Sub Lead

ഭരണകൂടം ചിന്തിയ ചോരയുടെ കണക്ക് ചോദിക്കുന്ന വാസുവേട്ടന്‍...!

എന്‍ എം സിദ്ദീഖ്

ഭരണകൂടം ചിന്തിയ ചോരയുടെ കണക്ക് ചോദിക്കുന്ന വാസുവേട്ടന്‍...!
X

46 ദിവസത്തെ റിമാന്‍ഡിനു ശേഷം 94കാരനായ എ വാസുവിനെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിട്ടയച്ചു. ആയിരം രൂപ പിഴയടയ്ക്കാനോ ജാമ്യമെടുക്കാനോ വിസമ്മതിച്ച വാസുവേട്ടന്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ഓരോ തവണയും കോടതിയിലും പുറത്തും നടത്തിയ പ്രസ്താവനകള്‍ അങ്ങേയറ്റം രാഷ്ട്രീയമായിരുന്നു. കേസിനാസ്പദമായ മാവോവാദികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നു തള്ളിയത് ഏകപക്ഷീയമായ നരനായാട്ടാണെന്നും മെഡിക്കല്‍ കോളജ് മോര്‍ച്ചറി പരിസരത്ത് മുദ്രാവാക്യം മുഴക്കിയത് കുറ്റമാണെന്ന് അംഗീകരിക്കാന്‍ കഴിയില്ലെന്നും പിഴയടക്കാനോ ജാമ്യമെടുക്കാനോ തയ്യാറല്ലെന്നും എ വാസു ആദ്യമേ പ്രസ്താവിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി, വിശിഷ്യാ സിപിഎം കോര്‍പറേറ്റ് പാര്‍ട്ടിയാണെന്നും പിണറായി വിജയന്‍ ഫാഷിസ്റ്റാണെന്നും റിമാന്‍ഡിലായി കോടതിയില്‍നിന്ന് പുറത്തിറങ്ങിയ ആദ്യ അവസരത്തില്‍ത്തന്നെ അദ്ദേഹം പറഞ്ഞു. പിന്നെ ഓരോ അവസരത്തിലും ഭരണകൂടത്തെയും കോടതിയെയും അങ്ങേയറ്റം അസഹ്യപ്പെടുത്തി വാസുവേട്ടന്‍ മുദ്രാവാക്യം മുഴക്കുകയും രാഷ്ട്രീയം പറയുകയും ചെയ്തു. കോടതിക്ക് പോലിസിനെയും വാസുവേട്ടനെയും താക്കീത് ചെയ്യേണ്ടി വന്നു. ഭരണകൂടവും പോലിസിനെ താക്കീത് ചെയ്തു. പോലിസ് 94കാരനായ അദ്ദേഹത്തിനു മേല്‍ ബലപ്രയോഗം നടത്താനും വായ പൊത്താനും തൊപ്പികൊണ്ട് മുഖംമറയ്ക്കാനും തുനിഞ്ഞു.



നീതിക്കു ജാമ്യമെടുക്കാന്‍ സൗകര്യമില്ലെന്ന് വാസുവേട്ടന്‍ ധൃഷ്ടനായി. കുറ്റക്കാരന്‍ താനല്ല, വ്യവസ്ഥയും പോലിസുമാണ് കുറ്റക്കാരെന്ന് വാസുവേട്ടന്‍ അസന്ദിഗ്ധമായി വിധിച്ചു. വാസുവേട്ടന്റെ 'ധിക്കാര'മത്രയും 'മാസ്' ആയിരുന്നു. അതിനെ ചെറുത്തുകൊണ്ട് എ വാസു അദ്ദേഹത്തിനു കഴിയുന്ന ശബ്ദത്തില്‍ മുദ്രാവാക്യം വിളിച്ചു. അവസാനം വിധിദിനത്തില്‍ കോടതിയോട് സമയം വാങ്ങി വാസുവേട്ടന്‍ ദീര്‍ഘമായ രാഷ്ട്രീയപ്രസ്താവം നടത്തി. 2016 നവംബര്‍ 26ന് പോലിസ് വെടിവച്ചു കൊന്ന കുപ്പു ദേവരാജന്‍, അജിത എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാത്തതിനാല്‍ വാസുവേട്ടനും സംഘവും മെഡിക്കല്‍ കോളജ് പരിസരത്ത് ഗതാഗത തടസ്സം സൃഷ്ടിച്ചെന്നാണ് കേസുണ്ടായത്. പ്രഥമദൃഷ്ട്യാ കള്ളക്കേസ്. ഏഴ് വര്‍ഷത്തിന് ശേഷം ജൂലൈ 30ന് കോടതിയുടെ വാറന്റില്‍ മെഡിക്കല്‍ കോളജ് പോലിസ് വാസുവേട്ടനെ അറസ്റ്റ് ചെയ്തു. പോലിസും കോടതിയും സുഹൃത്തുക്കളും പിഴയടയ്ക്കാനോ ജാമ്യമെടുക്കാനോ വാസുവേട്ടനെ പരമാവധി അനുനയിപ്പിച്ചു. വാസുവേട്ടന്‍ വഴങ്ങിയില്ല. ജയിലില്‍ പോവാനായിരുന്നു അദ്ദേഹത്തിന്റെ തീര്‍പ്പ്. കോടതിക്ക് വേറൊരു മാര്‍ഗവുമില്ലായിരുന്നു.

മാവോവാദികളെ അടിച്ചമര്‍ത്താന്‍ കേന്ദ്രം നല്‍കുന്ന കോടികള്‍ വാങ്ങാനാണ് ഏറ്റമുട്ടല്‍ കൊലകളടക്കം സിപിഎം നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. അതിലെ മനുഷ്യാകാശ ലംഘനമാണ് വാസുവേട്ടന്‍ തുറന്നുകാട്ടിയത്. നക്‌സലൈറ്റ് വര്‍ഗീസിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നുകളഞ്ഞ കേസില്‍ 40 വര്‍ഷത്തിനു ശേഷം പോലിസ് ഉദ്യോഗസ്ഥനായ ലക്ഷ്മണയെ ശിക്ഷിച്ച വിധിവന്ന ദിവസം ഞാന്‍ വാസുവേട്ടനെ അഭിമുഖീകരിച്ചിരുന്നു. അദ്ദേഹമെന്നോട് പറഞ്ഞു, ലക്ഷ്മണയെ ബൂര്‍ഷ്വാ കോടതി ശിക്ഷിച്ചത് വലിയ കാര്യമല്ല എന്നാണ്.

വാസുവേട്ടന്‍ പ്രക്ഷേപിച്ച രാഷ്ട്രീയം പ്രധാനമാണ്. ഭരണഘടനയാണ്, പൗരന്റെ അവകാശങ്ങളാണ് മുഖ്യം. ജനാധിപത്യമാണ് പ്രശ്‌നം. മാവോവാദികളെ വേട്ടയാടുന്നതിനെ, ഇടതുപക്ഷമെന്ന മേനി നടിക്കലിനെ, പിണറായിയുടെ കോര്‍പറേറ്റ് അജണ്ടയെ, അന്യായമായ കേസിനെ, പോലിസിനെ, കോടതിയെത്തന്നെയും എ വാസു വിമര്‍ശിച്ചു. അതിനു വേണ്ടി അദ്ദേഹം ജയില്‍ തിരഞ്ഞെടുത്തു. അസാമാന്യമായ സ്ഥൈര്യവും ധൈര്യവുമാണ് ഒരു 94കാരന്‍ പ്രടമാക്കിയത്. ഭരണകൂടം ചിന്തിയ ചോരയുടെ കണക്ക് ചോദിക്കുന്ന വാസുവേട്ടന്‍ അനിതര സാധാരണമായ ചോദ്യങ്ങളുയര്‍ത്തി.

വാസുവേട്ടന്റെ ജീവിതസായന്തനത്തിലെ 46 ദിവസങ്ങള്‍ തിരികെക്കൊടുക്കാന്‍ കോടതിക്കോ ഭരണകൂടത്തിനോ കഴിയുമോ? അതേ കേസില്‍ തെളിവില്ലെന്ന് പറയുന്ന കോടതി, കുറ്റം സമ്മതിച്ച് പിഴയടച്ചവരുടെ പണം തിരികെ നല്‍കുമോ? പിണറായി വിജയന്‍ സര്‍ക്കാരിന് ബാലിശമായ കേസില്‍ പ്രോസിക്യൂഷന്‍ നടപടി പിന്‍വലിക്കാമായിരുന്നു. വാസുവേട്ടന്‍ അതാവശ്യപ്പെട്ടിരുന്നില്ലെങ്കില്‍പ്പോലും. ഈച്ചരവാര്യരുടെ ഒരു ചോദ്യമുണ്ടായിരുന്നല്ലോ, എന്തിനാണ് എന്റെ കുട്ടിയെ മഴയത്ത് നിര്‍ത്തിയിരിക്കുന്നതെന്ന്. വാസുവേട്ടനും അതാണ് ചോദിക്കുന്നത്, നിങ്ങള്‍ കൊന്നുതള്ളിയ മവോവാദികളെ ഇനിയുമെന്തിനാണ് മഴയത്ത് നിര്‍ത്തുന്നത്?.

Next Story

RELATED STORIES

Share it