|    Nov 20 Tue, 2018 11:53 pm
FLASH NEWS
Home   >  Kerala   >  

ബിഷപ്പിനെതിരായ സമരം: സഹകരിക്കരുതെന്ന് സിഎംസി സിസ്‌റ്റേഴ്‌സിനോട് നിര്‍ദേശിച്ച് സര്‍ക്കുലര്‍

Published : 12th September 2018 | Posted By: sruthi srt

കൊച്ചി: കന്യാസ്ത്രീകള്‍ ജലന്തര്‍ ബിഷപ്പിനെതിരെ നടത്തുന്ന സമരത്തോട് സഹകരിക്കരുതെന്ന് സിഎംസി സിസ്‌റ്റേഴ്‌സിന് നിര്‍ദേശം.സിഎംസി സുപ്പീരിയര്‍ ജനറല്‍ സഭയിലെ കന്യാസ്ത്രീകള്‍ക്കായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പ്രതിഷേധ ധര്‍ണകളുമായി സഹകരിക്കരുതെന്നും പ്രതികരണങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. സമരത്തിനു പിന്തുണയേറിയ സാഹചര്യത്തിലാണ് സര്‍ക്കുലര്‍. അതേസമയം, കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരേ കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കുന്ന സമരം കൂടുതല്‍ ശക്തമായി. കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലേക്ക് സാമൂഹിക, സാംസ്‌കാരിക, മത, സമുദായ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ഒഴുകുന്നു.

കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ നാലു ദിവസമായി ഹൈക്കോടതി ജങ്ഷനില്‍ പ്രതിഷേധ സമരം നടക്കുന്നത്. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് നീതിക്കായി കന്യാസ്ത്രീകള്‍ സമരം തുടങ്ങിയതെങ്കിലും രണ്ടാംദിവസം തന്നെ ഇവരുടെ സമരം പൊതുസമൂഹം ഏറ്റെടുത്തു. തുടര്‍ന്ന് വിവിധ രാഷ്ട്രീയ, മത, സാമുദായിക സംഘടനകളും കന്യാസ്ത്രീകള്‍ക്കു പിന്തുണയുമായി സമരപ്പന്തലിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെ സമരത്തിന്റെ രൂപവും ഭാവവും മാറുകയായിരുന്നു.കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ചെറിയ പന്തലിലായിരുന്നു സമരമെങ്കില്‍ ഇന്നലെ കൂടുതല്‍ സംഘടനകളും ആളുകളും പിന്തുണയുമായി എത്തിയതോടെ പന്തല്‍ വലുതാക്കേണ്ടിവന്നു. കഴിഞ്ഞദിവസങ്ങളില്‍ പി ടി തോമസ് എംഎല്‍എ, സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട് അടക്കമുള്ള പ്രമുഖര്‍ സമരത്തിനു പിന്തുണയുമായി പന്തലിലെത്തിയിരുന്നു. ഇവര്‍ക്കു പിന്നാലെ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഇന്നലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫോണില്‍ സംസാരിച്ചു. കന്യാസ്ത്രീകള്‍ നടത്തുന്നത് ധാര്‍മിക സമരമാണെന്നും ബിഷപ്പിനാല്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി നല്‍കാന്‍ വൈകുന്നതിലൂടെ സംസ്ഥാനത്തെ നിയമവാഴ്ച അട്ടിമറിക്കുന്ന സമീപനമാണ് ഉണ്ടാവുന്നതെന്നും വി എം സുധീരന്‍ പറഞ്ഞു. ബിഷപ്പിനെതിരായ സര്‍ക്കാര്‍ നടപടി വൈകുന്നതില്‍ അസന്തുഷ്ടി അറിയിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് സമരവേദിയിലെത്തി. കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോയ്‌ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് ആവശ്യപ്പെട്ടു. ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി, ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍, അഡ്വ. എ ജയശങ്കര്‍, പ്രഫ. അരവിന്ദാക്ഷ മേനോന്‍, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, എന്‍ഡബ്ല്യൂഎഫ് സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഹബീബ, സെക്രട്ടറിമാരായ കെ ഷരീഫ, എ എസ് റഹീമ എന്നിവരും മാഗ്ലിന്‍, അഡ്വ. ഫിലിപ് എം പ്രസാദ്, വിന്‍സെന്റ് മാളിയേക്കല്‍, മിനി കെ ഫിലിപ്പ് അടക്കം നിരവധി സാമൂഹിക, സാംസ്‌കാരിക, സാമുദായിക, മനുഷ്യാവകാശ സംഘടനാ നേതാക്കളും ഇന്നലെ സമരപ്പന്തലിലെത്തി കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്റ്റീഫന്‍ മാത്യു നടത്തുന്ന നിരാഹാര സമരവും സമരപ്പന്തലില്‍ തുടരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss