Sub Lead

സിദ്ധാര്‍ഥന്റെ കൊലപാതകം സിബി ഐ അന്വഷിക്കണം: രാഹുല്‍ഗാന്ധി

സിദ്ധാര്‍ഥന്റെ കൊലപാതകം സിബി ഐ അന്വഷിക്കണം: രാഹുല്‍ഗാന്ധി
X

കല്‍പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാംപസിലെ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് രാഹുല്‍ ഗാന്ധി എംപി ആവശ്യപ്പെട്ടു. ദിവസങ്ങളോളം മര്‍ദ്ദനത്തിനിരയായ സിദ്ധാര്‍ഥന്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരാണ് അക്രമികള്‍. കേരളത്തിലെ കാംപസില്‍ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നത് ഖേദകരമാണ്. തങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ ചില സംഘടനകളെ അക്രമാസക്തരായ ആള്‍ക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ശോഭനമായ ഒരു ഭാവിയുള്ള വിദ്യാര്‍ഥിയായിരുന്നു സിദ്ധാര്‍ഥന്‍. ആ കുട്ടിയുടെ മാതാപിതാക്കളായ ജയപ്രകാശിനും ഷീബക്കും നീതി കിട്ടണം. ഒരു മകന്റെ ജീവിതം ഇതുപോലെ ഇല്ലാതാവുന്നത് കാണുന്നതിന്റെ ആഘാതവും വേദനയും കൊണ്ട് ഒരു രക്ഷിതാവിനും ഇനി ജീവിക്കേണ്ടി വരരുത്. വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ചുമതലയുള്ള ഒരു സ്ഥാപനത്തിന്റെ പരാജയം കൂടിയാണ് ഇവിടെ കാണാനാവുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് പകരം അവരെ സംരക്ഷിക്കാന്‍ സര്‍വകലാശാല അധികൃതരും നിയമപാലകരും ശ്രമിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. കേസ് മൂടിവയ്ക്കാനും, പ്രതികളെ രക്ഷപ്പെടുത്താനുമുള്ള നീക്കത്തെ അപലപിക്കുന്നു. വ്യാപകമായ ജനരോഷത്തിന് ശേഷം മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് എന്നതിനാല്‍ തന്നെ അന്വഷണത്തിലുള്ള വിശ്വാസത്തെ ഇല്ലാതാക്കിയിട്ടുണ്ട്. പോലിസ് റിമാന്റ് റിപോര്‍ട്ടിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തിലും സംശയങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനുള്ള ധാര്‍മികമായ കടമ സര്‍ക്കാരിനുണ്ട്. അതുകൊണ്ട് തന്നെ സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വഷണം ആവശ്യമാണെന്നും രാഹുല്‍ ഗാന്ധി എംപി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it