിച്ചത്. ഈ നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ് കേരളം നേരിടുന്നത്.
ഉത്തര്‍പ്രദേശില്‍ 254 പേരും ബംഗാളില്‍ 210 പേരും കര്‍ണാടകയില്‍ 170 പേരും മഹാരാഷ്ട്രയില്‍ 139 പേരും ഗുജറാത്തില്‍ 52 പേരും അസമില്‍ 50 പേരും ഉത്തരാഖണ്ഡില്‍ 37 പേരും ഒഡീഷയില്‍ 29 പേരും നാഗാലാന്‍ഡില്‍ 11 പേരുമാണ് മരിച്ചത്. പ്രളയം മൂലം വീടു നഷ്ടപ്പെട്ട 14.52 ലക്ഷം പേരാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്. 57,024 ഹെക്ടര്‍ കൃഷിഭൂമിക്കു നാശം സംഭവിച്ചു.
43 പേരെയാണ് രാജ്യത്ത് ആകെ കാണാതായിട്ടുള്ളത്. ഇതില്‍ 15 പേര്‍ കേരളത്തില്‍നിന്നാണ്. 14 പേര്‍ ഉത്തരാഖണ്ഡില്‍ നിന്നും. പത്തു സംസ്ഥാനങ്ങളിലായി മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 386 പേര്‍ക്കു പരുക്കേറ്റു. ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിന്റെ കണക്കുകളാണിവ.

Similar News