Flash News

അണക്കെട്ടുകള്‍ തുറക്കുന്നതിലെ വീഴ്ച ദുരന്തത്തെ മഹാ ദുരന്തമാക്കി: എന്‍കെ പ്രേമചന്ദ്രന്‍

അണക്കെട്ടുകള്‍ തുറക്കുന്നതിലെ വീഴ്ച ദുരന്തത്തെ മഹാ ദുരന്തമാക്കി: എന്‍കെ പ്രേമചന്ദ്രന്‍
X

തിരുവനന്തപുരം: അണക്കെട്ടുകള്‍ തുറക്കുന്നതില്‍ അതിഗുരുതര വീഴ്ച സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായിയെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. പി.ജെ ജോസഫ് എം.എല്‍.എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ക്കൊപ്പം കണ്‍ടോണ്‍മെന്റ് ഹൗസില്‍ മുന്‍ ജലവിഭവ വകുപ്പ് മന്ത്രിമാരുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തത്തെ മഹാ ദുരന്തമാക്കി മാറ്റിയത് ഡാം മാനേജ്‌മെന്റിലെ പിഴവാണ്. കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് പദ്ധതിയില്‍ കേരളം ഭാഗമായില്ല. ആഗസ്റ്റ് ഒമ്പതിനു തന്നെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പിന്നെ എന്തിന് ഡാമുകള്‍ തുറക്കാന്‍ ആഗസ്റ്റ് 14 വരെ കാത്തിരുന്നു. അതിതീവ്ര മഴ പ്രവചിച്ചില്ല എന്ന സാങ്കേതിക ന്യായത്തില്‍ പിടിച്ചു തൂങ്ങാന്‍ കഴിയില്ല. ശക്തമായ മഴയുണ്ടാകുമെന്ന പ്രവചനം ഉണ്ടായിട്ടുണ്ട്. നദിയിലെ വെള്ളവും ഡാമുകളില്‍ നിന്ന് തുറന്നു വിടുന്ന വെള്ളവും തമ്മില്‍ എങ്ങനെ താരതമ്യം ചെയ്യുമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ ചോദിച്ചു.

700 ദശലക്ഷം ഘനയടി വെള്ളം തുറന്നു വിട്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി സമ്മതിച്ചിട്ടുണ്ട്. അത് തന്നെയാണ് പ്രളയത്തിന് കാരണം. പമ്പ കക്കി ഡാം തുറക്കലില്‍ ഗുരുതര വീഴ്ചയുണ്ടായി. ആഗസ്റ്റ് 14 ന് വൈകീട്ട് ആറിന് പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പമ്പയോ പത്തനംതിട്ട ജില്ലയോ ഉള്‍പ്പെട്ടില്ല. ആഗസ്ത് 14 ന് രാത്രി ഡാം തുറന്നു വിട്ടു. നാലു ദശലക്ഷം ഘന മീറ്ററില്‍ നിന്ന് 86 ദശലക്ഷം ഘന മീറ്ററായി വെള്ളം തുറന്നു വിടുന്നത് വര്‍ധിപ്പിച്ചപ്പോള്‍ ആരെയും അറിയിച്ചില്ല. കല്ലട പദ്ധതി വെള്ളം നേരത്തെ തുറന്നു വിട്ടതിനാല്‍ കൊല്ലത്ത് പ്രളയം ബാധിച്ചില്ല. ഈ രീതി എന്തുകൊണ്ട് മറ്റു ഡാമുകളില്‍ ചെയ്തില്ലെന്നും എം.പി ചോദിച്ചു. ഡാം തുറക്കുന്നത് സംബന്ധിച്ച് ഓരോ ഡാമിനും പ്രത്യേകം മാനദണ്ഡങ്ങള്‍ തയാറാക്കിയില്ല. 2017 ലെ സി.എ.ജി റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടും ജലവിഭവ വകുപ്പ് അനങ്ങിയില്ലെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഭയക്കുന്നതെന്തിനാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം പ്രളയാഘാതം വര്‍ധിപ്പിച്ചെന്ന നിലപാട് സര്‍ക്കാരിനെ തിരിഞ്ഞു കുത്തും. ഡാമുകളിലെ സ്ലൂയിസ് വാല്‍വ് തുറന്ന് ചെളി പുറന്തള്ളിയതിന് ഉത്തരവാദി ആരാണ്? ജോയിന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡ് വിളിക്കാതെ വീഴ്ച വരുത്തിയതിനും ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. വേണ്ടത്ര മുന്‍കരുതലെടുക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന് പിജെ ജോസഫും പറഞ്ഞു. തോട്ടപ്പള്ളി സ്പില്‍വേ നേരത്തെ തുറന്നില്ല. തണ്ണീര്‍മുക്കം ചിറയിലെ മണ്ണ് നീക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it