Cricket

തുടര്‍ ജയം ലക്ഷ്യം; സഞ്ജുവും കൂട്ടരും ഇന്നിറങ്ങുന്നു; എതിരാളികള്‍ റിഷഭ് പന്തിന്റെ ഡല്‍ഹി

തുടര്‍ ജയം ലക്ഷ്യം; സഞ്ജുവും കൂട്ടരും ഇന്നിറങ്ങുന്നു; എതിരാളികള്‍ റിഷഭ് പന്തിന്റെ ഡല്‍ഹി
X
ജയ്പൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ജയ്പൂരില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ നയിക്കുന്ന മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ മത്സരിക്കുന്ന മലയാളിതാരം സഞ്ജു സാംസണും റിഷഭ് പന്തും നേര്‍ക്കുനേര്‍ വരുന്ന മല്‍സരം കൂടിയാണ്. കാറപകടത്തിലേറ്റ ഗുരുതര പരിക്കിനെ അതിജീവിച്ചെത്തിയ പന്ത് തന്നെയാണ് രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിലും ശ്രദ്ധാകേന്ദ്രം.

തകര്‍ത്തടിച്ച ആദ്യ മത്സരത്തില്‍ ലഖ്‌നൗവിനെതിരെ രാജസ്ഥാന്‍ സ്വന്തമാക്കിയത് 20 റണ്‍സ് ജയമാണ്. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഷായ് ഹോപ്പ് എന്നിവരടങ്ങിയ മുന്‍നിര ക്രീസിലുറച്ചാലേ ഡല്‍ഹിക്ക് രക്ഷയുള്ളൂ. രാജസ്ഥാന്‍ റോയല്‍സിനെതിരെ 170 സ്‌ട്രൈക്ക് റേറ്റില്‍ ഒമ്പത് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ ബാറ്റിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ.

അക്‌സര്‍ പട്ടേലിനെ മാറ്റിനിര്‍ത്തിയാല്‍ ഡല്‍ഹിയുടെ ബൗളിംഗ് നിരയും ദുര്‍ബലം. ആന്റിച്ച് നോര്‍ക്യ തിരിച്ചെത്തിയതും ഇഷാന്ത് ശര്‍മയും മുകേഷ് കുമാറും പരിക്കു മാറി കളിക്കുമെന്നതും ഡല്‍ഹിക്ക് ശുഭവാര്‍ത്തയാണ്. മറുവശത്ത് ബട്‌ലര്‍, ജയ്‌സ്വാള്‍ ഓപ്പണിംഗ് ജോഡി നല്ല തുടക്കം നല്‍കിയാല്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാവും. പിന്നാലെയെത്തുന്ന സഞ്ജുവും പരാഗും ഹെറ്റ്‌മെയറും ജുറലുമെല്ലാം തകര്‍ത്തടിക്കാന്‍ ശേഷിയുള്ളവര്‍.

വിശ്വസിച്ച് പന്തേല്‍പിക്കുന്നവുന്ന ബൗളര്‍മാര്‍ ഉള്ളതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ കരുത്ത്. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തുന്ന ട്രെന്റ് ബോള്‍ട്ട്. സ്പിന്‍ കെണിയുമായി അശ്വിനും ചാഹലും. ഇരുടീമും 27 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഡല്‍ഹി പതിമൂന്നിലും രാജസ്ഥാന്‍ പതിനാല് കളിയിലും ജയിച്ചു. പോയന്റ് പട്ടികയില്‍ ഡല്‍ഹി എട്ടാമതും രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തുമാണ്.







Next Story

RELATED STORIES

Share it